ഗോവ എന്നാൽ ആദ്യം മനസ്സിലേക്ക് വരുന്നത് ബീച്ചുകൾ തന്നെയാണ്. എന്നാൽ അവയ്ക്കപ്പുറം പ്രകൃതി സ്നേഹികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന ഒന്നുണ്ട് അവിടെ. ഏതൊരു സാഹസിക സഞ്ചാരിയുടെയും ഇഷ്ടകേന്ദ്രമായ ദൂധ്സാഗർ. ഏറെ നാളുകൾക്ക് ശേഷം ദൂധ്സാഗർ സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്.
ഗോവ ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് (ജിടിഡിസി) ഇക്കാര്യം അറിയിച്ചത്. ദൂധ്സാഗറിലേക്കുള്ള ജീപ്പ് സവാരിയും പുനഃരാരംഭിച്ചതായി ജിടിഡിസി അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മൂലമാണ് മൺസൂൺ സീസണിൽ സഞ്ചാരികൾക്ക് ദുധ്സാഗറിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.
സഞ്ചാരികൾക്ക് ജീപ്പ് സവാരിക്ക് ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഓണ്ലൈൻ സേവനങ്ങൾക്കായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായി ജിടിഡിസി ചെയർമാൻ ഗണേഷ് ഗാവോങ്കർ മാധ്യമങ്ങളെ അറിയിച്ചു. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിൽ പ്രാദേശിക പഞ്ചായത്ത് ജിടിഡിസിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, വിനോദസഞ്ചാരികളോട് മര്യാദയോടും ബഹുമാനത്തോടും ഉത്തരവാദിത്തത്തോടും കൂടി പെരുമാറണമെന്ന് ജീപ്പ് ഓപ്പറേറ്റർമാരോട് അദ്ദേഹം പറഞ്ഞു.
സാധാരണയായി ദൂധ്സാഗറിലെ ജീപ്പ് സഫാരി സീസൺ എല്ലാ വർഷവും ഒക്ടോബർ രണ്ടിനാണ് ആരംഭിക്കുക. പ്രവൃത്തിദിവസങ്ങളിൽ, ഏകദേശം 170 ജീപ്പുകളും വാരാന്ത്യങ്ങളിൽ 225 ജീപ്പുകളും ഇവിടെ സർവീസ് നടത്താറുണ്ട്. വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാനാണ് വനത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒരു ജീപ്പിൽ ഏഴ് യാത്രക്കാരെയായിരിക്കും കൊണ്ടുപോവുക.