ബേണ് (സ്വിറ്റ്സര്ലന്ഡ്): അവധി ആഘോഷിക്കാൻ എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റെടുത്തപ്പോൾ ഇത്രയും വലിയ സർപ്രൈസ് പ്രതീക്ഷിച്ചുകാണില്ല സോയ് ഡോയലും അമ്മ കിമ്മി ചെഡെലും. വിമാനത്തിൽ കയറി അൽപസമയം കഴിഞ്ഞപ്പോഴാണ് സോയും കിമ്മിയും വാഹനത്തിൽ മറ്റ് യാത്രക്കാരില്ലെന്ന് തിരിച്ചറിഞ്ഞത്. എകണോമിക് ക്ലാസിൽ ടിക്കറ്റെടുത്ത ഈ രണ്ട് പേരുമായാണ് വിമാനം പറന്നുയർന്നത്.
കഴിഞ്ഞ ഡിസംബർ 25 നാണ് ഈ സർപ്രൈസ് യാത്ര നടന്നത്. യാത്ര ക്യാൻസലായെന്നാണ് ഇരുവരും ആദ്യം കരുതിയത്. എന്നാൽ ഈ യാത്രയിൽ ഇവർ മാത്രമേയുള്ളുവെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. ഇതോടെ ഇരുവരും അക്ഷരാര്ത്ഥത്തില് ഞെട്ടിപ്പോയി.
തങ്ങൾ മാത്രമാണ് വിമാനത്തിനുള്ളതെന്ന് യാതൊരു വിവരവുമില്ലായിരുന്നുവെന്നാണ് ഈ അമ്മയും മകളും പറയുന്നത്. സേചില്ലസിൽ നിന്ന് സ്വിറ്റ്സർലന്റിലേക്ക് പോകുകയായിരുന്നു ഇവർ. സേചില്ലസിൽ മൺസൂൺ ആയതിനാൽ അധികമാരും യാത്ര ചെയ്യാത്തതാകും ആളുകളില്ലാത്തതിന് കാരണമെന്നും ഇവർ പറഞ്ഞു. അവർ വിമാനം മുഴുവന് നടന്നുകണ്ടെങ്കിലും ആളുകളില്ലാതിരുന്നിട്ടും ഫസ്റ്റ് ക്ലാസിലേക്ക് സീറ്റ് മാറ്റി നൽകിയിരുന്നില്ല.
പിന്നീട് ഇവർ വിമാനത്തില് നിന്ന് പകര്ത്തി പങ്കുവച്ച ടിക് ടോക് വീഡിയോ 10 ലക്ഷത്തിലേറെ പേരാണ് കണ്ടത്. എമിറേറ്റ് ക്യാബിൻ ക്രൂ ധരിക്കുന്ന ഹെഡ്ഗിയർ ധരിക്കാൻ ശ്രമിക്കുന്ന 56 കാരിയായ കിമ്മിയെ മകൾ പങ്കുവച്ച ടിക് ടോക് വീഡിയോയിൽ കാണാം. മകൾ പുറകിലായി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.
സമാനമായ സംഭവം കഴിഞ്ഞ ഏപ്രിലിൽ യുകെയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. നോർതേൺ അയർലന്റിൽ നിന്ന് പോർച്ചുഗലിലേക്ക് പോകുകയായിരുന്ന യാത്രക്കാരനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. പോൾ വിൽക്കിൻസൺ മാത്രമായിരുന്നു അയാൾ യാത്ര ചെയ്ത വിമാനത്തിലെ ഏക യാത്രക്കാരൻ. വിമാനം ക്യാൻസലായതാണോ എന്ന് അന്വേഷിച്ചപ്പോൾ താൻ മാത്രമാണ് യാത്രക്കാരനെന്ന മറുപടിയാണ് അയാൾക്ക് ലഭിച്ചത്. താനൊരു വിഐപി ഗസ്റ്റ് ആയെന്നാണ് സംഭവത്തോട് വിൽക്കിൻസൺ പിന്നീട് പ്രതികരിച്ചത്.
അന്നത്തെ യാത്രയിൽ സ്വന്തം സീറ്റ് എവിടെ വേണമെന്ന് അയാൾക്ക് തിരഞ്ഞെടുക്കാമായിരുന്നു. ഒരു പ്രൈവറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിന് സമാനമായ അനുഭവമായിരുന്നുവെന്നാണ് വിൽക്കിൻസൺ പ്രതികരിച്ചത്.