ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിസയില്ലാതെ നിരവധി രാജ്യങ്ങൾ കാണാൻ അവസരം. ഖത്തർ, മാലദ്വീപ്, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്രചെയ്യാനാണ് അവസരം ലഭിച്ചിരിക്കുന്നത്. വിസ ഫ്രീയായോ ഓണ് അറൈവല് വിസയിലോ ആണ് യാത്രചെയ്യാനാവുക. കഴിഞ്ഞ ദിവസം പുറത്തുവന്ന ഹെൻലി (henley) പാസ്പോർട്ട് സൂചിക 2024ൽ ഇന്ത്യ 80-ാം സ്ഥാനം സ്വന്തമാക്കിയതിനു പിന്നാലെയാണ് ഈ സുവർണ്ണാവസരം ലഭിച്ചിരിക്കുന്നത്.
തായ്ലൻഡ്, മലേഷ്യ, ഖത്തര്, ശ്രീലങ്ക, ഇറാന്, ജോര്ദ്ദാന്, ഇന്ത്യോനേഷ്യ, മാല്ദ്വീപ്, മ്യാന്മാര്, നേപ്പാള്, ഒമാന്, ഭൂട്ടാന്, എത്യോപ്യ, കസാഖിസ്താന്, ജമൈക്ക, ബുറുണ്ടി, ഭൂട്ടാൻ, ബൊളീവിയ, ജിബൂട്ടി, ഫിജി, ഹെയ്ത്തി, ഇന്തോനേഷ്യ, ഇറാൻ, ജോർഡൻ, കെനിയ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളും സന്ദർശന പട്ടികയിൽ ഉണ്ട്.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സിംഗപ്പൂർ, സ്പെയിൻ എന്നീരാജ്യങ്ങളാണ് മുൻനിരയിലുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും. 11-ാം സ്ഥാനത്ത് യുഎഇയും ഇടംനേടിയിട്ടുണ്ട്. അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്കാണ് പ്രവേശിക്കാനാവുക.