തെളിഞ്ഞ കടലും അതിലും മനോഹരമായ തീരപ്രദേശവുമായി ഇന്ത്യയിലെ മനോഹരമായ വാട്ടർ ടൂറിസ്റ്റ് കേന്ദ്രമാണ് ലക്ഷദ്വീപ്. ഇപ്പോൾ ആഗോള വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രം കൂടിയാണിവിടം. യാത്രയ്ക്ക് ലക്ഷദ്വീപ് തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. വിചിത്രമായ സസ്യജന്തുജാലങ്ങൾ മുതൽ കൗതുകമുണർത്തുന്ന സാഹസിക വിനോദങ്ങൾ വരെ ലക്ഷദ്വീപിന്റെ പ്രത്യേകതയാണ്. അതിലെല്ലാം പ്രധാനം വിട്ടുപോകാൻ പാടില്ലാത്ത ഈ ഡെസ്റ്റിനേഷനുകളാണ്.
മിനിക്കോയ് ദ്വീപിൽ ബോട്ട് സവാരി
ലക്ഷദ്വീപ് ദ്വീപുകളിലെ സുന്ദരമായ പ്രദേശമാണ് മിനിക്കോയ് ദ്വീപ്. 10.6 കിലോമീറ്ററിൽ പരന്നുകിടക്കുന്ന മിനിക്കോയ്,ആന്ത്രോത്ത് കഴിഞ്ഞാൽ വലിയ ദ്വീപാണ്. മിനിക്കോയിലേക്കുള്ള ഏക മാർഗം കപ്പൽ യാത്രയാണ്. മിനിക്കോയിലെ കടലിന് ടർക്കോയ്സ് ബ്ലൂ നിറമാണെന്നതാണ് ആ ദ്വീപിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നത്. ഒപ്പം വെളുത്ത മണലും. ലക്ഷദ്വീപിലെത്തിയാൽ മിനിക്കോയ് ദ്വീപിലൂടെയുള്ള ബോട്ട് സവാരി വിട്ടുകളയരുത്.
അഗത്തി ദ്വീപിലെ സ്നോർക്കെല്ലിംഗ്
സാഹസിക വിനോദങ്ങൾക്ക് താത്പര്യമുണ്ടോ? എങ്കിൽ അഗത്തി ദ്വീപാണ് ബെസ്റ്റ് ഡെസ്റ്റിനേഷൻ. ആഴം കുറഞ്ഞ തീരങ്ങളും വർണ്ണാഭമായ പാറകളുമുള്ല അഗ്തതി സ്നോർക്കെല്ലിംഗിന് അനുയോജ്യമായ സ്ഥലമാണ്. കൊച്ചിയിൽ നിന്ന് കപ്പൽ യാത്രയിലൂടെയോ വിമാനത്തിലൂടെയോ ലക്ഷദ്വീപിലെ അഗത്തി ദ്വീപിലെത്താം.
കൽപേനി ദ്വീപിൻ്റെ വാസ്തുവിദ്യാ വിസ്മയങ്ങൾ
അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ വിസ്മയങ്ങളാണ് കൽപേനിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ, കൽപേനി ദ്വീപ് സ്കൂബ ഡൈവേഴ്സിൻ്റെ പ്രിയ കേന്ദ്രമാണ്.
കടമത്ത് ദ്വീപ്
കടൽ ജീവജാലങ്ങൾക്ക് പേരുകേട്ട ദ്വീപാണ് കടമത്ത് ദ്വീപ്. സമുദ്ര സമ്പന്നമായ ഈ ദ്വീപ് ഫിഷിംഗ് ടൂറിസത്തിന് അനുയോജ്യമാണ്. അഗത്തി ദ്വീപിൽ നിന്ന് കടമത്തിലേക്ക് ഹെലികോപ്റ്റർ യാത്ര നടത്താനുമാകും. കൂടാതെ, ലക്ഷദ്വീപിലെ പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാൻ കടമത്ത് മികച്ച ചോയിസാണ്.
പിറ്റി പക്ഷി സങ്കേതം
ഫാമിലി ട്രിപ്പിൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലമാണ് പിറ്റി പക്ഷി സങ്കേതം. ഈ പക്ഷി സങ്കേതത്തിൽ അപൂർവയിനം ദേശാടന പക്ഷികളെ കാണാൻ സാധിക്കും. ശൈത്യകാലത്താണ് ഇവിടെ ദേശാടനപക്ഷികളെ കൂടുതലായും കാണാനാകുക. പ്രിയപ്പെട്ടവരുമൊത്ത് അൽപ്പസമയം ചിലവഴിക്കാൻ അനുയോജ്യമായ സ്ഥലമാണിവിടം.