ബിഹാറിൽ നിന്നും 'പാട്ന' സ്കോട്ട്ലൻഡിലെത്തി!; പേര് നൽകിയത് വിദേശി

ബിഹാറിൽ നിന്നും സ്കോട്ട്ലൻഡിലെത്തിയ പാട്നയ്ക്കുമുണ്ട് രസകരമായ ഒരു കഥപറയാൻ

dot image

ഇന്ത്യയിൽ നിന്നും വിദേശത്തെത്തിയ സ്ഥലനാമങ്ങളെക്കുറിച്ച് നേരത്തെയും നമ്മൾ കേട്ടിട്ടുണ്ട്. കൊച്ചി, ബോംബെ, താനെ, ബാലി, ഹൈദരാബാദ്, ഡൽഹി എന്നിങ്ങനെ വിദേശത്തെത്തിയ സ്ഥല നാമങ്ങൾ പലതാണ്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തെത്തിയ സ്ഥലനാമങ്ങളുടെ പിന്നിൽ രസകരവും കൗതുകകരവുമായി കഥകളുമുണ്ടാകും. അങ്ങനെ കടൽകടന്ന് ഇന്ത്യയിൽ നിന്നും വിദേശത്തെത്തിയ ഒരു സ്ഥലനാമമാണ് പാട്ന. ബിഹാറിൽ നിന്നും സ്കോട്ട്ലൻഡിലെത്തിയ പാട്നയ്ക്കുമുണ്ട് പറയാൻ രസകരമായ ഒരു കഥ.

പാട്ന കടൽ കടന്നത് ബിഹാറിൽ നിന്ന് തന്നെ

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് മുൻപായിരുന്നു പാട്ന ബിഹാറിൽ നിന്നും കടൽ കടന്ന് സ്കോട്ട്ലൻഡിലെത്തിയത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ മേജർ ജനറലായി സേവനമനുഷ്ടിച്ചയാളാണ് ജോൺ ഫുള്ളർട്ടൺ. ജോൺ ഫുള്ളർട്ടൻ്റെ മകൻ വില്യം ഫുള്ളർട്ടൺ സ്കോട്ട്ലൻഡിലെ കിഴക്കൻ അയർഷെയറിൽ പാട്ന എന്ന പേരിൽ ചെറിയൊരു ഗ്രാമം 1802ൽ സ്ഥാപിച്ചു. ഇന്ത്യയോടുള്ള വില്യമിൻ്റെ സ്നേഹമായിരുന്നു ആ പേരിടലിന് പിന്നിൽ. ഇന്ത്യയിലെ പാട്നയിൽ നിന്ന് ഏതാണ്ട് 5000 മൈൽ അകലെയാണ് ഫുള്ളർട്ടൻ്റെ പാട്ന.

സ്കോട്ട്ലൻഡിൽ പാട്ന എന്നൊരു ഗ്രാമമുണ്ടെന്ന് ഇന്ത്യയിൽ പലർക്കും അറിയില്ല. എന്നാൽ സ്കോട്ട്ലൻഡിലെ പാട്നക്കാർക്ക് ഈ പേര് വന്ന വഴിയെക്കുറിച്ച് നല്ല ധാരണയാണ്. അയർഷയറിലെ പാട്നയുടെ ഒർജിനെക്കുറിച്ച് അവിടെയുള്ള ജനങ്ങൾക്കെല്ലാം തന്നെ അവബോധമുണ്ട്. അടുത്തിടെ സ്കോട്ടിഷ് ഗ്രാമമായ പാട്നയെക്കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ വളരെ അധികം ജനപ്രീതി നേടിയിരുന്നു. ഈ ചെറിയ ഗ്രാമവും ഇന്ത്യയിലെ പാട്ന നഗരവും തമ്മിലുള്ള മനോഹരവും ചരിത്രപരവുമായ ബന്ധവും വീഡിയോയിൽ എടുത്തു പറയുന്നുണ്ട്.

സ്കോട്ട്ലൻഡിലെ പാട്നയിലെ പ്രൈമറി സ്കൂളുകളിലെല്ലാം സ്ഥലനാമത്തിൻ്റെ ഒർജിൻ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. സ്കൂൾ ബാഡ്ജിലെല്ലാം ബിഹാറിലെ നെൽ കൃഷിയുടെ പ്രതീകത്മക ചിത്രങ്ങൾ ഉണ്ട്. ബിഹാറിലെ പാട്നയിൽ നിന്നുമാണ് തങ്ങളുടെ ഗ്രാമത്തിന് പേര് വന്നതെന്ന് കുട്ടികളെ പഠിപ്പിക്കാനും ഒപ്പം പാട്നയെ കൂടുതൽ അടുത്ത് അറിയാനും ഇത് കുട്ടികളെ സഹായിക്കും. കുറച്ച് വർഷങ്ങൾക്ക് മുൻപ് ബിഹാർ ദിനം എന്നൊരു ദിവസം തന്നെ സ്കോട്ട്ലൻഡിലെ പാട്നയുടെ ആതിഥേയത്വത്തിൽ നടത്തിയിരുന്നു. ബിഹാറിലെ പാട്നയിൽ നിന്നുള്ള അന്നത്തെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന വൈ കെ സിൻഹ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

നിരവധി സാമ്യങ്ങളും സ്കോട്ട്ലൻഡിലെ പാട്നയ്ക്കും ബിഹാറിലെ പാട്നയ്ക്കും ഇടയിലുണ്ട്. ഡൂൺ നദിയുടെ തീരത്താണ് സ്കോട്ട്ലൻഡിലെ പാട്ന. ഗംഗാനദിയുടെ സാമീപ്യമാണ് ബിഹാറിലെ പാട്നയുടെ സവിശേഷത. ബിഹാറിലെ പാട്നയിൽ ഡൂൺ പബ്ലിക് സ്കൂൾ എന്നൊരു വിദ്യാലയം ഉണ്ടെന്നത് മറ്റൊരു കൗതുകമാണ്. രണ്ട് പാട്നകളോട് ചേർന്നും കൽക്കരി ഖനികളുടെ സാമീപ്യമുണ്ട്. സ്കോട്ട്ലൻഡിലെ പാട്നയോട് ചേർന്ന കൽക്കരി ഖനി 1978ൽ അടച്ച് പൂട്ടിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us