തേക്കടി തടാകത്തിൽ ഇനി സ്വകാര്യ ബോട്ടിങ്ങും നടത്താം. പെരിയാര് കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികള്ക്കായി 'പെരിയാര് ക്രൂയിസ്' എന്ന് പേരിട്ട പദ്ധതിയൊരുക്കിയിരിക്കുകയാണ് വനംവകുപ്പ്.
17 സീറ്റുള്ള ബോട്ടാണ് സ്വകാര്യബോട്ടിങ്ങിനായി ഒരുക്കുന്നത്. ഒരാള്ക്ക് ആയിരം രൂപ എന്ന നിരക്കിലായിരിക്കും സ്വകാര്യ ബോട്ടിങ്ങിനുള്ള ചെലവ്. മുഴുവന് തുക അടച്ച് ആര്ക്ക് വേണമെങ്കിലും സ്വകാര്യ സര്വീസിന് ബോട്ട് എടുക്കാം. ഒന്നരമണിക്കൂറാണ് ഒരു സര്വീസിന്റെ ദൈര്ഘ്യം. ബോട്ടില് പരിചയസമ്പന്നരായ ടൂറിസ്റ്റ് ഗൈഡുകളുണ്ടാകും. യാത്രക്കാർക്ക് ചായ, സ്നാക്സ്, ബൈനോക്കുലര് തുടങ്ങിയവയും വനംവകുപ്പ് ലഭ്യമാക്കും.
ദിവസവും രാവിലെ ആറര മുതല് വൈകീട്ട് അഞ്ചര വരെ ഏഴ് സര്വീസെങ്കിലും നടത്താനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. സെപ്തംബർ പകുതിയോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പെരിയാര് ടൈഗര് റിസര്വിന്റെ വെബ്സൈറ്റില് ഓണ്ലൈൻ ബുക്കിങ് ഉടനാരംഭിക്കും. സ്വകാര്യ ബോട്ട് സര്വീസിന് ആവശ്യക്കാര് കുറവുള്ളപ്പോള് തേക്കടിയിലെ സാധാരണ ബോട്ടിങ്ങിന് ഈ ബോട്ട് ഉപയോഗിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സെപ്തംബർ മുതല് ഏപ്രില് വരെയാണ് തേക്കടിയില് വിനോദ സഞ്ചാരികളുടെ വലിയ തിരക്ക് ഉണ്ടാകാറുള്ളത്. വനംവകുപ്പിന്റെയും കെ ടി ഡി സിയുടെയും ബോട്ട് സര്വീസുകളില് വിദേശീയരടക്കമുള്ള സഞ്ചാരികള്ക്ക് പലപ്പോഴും ബോട്ടിങ് നടത്താന് സ്ഥലപരിമിതി ഉണ്ടാകാറുണ്ട്. ഇക്കാരണത്താൽ പലപ്പോഴും സഞ്ചാരികള് ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ പദ്ധതി നടപ്പാക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
സ്ത്രീകൾ തീരെ സുരക്ഷിതരല്ലാത്ത ആറ് രാജ്യങ്ങളിലൊന്ന് ഇന്ത്യ; റിപ്പോര്ട്ട് ഞെട്ടിക്കുന്നത്