Jan 27, 2025
08:54 PM
തക്കാളികൾ പരസ്പരം എറിഞ്ഞ് തക്കാളിയുടെ ചുവപ്പിൽ കുളിക്കുന്ന ആഘോഷത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. കേൾക്കുമ്പോൾ കുറച്ച് കൗതുകം തോന്നാമെങ്കിലും 1945 മുതൽ സ്പെയിനിലെ ബ്യൂണോലിയിൽ ആഘോഷിച്ച് വരുന്ന ഈ ആഘോഷം കൗതുകം നിറഞ്ഞത് തന്നെയാണ്. ഒരു ആചാരം പോലെ വർഷം തോറും കൊണ്ടാടുന്ന ഈ ആഘോഷത്തിന് പിന്നിലൊരു കഥയുണ്ട്.
ഓഗസ്റ്റ് മാസത്തിൻ്റെ അവസാന ബുധാനാഴ്ച്ചയാണ് യൂറോപ്യൻ രാജ്യമായ സ്പെയിനിൽ 'ടൊമാറ്റീനാ ഫെസ്റ്റിവൽ' നടക്കുന്നത്. ആളുകൾ തക്കാളികൾ പരസ്പരം എറിയുന്ന പരമ്പരാഗത ആചാരം സ്പെയ്നിലെ ആളുകൾ ആഘോഷമായാണ് കൊണ്ടാടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉത്സവമായിട്ടാണ് ലാ ടൊമാറ്റിനോ അറിയപ്പെടുന്നത്. വെള്ള വസ്ത്രം ധരിച്ചെത്തി തക്കാളി കൊണ്ട് പരസ്പരം എറിഞ്ഞും ചവിട്ടിമെതിച്ചും ചതഞ്ഞരഞ്ഞ തക്കാളികളിൽ കിടന്ന് നിരങ്ങിയും തെരുവുകൾ ആകെ ചുവപ്പിക്കുന്ന ഒരു ആഘോഷമാണ് ലാ ടൊമാറ്റിനോ. സ്പെയിനിലെ വലൻസിയ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലയുള്ള ബ്യൂണോലിയിലാണ് എല്ലാവർഷവും ഈ ആഘോഷം നടക്കുന്നത്. ഏകദേശം 22,000-ത്തോളം ആളുകളാണ് ഇതിൽ പങ്കാളികളാകുന്നത്. ഏഴ് ട്രക്കുകളിലായി 150 ടൺ പഴുത്ത തക്കാളികളാണ് രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി അന്നേ ദിവസം അവിടേക്ക് എത്തിക്കുന്നത്. ലോകത്തിൻ്റെ പലയിടത്തുനിന്നും നിരവധി വിദേശികൾ ഈയൊരു ആഘോഷത്തിൽ പങ്കെടുക്കാൻ മാത്രമായി ഇവിടെയെത്താറുണ്ട്. ഒന്നരലക്ഷത്തിലക്ഷധികം തക്കാളികളാണ് ആഘോഷത്തിമിർപ്പിൽ പൊട്ടിച്ചിതറുന്നത്.
ബ്യൂണോലിയിൽ നടക്കുന്ന ഒരു പ്രദേശിക ഉത്സവത്തിനിടെ 1945 ഉണ്ടായ സംഭവവികാസങ്ങളിലേയ്ക്കാണ് ഈ ആഘോഷത്തിൻ്റെ വേര് നീണ്ടെത്തുന്നത്. ഘോഷയാത്രക്കിടെ രണ്ട് വിഭാഗങ്ങളിലായി തിരിഞ്ഞ് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. പരിസരത്തെ കടകളിൽ ഇരുന്ന തക്കാളി എറിഞ്ഞാണ് ഇരു വിഭാഗങ്ങളും പരസ്പരം പ്രതിരോധിച്ചത്. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ആക്രമകാരികളെ പരിച്ചു വിട്ടത്. പിറ്റേ വർഷം മുതൽ തക്കാളി ഏറിനെ അവിടുത്തുകാർ ആഘോഷപൂർവ്വം അനുസ്മരിക്കാൻ തുടങ്ങി. ഇതായിരുന്നു 'ലാ ടൊമാറ്റിനോ'യുടെ തുടക്കം. എന്നാൽ 1950ൽ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഭരണകാലത്ത് ഈ ആഘോഷം നിർത്തിവെച്ചു. എന്നാൽ പിന്നീട് 1959ൽ വീണ്ടും ഇത് പുനരാരംഭിക്കുകയായിരുന്നു. അങ്ങനെയാണ് ലാ ടൊമാറ്റീനോ സ്പെയിനിലെ പ്രധാന ആഘോഷമായി മാറിയത്. തുടർന്ന് വന്ന വർഷങ്ങളിൽ വൻജനകൂട്ടമാണ് ആഘോഷത്തിൽ പങ്കെടുക്കാനായി ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി ഇവിടേക്ക് എത്തിയത്.
നൃത്തവും പാട്ടും പരേഡുമുൾപ്പെടെ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ആഘോഷമാണ് ലാ ടൊമാറ്റിനോ. തക്കാളി എറിയുന്നതിനിടെ ആർക്കും പരിക്ക് പറ്റാതിരിക്കാൻ തക്കാളി ഉടച്ച ശേഷം മാത്രമേ എറിയാവൂ എന്ന നിബന്ധനയും വെച്ചിട്ടുണ്ട്. എന്നാൽ ലക്ഷകണക്കിന് ആളുകൾ ആഘോഷിക്കുന്ന ഈ ഒരു ആചാരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഭക്ഷണ സാധനമായ തക്കാളി അനാവശ്യമായി നശിപ്പിച്ചു കളയുകയാണെന്നാണ് ഇതിൽ ആളുകൾ എടുത്തു കാണിക്കുന്ന ഒരു വിമർശനം. എന്നാൽ ഈ വിമർശനത്തിന് കാര്യമില്ലെന്നും വളരെ നിലവാരം കുറഞ്ഞതും വില കുറഞ്ഞതുമായ തക്കാളിയാണ് ആഘോഷത്തിനുമായി ഉപയോഗിക്കുന്നതെന്നാണ് ബ്യൂണോലിക്കാർ പറയുന്നത്.
ലാ ടൊമാറ്റിനോ പ്രധാന ആഘോഷമായി മാറിയതോടെ ഇതിനായി മാത്രം തക്കാളി കൃഷി നടത്തുകയെന്ന നിലയിലേക്ക് സ്പെയിനിലെ പല കർഷകരും മാറിയിട്ടുണ്ട്. പിന്നീട് ആഘോഷത്തിൽ പങ്കെടുക്കാനായി ടിക്കറ്റ് വേണമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഇത് സര്ക്കാരിന് വലിയൊരു വരുമാന മാര്ഗവുമായിരുന്നു. 2012-ല് അമ്പതിനായിരത്തോളം ആളുകളാണ് ആഘോഷത്തില് പങ്കെടുക്കാനായി സ്പെയിനിലെത്തിയത്. ഇത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 20,000 ടിക്കറ്റുകള് എന്ന നിലയിലേക്ക് ആഘോഷത്തെ പരിമിതപ്പെടുത്തുകയായിരുന്നു. 18 മുതല് 35 വയസ്സുവരെ പ്രായമുള്ളവര്ക്കാണ് പ്രവേശനം. ലാ ടൊമാറ്റിനയില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട് സമാനമായ രീതിയിലുള്ള പല ആഘോഷങ്ങള്ക്കും ലോകത്തിൻ്റെ പല ഭാഗത്തും തുടക്കമായിരുന്നുവെങ്കിലും അത്ര വലിയ പ്രചാരണം ലഭിച്ചില്ല. ഇന്ത്യയിലെ പല നഗരങ്ങളിലും തക്കാളിയേറ് ഉത്സവം നടന്നിരുന്നു. പക്ഷെ ഭക്ഷ്യ വസ്തുക്കള് ഉപയോഗശൂന്യമാക്കുന്നുവെന്ന വിമര്ശനം വന്നതോടെ അതിന് നിരോധനമേര്പ്പെടുത്തുകയായിരുന്നു.