വിമാനങ്ങളിൽ ഇരുന്ന് പുകവലിക്കുന്നതിനെ പറ്റി ഇന്ന് ചിന്തിക്കാനാകുമോ? ആകാശ യാത്രയിൽ പുകവലി വേണ്ടെന്ന തീരുമാനമുണ്ടാകുന്നത് 1990കളുടെ പകുതിയിലാണ്. എന്നാൽ വിമാനത്തിൽ ഇരുന്ന് പുകവലിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് കോൾക്കുമ്പോൾ തന്നെ 'അതെയോയെന്ന്?' പുതിയ തലമുറ നെറ്റിചുളിച്ചേക്കാം.
പതിറ്റാണ്ടുകൾക്ക് മുൻപ് വിമാനയാത്രയിൽ പുകവലിക്കാമായിരുന്നു എന്നതാണ് ഒരു കൗതുകമായി ഇപ്പോൾ ചർച്ചകളിൽ ഇടം പിടിക്കുന്നത്. ഏതാണ്ട് മൂന്ന് ദശകം മുൻപ് വരെ വിമാനയാത്രയിൽ മദ്യത്തോടൊപ്പം പുകവലിയും അനുവദിച്ചിരുന്നു. അന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പുകവലി 'ആവശ്യമുണ്ടോ, ആവശ്യമില്ലയോ' എന്ന് ചോദിച്ചിരുന്നു. അത്തരത്തിൽ ബുക്ക് ചെയ്തിട്ടുളള ടിക്കറ്റിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകൾ കൗതുകപൂർവ്വം പങ്കുവെയ്ക്കുന്നത്. പുകവലി ഇല്ലാത്ത ക്യാബിൻ എന്നാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ലണ്ടനിലെ ഹീത്രൂവിൽ നിന്ന് മൊറോക്കോയിലെ കാസബ്ലാങ്കയിലേക്ക് പോയിരുന്ന വിമാന ടിക്കറ്റിൻ്റെ ചിത്രമാണ് ഇത്. ഏത് കാലഘട്ടത്തിലാണ് ഈ ടിക്കറ്റ് ഉപയോഗിച്ചിരുന്നത് എന്ന് അറിയാനും ഇതോട് സാമ്യം തോന്നുന്ന തരത്തിൽ ഏതെങ്കിലും ടിക്കറ്റ് ആരുടെയെങ്കിലും പക്കൽ ഉണ്ടോ എന്ന് കണ്ടെത്താനാണ് ഈ ടിക്കറ്റിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചതെന്നാണ് 'റീഡിറ്റ്' സൈറ്റ് പറയുന്നത്. 1980ന് മുൻപായിരിക്കും വിമാനങ്ങളിൽ ഇത്തരത്തിൽ പുകവലി അനുവദിച്ചിരുന്നതെന്നും ഈ ടിക്കറ്റ് ആ കാലഘട്ടത്തിലെ ആണെന്നുമാണ് പല അഭിപ്രായങ്ങളും കമൻ്റായി നിറയുന്നുണ്ട്.
വിമാനങ്ങളിൽ പുകവലിക്കാനുള്ള സൗകര്യം അനുവദിച്ചിരുന്നു എന്നത് അത്ഭുതത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമെല്ലാം മദ്യത്തോടൊപ്പം പുകവലിയും അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഇത്തരത്തിൽ പുകവലിക്കുന്നതിനെതിരെ ആരോപണങ്ങൾ ഉയരുകയും സുരക്ഷ കാരണങ്ങൾ മുൻനിർത്തി പുകവലി നിരോധിക്കുകയുമായിരുന്നു.
എയർ ഫ്രാൻസ് 2000ൽ പുകവലി നിരോധിച്ചിരുന്നതിനാൽ ഒരു പക്ഷേ 1996 - 2000 കാലഘട്ടത്തിലെ വിമാനത്തിൻ്റെ ടിക്കറ്റായിരിക്കാം എന്നാണ് പലരുടെയും അഭിപ്രായം. പുകവലി നിരോധിച്ചതിന് ശേഷവും വർഷങ്ങളോളം ഇതേ മാതൃകയിൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. ചിത്രങ്ങൾ വൈറലായതോടെ ഇത് ഏത് കാലഘട്ടമെന്ന് കണ്ട് പിടിക്കാനുള്ള ആകാംക്ഷയിലാണ് നെറ്റിസൺസ്.