യാത്രയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് ന്യൂ ജനറേഷൻ. യാത്രയും, ഭക്ഷണവും, വസ്ത്രവുമെല്ലാം ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന ഇവർ ജീവിതത്തിന്റെ പഴയ പാറ്റേണുകൾ പൊളിച്ചെഴുതുകയാണ്. എന്നാൽ ഈ പൊളിച്ചെഴുത്തുകൾ യാത്രയിൽ കൊണ്ടുവന്ന മാറ്റങ്ങൾ വലുതാണ് എന്നാണ് ഇപ്പോഴത്തെ പുതിയ കണ്ടെത്തൽ. സീസണില് യാത്രക്കാർ ധാരാളമായി എത്തുമായിരുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പോലും ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. ജനത്തിരക്കിലാത്ത ഓഫ് സീസൺ സമയങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയാണ് ആളുകൾ എന്നാണ് പുതിയ കണ്ടെത്തൽ.
Gen Z, മില്ലേനിയൽ വിഭാഗത്തിൽപ്പെട്ടവരിലെ ഈ മാറിയ ട്രെൻഡ് കണ്ടെത്തിയത് ഓൺലൈൻ വിസ ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമായ Atlys ആണ്. യാത്രക്കാരിൽ 73% പേരും യാത്ര ആസ്വാദ്യകരമാക്കാനും, ചെലവ് കുറയ്ക്കാനും തിരക്കില്ലാത്ത സമയങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. Gen Z-കളുടെയും മില്ലേനിയലുകളുടെയും യാത്രാ പെരുമാറ്റങ്ങൾ വെളിപ്പെടുത്തുന്ന ഡാറ്റയിലാണ് ഇക്കാര്യങ്ങള് പറയുന്നത്.
തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയുമ്പോൾ കൂടുതൽ നന്നായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനും ആസ്വദിക്കാനും സാധിക്കും. ഇതിലുപരി ബഡ്ജറ്റ് ഫ്രണ്ട്ലി യാത്രകളും സാധ്യമാവും. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യാത്രകൾ ചെയ്യുന്നതിലും യുവ തലമുറ വളരെ മുന്നിലാണ്. ഇതോടൊപ്പം തന്നെ യാത്ര ട്രെൻഡിൽ വന്ന മറ്റൊരു പ്രധാനപ്പെട്ട മാറ്റമാണ് സോളോ യാത്രികരുടെ എണ്ണത്തിലെ വർദ്ധന. കൂട്ടിനായി കാത്തിരുന്നു യാത്രകൾ മുടക്കി കളയാനും ഇവർ തയാറല്ല. ഒറ്റയ്ക്കുള്ള യാത്രയുടെ ഭംഗിയും സാഹസികതയും ആസ്വദിക്കുന്നതിനാണ് ഇവിടെ മുൻഗണന.
സിനിമകളിൽ ഉൾപ്പെടെ യാത്രകൾ പ്രധാന പശ്ചാത്തലമായി മാറുന്നതും, ആ സിനിമകളെയും കഥാപാത്രങ്ങളെയും ഏറ്റെടുക്കുന്ന ജനങ്ങളും പുതിയ കാലഘട്ടത്തിൽ യാത്ര എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് കാട്ടിത്തരുന്നു. തിരക്കേറിയ ജീവിതവും ജോലിയും എല്ലാം മാറ്റി വെച്ച് പുതിയ സ്ഥലങ്ങളെയും ആളുകളെയും കണ്ട് ജീവിതത്തിലേക്ക് പുതുമ കൊണ്ടുവരാൻ യാത്രകൾക്ക് സാധിക്കും. ജീവിതത്തിലെ മോശം അവസ്ഥകളെ പോലും യാത്രയിലൂടെ അതിജീവിക്കാന് കഴിയുമെന്ന വിശ്വാസത്തിലേക്ക് പുതു തലമുറ എത്തിക്കഴിഞ്ഞു എന്നതാണ് മറ്റൊരു വസ്തുത.