മതിയായ റൂട്ടുകളില്ലാത്തത് പ്രതിസന്ധിയോ? ഉദ്ഘാടനം കാത്ത് കിടക്കുന്നത് 16 വന്ദേ ഭാരത് ട്രെയിനുകൾ

നിലവിൽ ഉദ്ഘാടനം കാത്ത് കിടക്കുന്ന 16 വന്ദേഭാരത് ട്രെയിനുകൾക്ക് ഏതാണ്ട് 800 കോടി രൂപയോളമാണ് മുതൽമുടക്ക്

dot image

മികച്ച സൗകര്യങ്ങളോടെ ഒരുക്കുന്ന 'വന്ദേ ഭാരത്' ട്രെയിനുകൾ നരേന്ദ്ര മോദി സർക്കാരിൻ്റെ അഭിമാന പദ്ധതിയായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഹ്രസ്വദൂര റൂട്ടുകളിൽ ട്രെയിൻ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്ന നിലയിലാണ് വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ സജ്ജീകരണം. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം എന്ന നിലയിലാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിനുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ട വന്ദേഭാരത് ട്രെയിനുകൾക്ക് പുറമെ പതിനാറോളം ട്രെയിനുകളാണ് നിലവിൽ ഉദ്ഘാടനം കാത്ത് രാജ്യത്തെ വിവിധ റെയിൽവെ യാർഡുകളിൽ കിടക്കുന്നത്. ഈ ട്രെയിനുകളിൽ ഓരോന്നിലും എട്ടുവീതം കോച്ചുകളാണുള്ളത്. ചെന്നൈയിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറി എല്ലാ മാസവും രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ വീതം പുറത്തിറക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പതിനാറ് വന്ദേ ഭാരത് ട്രെയിനുകൾ ഉദ്ഘാടനം കാത്ത് കിടക്കുന്നത് ചർച്ചയാകുന്നത്.

ചെയർ കാർ മാതൃകയിലാണ് വന്ദേ ഭാരത് ട്രെയിനുകൾ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ പുറപ്പെട്ട് അതേ സ്റ്റേഷനിൽ അന്ന് തന്നെ മടങ്ങിയെത്താൻ കഴിയുന്ന നിലയുള്ള ചെറിയ റൂട്ടുകളാണ് വന്ദേ ഭാരത് ട്രെയിനുകൾക്കായി പരിഗണിക്കുക. ഒരു വശത്തേയ്ക്ക് പരമാവധി എട്ടുമണിക്കൂറെടുത്ത് സഞ്ചരിക്കാൻ സാധിക്കുന്ന റൂട്ടുകൾ മാത്രമേ വന്ദേ ഭാരത് സർവീസുകൾക്കായി പരിഗണിക്കാൻ സാധിക്കുകയുള്ളു എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ചെയർ കാറായതിനാൽ തന്നെ രാത്രി ഏറെ വൈകിയുള്ള സർവീസിനായി വന്ദേ ഭാരത് ട്രെയിനെ പരിഗണിക്കാൻ പരിമിതിയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. പുറപ്പെട്ട സ്റ്റേഷനിൽ തിരിച്ചെത്തി അടുത്ത സർവീസ് തുടങ്ങുന്നതിന് മുമ്പ് ആറ് മണിക്കൂറെങ്കിലും അറ്റകുറ്റപ്പണികൾക്ക് ആവശ്യമാണ്. അതിനാലാണ് വന്ദേ ഭാരത് ട്രെയിനുകൾക്കായി ദൈർഘ്യം കുറഞ്ഞ റൂട്ടുകൾ മാത്രം തിരഞ്ഞെടുക്കുന്നതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ വയർ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ദൈർഘ്യം കുറഞ്ഞ റൂട്ടുകളുടെ അഭാവമാണ് പുതിയതായി സേവന സജ്ജമായ വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം വൈകാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പെരുമാറ്റ ചട്ടങ്ങളും ഉദ്ഘാടനം വൈകിപ്പിച്ചതായി വിശദീകരിക്കപ്പെട്ടിരുന്നു.

രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ അവസാന കാലത്ത്, തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോൾ സർവീസ് നടത്തുന്ന ഭൂരിപക്ഷം വന്ദേ ഭാരത് സർവീസുകൾക്കും തുടക്കം കുറിച്ചത്. നിലവിൽ 54 വന്ദേഭാരത് ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുന്നു. പുതിയ 16 ട്രെയിനുകൾ സേവന സജ്ജമായിട്ടും ഇതുവരെ സർവീസ് ആരംഭിക്കാത്തത് വലിയ നഷ്ടമുണ്ടാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഏകദേശം 52 കോടി രൂപയാണ് ഇത്തരത്തിൽ എട്ട് കോച്ചുകൾ ഉള്ള ഒരു വന്ദേഭാരത് ട്രെയിനിൻ്റെ നിർമ്മാണത്തിനായി ചെന്നൈയിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിക്ക് ചെലവാകുന്നത്. നിലവിൽ ഉദ്ഘാടനം കാത്ത് കിടക്കുന്ന 16 വന്ദേഭാരത് ട്രെയിനുകൾക്ക് ഏതാണ്ട് 800 കോടി രൂപയോളമാണ് മുതൽമുടക്ക്.

വന്ദേഭാരത് ട്രെയിനുകളുടെ വേഗതയെ സംബന്ധിച്ചും വിദഗ്ധർ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ഓടുന്ന തരത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ രൂപകൽപ്പന. നിലവിൽ നമ്മുടെ സംവിധാനത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയ്ക്കായി ഒരുക്കിയിരിക്കുന്ന ഡിസ്റ്റൻ്റ് സിഗ്നലിങ്ങ് സംവിധാനമാണ് ഉള്ളത്. ഇത് 130 കിലോമീറ്റർ വേഗതയിൽ ഒരു ട്രെയിൻ ഓടിക്കാൻ ആവശ്യമായ ഡബിൾ ഡിസ്റ്റൻ്റ് സിഗ്നലിങ്ങ് സംവിധാനത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ഡിസ്റ്റൻ്റ് സിഗ്നലിങ്ങ് മാത്രമുള്ള ഒരു ട്രാക്കിൽ എങ്ങനെയാണ് 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുക എന്ന ചോദ്യമാണ് ഉയരുന്നത്.

ഹോം സിഗ്നലിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ഡബിൾ ഡിസ്റ്റൻ്റ് സിഗ്നൽ സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഡ്രൈവർക്ക് മുന്നോട്ട് പോകണോ ബ്രേക്ക് ചെയ്യണമോ എന്ന് തീരുമാനിക്കാൻ ആവശ്യമായ സമയം ഈ സംവിധാനത്തിലുണ്ട്. ഒരു ട്രെയിൻ ഒരു സ്റ്റേഷനിലൂടെ കടന്നുപോകണമെങ്കിൽ ഡബിൾ ഡിസ്റ്റൻ്റ് സിഗ്നൽ പച്ചയായിരിക്കും. എന്നാൽ ഡിസ്റ്റൻ്റ് സിഗ്നലിങ്ങ് സംവിധാനത്തിൽ സ്റ്റേഷന് തൊട്ടുമുമ്പായുള്ള ഹോം സിഗ്നലിൽ തീവണ്ടി നിർത്താനുള്ള മുന്നറിയിപ്പ് നൽകാൻ ഡിസ്റ്റൻ്റ് സിഗ്നൽ മഞ്ഞയായി മാറുന്നു. അതിനാൽ തന്നെ 110 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൻ്റെ ഡ്രൈവർക്ക് മതിയായ പ്രതികരണ സമയം ലഭിക്കാൻ ഡിസ്റ്റൻ്റ് സിഗ്നൽ പര്യാപ്തമാകുന്നില്ല. നിലവിൽ ട്രാക്കുകളുടെ മോശമായ അവസ്ഥയും വന്ദേഭാരത് ട്രെയിനുകൾക്ക് അവയുടെ പരമാവധി വേഗതയെടുക്കാൻ തടസ്സമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവിൽ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 70-80 കിലോമീറ്ററാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us