തെറ്റ് ചെയ്താൽ മനുഷ്യനെ ശിക്ഷിക്കുന്ന ദൈവങ്ങളെ പറ്റിയുള്ള ഐതീഹ്യങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് . പക്ഷേ എപ്പോഴെങ്കിലും തിരിച്ച് ദൈവങ്ങളെ ശിക്ഷിക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിൽ ദാ കേട്ടോളൂ, അങ്ങനെ തങ്ങളുടെ പ്രാർത്ഥനയും വഴിപാടുകളുമൊന്നും ദൈവങ്ങൾ കെട്ടിലെങ്കിൽ ശിക്ഷിക്കുന്ന ഒരു നാടും കോടതിയുമൊക്കെയുണ്ട്. ഛത്തീസ്ഗഡിലെ ഗോത്രവർഗ ആധിപത്യമുള്ള ബസ്തർ പ്രദേശത്തിലാണ് ഇത്തരത്തിലൊരു കോടതിയുള്ളത്. വർഷത്തിൽ ഒരിക്കൽ ഇവിടുത്തെ ജനങ്ങൾ ചേർന്ന് ഒരു യോഗം ചേരും. ഭദോ യാത്രാ ഉത്സവത്തിന്റെ ഭാഗമായാണ് ഈ യോഗം ചേരുന്നത്. ഈ യോഗത്തിൽ വക്കീലും സാക്ഷിയുമെല്ലാം ഉണ്ടാകും, തങ്ങളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവങ്ങളെ വിചാരണ ചെയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്യും.
ഭംഗാരം ക്ഷേത്രത്തിലാണ് ഈ വിചാരണ നടക്കുന്നത്. തങ്ങളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവങ്ങളെയാണ് ഇവിടെ വിചാരണ ചെയ്യുന്നത്. ഗ്രാമത്തലവനാവും വക്കീൽ സ്ഥാനം വഹിക്കുക. മൃഗങ്ങളെയും പക്ഷികളെയും സാക്ഷികളായി പരിഗണിക്കും. ഗ്രാമത്തിലുണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ ദൈവങ്ങൾ കേൾക്കാത്ത പ്രാർത്ഥനകളായി പരിഗണിക്കും. പകർച്ച വ്യാധികൾ, പ്രകൃതി ദുരന്തകൾ ഉൾപ്പടെ ഇതിൽപെടും.
ജനങ്ങളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവങ്ങളുടെ വിഗ്രഹങ്ങൾ ക്ഷേത്രത്തിന് പുറത്താക്കും. മരച്ചുവടുകളിലോ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ പിൻഭാഗത്തോ ആയി അവ കൂട്ടിയിടും. ആഭരണങ്ങൾ ഒന്നും അഴിക്കാതെയാവും ഇവ ഉപേക്ഷിക്കുക, എന്നിരുന്നാലും ഈ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകാന് ആരും മുതിരില്ല. ശിക്ഷയിൽ ഇരിക്കുന്ന ദൈവങ്ങൾക്ക് തിരികെ വരാനും അവസരമുണ്ട്. അതിനായി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റിയാൽ മതിയാവും. അങ്ങനെ വന്നാൽ വീണ്ടും വിഗ്രഹങ്ങൾ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുവരും.
240 ഓളം ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളാണ് വിചാരണയിൽ ദൈവങ്ങളെ കാണാൻ ഒത്തുകൂടുന്നത്. അവർക്കായി ഒരു വിരുന്നും ഇവിടെ ഒരുക്കാറുണ്ട്. ദൈവങ്ങൾ പോലും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണെന്ന ആശയമാണ് ഈ ആചാരത്തിന് പിന്നിൽ. ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പരസ്പര പൂരകമാണെന്നും ദൈവത്തെ ആരാധിക്കുകയും പരിപാലിക്കുകയും ചെയുന്ന മനുഷ്യർക്ക് തിരികെ സംരക്ഷണം ദൈവങ്ങൾ ഉറപ്പാക്കണമെന്നുള്ളതുമാണ് ഇവിടുത്തെ നിയമം. സമൂഹത്തിൽ മനുഷ്യർ അവരുടെ കടമകൾ നിറവേറ്റാൻ ഉത്തരവാദികളാണെന്നും, തിരിച്ച് ദൈവങ്ങളും ഉത്തരവാദിത്തം വഹിക്കണം എന്നുമുള്ളതാണ് ഇതിന്റെ അടിസ്ഥാനം. ഭംഗരം ക്ഷേത്രത്തിൽ അരങ്ങേറുന്ന ഈ ആചാരം ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജൻ അദാലത്ത് എന്ന പേരുള്ള ഈ കോടതിയുടെ അർഥം ജനങ്ങളുടെ കോടതി എന്നാണ്.