ഇടുക്കി ജില്ലയിലാണ് മാങ്കുളം. ഇവിടെയെത്തിയാല്‍ മനസ് കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച കാണാം. ഈറ്റചോലയാറ്റില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാന കൂട്ടത്തിന്റേതാണ് ആ കാഴ്ച. പുഴയുടെ അരികില്‍ നിന്ന് ആനകള്‍ കുളിക്കുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ അടുത്ത് നിന്ന് കാണാം. തിരുവനന്തപുരം വര്‍ക്കല സ്വദേശി അഞ്ജയ് അനില്‍ പകര്‍ത്തിയ ചിത്രം തന്നെ ആനക്കുളത്തിന്റെ സൗന്ദര്യം നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.
ധാരാളം വെള്ളച്ചാട്ടങ്ങളും മാങ്കുളത്തുണ്ട്. മുപ്പത്തി മൂന്ന് വെള്ളച്ചാട്ടം, പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം, കൈനഗിരി വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളിലൊക്കെയും ഇറങ്ങാനും ചിത്രങ്ങള്‍ പകര്‍ത്താനും കുളിക്കാനുമൊക്കെ കഴിയും.
ജീപ്പ് സഫാരിയും മാങ്കുളത്തുണ്ട്. പുഴയ്ക്ക് കുറുകെയും വനത്തിലുള്ളിലൂടെയുമുള്ള ജീപ്പ് യാത്ര സഞ്ചാരികള്‍ക്ക് ഏറെയിഷ്ടപ്പെടും. കൈനഗിരി മേഖലയിലെ തേയിലത്തോട്ടവും വിരിപാറയിലെ ടൈഗര്‍ കേവും കോയിക്കസിറ്റിയിലെ തൂക്കുപാലവും സഞ്ചാരികളെ ആകര്‍ഷിക്കും. കൈനഗിരി വെള്ളച്ചാട്ടത്തിലും വിരിപാറ ടൈഗര്‍ കേവിലും പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന്റെ ഭാഗമായ പവലിയനിലും 20 രൂപ പ്രവേശന ഫീസ് നല്‍കണം.