വരൂ ഗുല്‍മാര്‍ഗിലേക്ക് പോകാം, ഭൂമിയിലെ സ്വര്‍ഗ്ഗം കാണാം

കാശ്മീര്‍ താഴ്‌വരകളിലെ പൂക്കളുടെ പുല്‍മേടായ ഗുല്‍മാര്‍ഗിലേക്ക് ഒരു യാത്രപോകാം

ഷെറിങ് പവിത്രൻ
1 min read|24 Sep 2024, 03:37 pm
dot image

'കാശ്മീര്‍' സൗന്ദര്യത്തിന്റെ സ്വപ്നഭൂമി… ആരെയും മോഹിപ്പിക്കുന്ന പ്രകൃതിരമണീയത. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നീല മലനിരകള്‍. അവയുടെ ഇടയിലൂടെ ഒഴുകി നടക്കുന്ന വെളുത്ത മേഘങ്ങള്‍. ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരാണെന്ന് നിസംശയം പറയാം. തീര്‍ഥാടനമോ,ട്രെക്കിങ്ങോ, സാഹസികതയോ എന്തുമാവട്ടെ അതൊക്കെ ആസ്വദിക്കാന്‍ അനുയോജ്യമായ ഇടംകൂടിയാണ് കാശ്മീര്‍.

ഗുല്‍മാര്‍ഗ് എന്ന സ്വപ്‌നഭൂമി

കാശ്മീര്‍ യാത്രയില്‍ ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത, ഉറപ്പായും സന്ദര്‍ശിക്കേണ്ട ഇടമാണ് പൂക്കളുടെ പുല്‍മേട് എന്നറിയപ്പെടുന്ന ഗുല്‍മാര്‍ഗ്. കാശ്മീര്‍ താഴ്‌വരകളില്‍ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം സാഹസിക യാത്രികര്‍ക്കും യുവമിഥുനങ്ങള്‍ക്കും കുടുംബത്തോടൊപ്പമെത്തുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഇടമാണ്. മനോഹരമായ തടാകങ്ങള്‍, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി, പല വര്‍ണ്ണങ്ങളില്‍ പൂക്കള്‍ വിരിഞ്ഞുകിടക്കുന്ന താഴ്‌വാരങ്ങള്‍ എന്നിവയൊക്കെക്കൊണ്ട് സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്ന പ്രതീതിയാണ് ഇവിടെയെത്തുമ്പോള്‍ ലഭിക്കുന്നത്….

വിനോദസഞ്ചാരികള്‍ക്ക് അത്ഭുതങ്ങളുടെയും സാഹസികതയുടെയും വിസ്മയ കാഴ്ചകള്‍ ഗുല്‍മാര്‍ഗ് വാഗ്ദാനം ചെയ്യുന്നു. ഗുല്‍മാര്‍ഗിലെ ഏറ്റവും പ്രശസ്തമായ സാഹസിക വിനോദം സ്‌കീയിംഗ് ആണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കീയിങ് ഡെസ്റ്റിനേഷന്‍ എന്നുവിളിക്കപ്പെടുന്ന സ്ഥലംകൂടിയാണ് ഗുല്‍മാര്‍ഗ്. 1939നും 1942നും മുന്‍പ് ഹിമാലയന്‍ പര്‍വ്വത നിരകളിലെ ചില ബ്രട്ടീഷ് അനുയായികള്‍ അന്നത്തെ ഇന്ത്യാഗവണ്‍മെന്റിന്റെ സ്‌കീ ക്ലബ്ബുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായി ഗുല്‍മാര്‍ഗില്‍ ശീതകാലത്ത് സ്‌കീയിങ് സെന്‍ററായി അവതരിപ്പിച്ചു. അതിനു മുന്‍പ് വരെ ഗുല്‍മാര്‍ഗ് ഒരു വേനല്‍കാല വിനോദ സഞ്ചാര കേന്ദ്രമായിരുന്നു.


ഇതുകൂടാതെ വിനോദസഞ്ചാരികള്‍ക്ക് ഗോണ്ടോള കേബിള്‍ കാര്‍ സവാരിയും ട്രെക്കിംഗും ട്രൗട്ട് മത്സ്യബന്ധനവും ആസ്വദിക്കാന്‍ കഴിയും.സമുദ്ര നിരപ്പില്‍നിന്ന്2,690 മീ(8,82 അടി) ഉയരത്തിലാണ് ഈ സ്വര്‍ഗ്ഗഭൂമി.

ഗുല്‍മാര്‍ഗ് എന്നത് രണ്ട് പേര്‍ഷ്യന്‍ വാക്കുകളായ ഗുല്‍, മാര്‍ഗ് എന്നിവയുടെ സംയുക്ത പദമാണ്. ഗുല്‍ എന്നാല്‍ പൂക്കള്‍, മാര്‍ഗ് എന്നാല്‍ പുല്‍ത്തകിടി. അതിനാല്‍ ഗുല്‍മാര്‍ഗ് പൂക്കളുടെ പുല്‍മേടാണ്. ചരിത്രത്തിലാദ്യമായി ഗുല്‍മാര്‍ഗിന്റെ മനോഹാരിത കണ്ടെത്തിയതിന്റെ ക്രെഡിറ്റ് 1579 മുതല്‍ 1586 വരെ ഭരിച്ച അവസാനത്തെ ചാക് ഭരണാധികാരി യൂസഫ് ഷാ ചാക്‌നാണ്. അദ്ദേഹമാണ് ഈ സ്ഥലത്തിന് ഗുല്‍മാര്‍ഗ് എന്ന പേര് നല്‍കിയത്.


ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ഫ് കോഴ്സ്, ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ കാര്‍ സവാരി, സെവന്‍സ്പ്രിംഗ്‌സ്, ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ് എന്നിവയാണ് ഗുല്‍മാര്‍ഗിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതിസ്നേഹികള്‍ക്കും സാഹസികത താല്‍പര്യമുളളവര്‍ക്കും ഗുല്‍മാര്‍ഗ് ഏറെ ഇഷ്ടപ്പെടും. 'ഹാര്‍ട്ട്ലാന്‍ഡ് ഓഫ് വിന്റര്‍ സ്പോര്‍ട്സ്' എന്ന് വിളിക്കപ്പെടുന്ന ഗുല്‍മോര്‍ഗ് സ്‌കീയിംഗ്, സ്നോബോര്‍ഡിംഗ്, കുതിരസവാരി, ഹെലി-സ്‌കീയിംഗ്, സ്നോ സ്‌കൂട്ടര്‍, ടോബോഗനിംഗ് തുടങ്ങിയ നിരവധി പ്രത്യേകതകള്‍കൊണ്ട് വേറിട്ട് നില്‍ക്കുന്നു.



എത്തിച്ചേരാനുള്ള വഴി

കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍നിന്ന് ബസിലോ കാറിലോ ഗുല്‍മാര്‍ഗിലേക്ക് എത്തിച്ചേരാവുന്നതാണ്. ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഗുല്‍മാര്‍ഗ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുളള സമയങ്ങളിലാണ് ഗുല്‍മാര്‍ഗ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

dot image
To advertise here,contact us
dot image