വ്യത്യസ്തമായ എന്തെങ്കിലും യാത്രാനുഭവങ്ങള്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഉറപ്പായുംലോകത്തിലെ ഈ ചെറിയ അത്ഭുതത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഒരു ടെലഫോണ്‍ ബൂത്താത്തിൽ സജ്ജീകരിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ മ്യൂസിയം സഞ്ചാരപ്രേമികളെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ചയാണ്. യുകെയിലെ ക്ലിഫ്ടൗണ്‍ ടെലഫോണ്‍ മ്യൂസിയം ലോകത്തിലെതന്നെ ഏറ്റവും ചെറിയ മ്യൂസിയങ്ങളില്‍ ഒന്നാണ്. യുകെയിലെ എസെക്‌സിലെ സൗത്ത്എന്‍ഡ്-ഓണ്‍-സി എന്ന മനോഹരമായ പട്ടണം അധികം അറിയപ്പെടാത്ത അസാധാരണമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അവിടെ ഒരു പ്രതീകാത്മകമായ ബ്രിട്ടീഷ് ടെലഫോണ്‍ ബൂത്തിനകത്താണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ചുവന്ന നിറത്തിലുളള ഈ ക്ലിഫ്ടൗണ്‍ ടെലഫോണ്‍ മ്യൂസിയം പഴയകാലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ളതാണ്. ഇത്തരത്തിലുള്ള ചുവന്ന ടെലഫോണ്‍ ബൂത്തുകള്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ച് മനോഹരമായ ഗൃഹാതുരതകളുടെ പ്രതീകങ്ങളിലൊന്നുകൂടിയാണ്. വലിപ്പക്കുറവ് കൊണ്ടാണ് ഈ മ്യൂസിയം വ്യത്യസ്തമാകുന്നതെന്ന് പറഞ്ഞുവല്ലോ. കേവലം മൂന്ന് അടി മാത്രമുള്ള ചതുരാകൃതിയിലാണ് ഈ മ്യൂസിയം. വിശാലമായ മ്യൂസിയങ്ങളും മഹത്തായ ഗ്യാലറികളും നിറഞ്ഞ ഒരു വലിയ ലോകത്ത് ക്ലിഫ്ടൗണ്‍ ടെലഫോണ്‍ മ്യൂസിയം വേറിട്ട കാഴ്ചയാണ്.
മൊബൈല്‍ ഫോണുകളുടെ വരവോടുകൂടി യുകെയില്‍ ഉടനീളമുള്ള ടെലഫോണ്‍ ബൂത്തുകള്‍ പ്രവര്‍ത്തന രഹിതമാവുകയും പകുതിയിലധികം ടെലഫോണ്‍ ബൂത്തുകള്‍ പലയിടങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തതായി ബ്രട്ടീഷ് ടെലികോം പറയുന്നുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് അവരുടെ പ്രദേശത്തെ ടെലഫോണ്‍ ബോക്‌സുകള്‍ സംരക്ഷിക്കാന്‍ അുവദിക്കുന്ന 'അഡോപ്റ്റ് എ കിയോസ്‌ക് ' എന്ന പദ്ധതി ബ്രിട്ടീഷ് ടെലകോം സ്ഥാപിക്കുകയും കാലക്രമേണ ഈ പെട്ടികളില്‍ ചിലത് മ്യൂസിയങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുകയായിരുന്നു.
ലണ്ടനിലെ തെരുവോരങ്ങളില്‍ ഉള്ള ഈ ടെലഫോണ്‍ ബോക്‌സുകള്‍ കെ2 ടെലഫോണ്‍ ബോക്‌സുകള്‍ എന്നാണ് അറിയപ്പെടുന്നത്. ക്ലിഫ് ടൗണ്‍ ടെലഫോണ്‍ മ്യൂസിയം ക്ലിഫ്ടൗണ്‍ പ്രദേശത്തിന്റെ ചരിത്രത്തിലേക്കുളള ആകര്‍ഷകമായ അറിവുകളും കൂടിയാണ് പകര്‍ന്നുനല്‍കുന്നത്. ക്ലിഫ്ടൗണ്‍ എസ്റ്റേറ്റ്, വാര്‍ മെമ്മോറിയല്‍, ഫ്‌ലോറല്‍ ക്ലോക്ക്, ബാന്‍ഡ്സ്റ്റാന്‍ഡ്, ക്വീന്‍ വിക്ടോറിയ പ്രതിമ, ക്ലിഫ് ലിഫ്റ്റ്, റോയല്‍ ടെറസ്, സൗത്ത്‌ഹെന്‍ഡ് പിയര്‍ തുടങ്ങിയ പ്രാദേശിക ആകര്‍ഷണങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ ഈ അസാധാരണ മ്യൂസിയം നിങ്ങളെ അതിന് സഹായിക്കും. കാപ്പല്‍ ടെറസിന്റെയും അലക്സാന്ദ്ര റോഡ് സൗത്ത് എന്‍ഡിന്റെയും അരികിലായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.