സമാധാനത്തിൻ്റെ സന്ദേശം പങ്കുവെച്ച് ഇന്ന് ലോക ടൂറിസം ദിനം

വയനാട് ടൂറിസത്തെ തിരിച്ചുപിടിക്കാനായി സര്‍ക്കാര്‍ 'എന്റെ കേരളം എന്നും സുന്ദരം' എന്ന പേരില്‍ പ്രചരണ പരിപാടി സംഘടിപ്പിച്ചിരുന്നു

dot image

വിനോദ സഞ്ചാരത്തിൻ്റെ സാധ്യതകളും സൗകര്യങ്ങളും അനുദിനം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ലോക വിനോദ സഞ്ചാര ദിനം ഇന്ന് ആഘോഷിക്കപ്പെടുന്നത്. വിനോദസഞ്ചാര വ്യവസായം സസമ്പദ്‌വ്യവസ്ഥയിലും സമൂഹങ്ങളിലും വ്യക്തിജീവിതത്തിലും ചെലുത്തുന്ന സ്വാധീനത്തിന്റെ ആഗോള ആഘോഷമെന്നാണ് ലോക വിനോദസഞ്ചാര ദിനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) ലോക ടൂറിസം ദിനത്തിന്റെ പ്രമേയമായി 'ടൂറിസവും സമാധാനവും' എന്ന ആശയമാണ് ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ സമാധാനവും ധാരണയും വളര്‍ത്തുന്നതിലും അനുരഞ്ജനത്തിനുള്ള സാധ്യതകളെ പിന്തുണയ്ക്കുന്നതിലും വിനോദസഞ്ചാര മേഖലയുടെ സുപ്രധാന പങ്കിനെയാണ് ഈ ആശയം അടയാളപ്പെടുത്തുന്നത്.വിനോദസഞ്ചാരവും സമാധാനവും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍.

1970-ല്‍ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) ചട്ടങ്ങള്‍ അംഗീകരിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് ലോക ടൂറിസം ദിനം ആചരിക്കുന്നത്. വിനോദ സഞ്ചാരത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ. 1980ലാണ് ഇവർ സെപ്‌റ്റംബർ 27 ലോക ടൂറിസം ദിനമായി പ്രഖ്യാപിക്കുന്നത്. ഇഗ്നേഷ്യസ് അമദുവ അതിഗ്ബിയെന്ന നൈജീരിയക്കാരനാണ് ആദ്യമായി ലോക ടൂറിസം ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 1997ൽ തുർക്കിയിൽ ലോക ർൂറിസം ദിനാചരണം നടത്തിയതിന് പിന്നാലെ പിന്നീടുള്ള വർഷങ്ങളിൽ ടൂറിസം ദിനത്തിന് ഓരോ രാജ്യവും ആതിഥേയത്വം വഹിക്കണമെന്ന് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലി തീരുമാനിക്കുകയായിരുന്നു.

വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കിടയില്‍ പരസ്പരധാരണയും സമാധാനവും വളര്‍ത്തുന്നതില്‍ വിനോദസഞ്ചാരം വഹിക്കുന്ന പ്രധാന പങ്ക് എടുത്തുകാട്ടുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണ് ലോക ടൂറിസം ദിനം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

ജോര്‍ജിയയാണ് ലോക ടൂറിസം ദിനത്തിന്റെ ഇത്തവണത്തെ ആതിഥേയർ. കോക്കസസ് പര്‍വതനിരകളിലെ മഞ്ഞുമൂടിയ കൊടുമുടികള്‍, കഖേതിയിലെ മുന്തിരിത്തോട്ടങ്ങള്‍, മനോഹരമായ കരിങ്കടല്‍ തീരപ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രം ജോര്‍ജിയയെ വ്യത്യസ്തമാക്കുന്നു. മനോഹരമായ തെരുവുകള്‍, ചടുലമായ കലകള്‍, പരമ്പരാഗതവും ആധുനികവുമായ കെട്ടിടങ്ങളുടെ ഒരു മിശ്രിതം എന്നിവയ്‌ക്കെല്ലാം പേരുകേട്ട ടിബിലിസി പോലുള്ള പുരാതന നഗരങ്ങള്‍ ജോര്‍ജിയയിലെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ പാറയില്‍ കൊത്തിയെടുത്ത പട്ടണമായ അപ്ലിസ്റ്റിക്കെ പോലെയുള്ള യുനെസ്‌കോയുടെ ലോക പൈതൃക കാഴ്ചകളും ഇവിടുത്തെ പ്രത്യേകതയാണ്. അതിഥികളെ സ്വീകരിക്കുന്നതിലും സമ്പന്നമായ പാചക പാരമ്പര്യത്തിനും കൂടി പേരുകേട്ട രാജ്യമാണ് ജോര്‍ജിയ. ലോക ടൂറിസം ദിനത്തില്‍ വിനോദസഞ്ചാരത്തിന് സാംസ്‌കാരിക ഇടപെടല്‍, സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നുള്ള ആശയമാണ് ജോര്‍ജിയ എടുത്തുകാട്ടുന്നത്.

'എന്റെ കേരളം എന്നും സുന്ദരം'

കൊവിഡ് മഹാമാരിക്ക് ശേഷം ലോക ടൂറിസം മേഖല വലിയ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്. കേരളത്തിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വിനോദസഞ്ചാര രംഗത്ത് മികച്ച മുന്നേറ്റമാണ് ഉണ്ടായത്. 2022 ല്‍ കൊറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള കാലയളവില്‍ 1.86 കോടി സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. 2024 ല്‍ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പല പദ്ധതികളും ആസൂത്രണം ചെയ്യുകയും ചെയ്തു. കേരളത്തിലെ ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യമുള്ള ഇടമാണ് വയനാട്. വയനാടിൻ്റെ സാമ്പത്തിക സാധ്യതകളിൽ ടൂറിസത്തിന് നിർണ്ണായകമായ സ്ഥാനമാണുള്ളത്. നൂറുകണക്കിനാളുകളാണ് വയനാട്ടിലെ ടൂറിസം മേഖലയെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുന്നത്. എന്നാല്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവും അതിന് ശേഷമുള്ള അതിജീവനത്തിന്റെ കാലയളവും വയനാട്ടിലെ ടൂറിസം ഹോസ്പിറ്റാലിറ്റി വ്യവസായത്തെ വലിയ രീതിയില്‍ പിന്നോട്ട് വലിച്ചിട്ടുണ്ട്.വയനാട് ദുരന്ത ബാധിത മേഖലയാണെന്ന് ടൂറിസ്റ്റുകള്‍ക്കിടയില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാനും വയനാട് ടൂറിസത്തെ തിരിച്ചുപിടിക്കാനായി സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.അതിന്റെ ഭാഗമായി 'എന്റെ കേരളം എന്നും സുന്ദരം' എന്ന പേരില്‍ പ്രചരണ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രചരണ പരിപാടിയിലൂടെ സംസ്ഥാനത്തുടനീളമുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നതായി മന്ത്രി മുഹമ്മദ് റിയാസ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us