ലോകമെമ്പാടുമുള്ള കാലാവസ്ഥയിലെ മാറ്റങ്ങൾ ജീവിതശൈലിയെ മാറ്റിമറിച്ചത് പോലെ യാത്രാപ്രേമികളുടെ ടൂർ പ്ലാനുകളെയും മുഴുവനായി മാറ്റി മറിച്ചിരിക്കുകയാണ്. അസഹനീയനായ ചൂട് കാലാവസ്ഥ ആളുകളുടെ ദിനചര്യകളിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പുതിയ പഠനം പറയുന്നത്. ഇത്തരം കാലാവസ്ഥാമാറ്റം ആളുകള്‍ ഗതാഗത രീതി തിരഞ്ഞെടുക്കുന്നതിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. "Understanding How Extreme Heat Impacts Human Activity-Mobility and Time Use Patterns" എന്ന പഠനത്തിൽ ദിവസം തോറും ഉയർന്നു വരുന്ന കാലാവസ്ഥ രീതി ആളുകളിലെ സ്വഭാവത്തിൽ വരുത്തുന്ന മാറ്റങ്ങളെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്.
അമേരിക്കൻ ടൈം യൂസ് സർവേയിൽ നിന്നുള്ള ഡാറ്റയും എൻഒഎഎ യിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങളും വിശകലനം ചെയ്താണ് ഗവേഷണ സംഘം ഡാറ്റ തയ്യാറാക്കിയിട്ടുള്ളത്. പഠനം പ്രകാരം കടുത്ത ചൂട് നിറഞ്ഞ ദിവസങ്ങളിൽ വീട്ടിനുള്ളിൽത്തന്നെ സമയം ചെലവഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇത് ഒരു തരത്തിൽ ബാധിക്കുന്നത് ടൂറിസത്തെ കൂടിയാണ്. മോശം കാലാവസ്ഥ കാരണം പലരും അവരുടെ ടൂർ പ്ലാനുകൾ മാറ്റിവെയ്ക്കുകയാണ്. ഇത് ഒരു തരത്തിൽ ടൂറിസം എന്ന വ്യവസായത്തെ തന്നെ ഏറെ ബാധിക്കും എന്ന ആശങ്കയും മറുവശത്തുണ്ട്.
ചൂട് കൂടിയത് കൊണ്ട് തന്നെ കൂടുതല്‍ ആളുകൾ ഗതാഗതത്തിനായി ഉപയോഗിക്കുന്നത് കാറുകളെയാണ്. നടത്തം, ബൈക്ക്, പൊതു ഗതാഗത മാർഗങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതിൽ അടക്കം കുറവ് വന്നിട്ടുണ്ട്. എസിയുള്ള വാഹനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ പൊതുഗതാഗത ഉപയോഗത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ആ മേഖലയെയും സാരമായി ബാധിക്കും.
ഉഷ്ണതരംഗങ്ങളിൽ ജീവിതം പൊരുത്തപ്പെടുത്താൻ പ്രായമായവർ കൂടുതൽ പാടുപെടുന്നുവെന്നും ഇത് സാമൂഹികമായ ഒറ്റപ്പെടലിന് കാരണമാകുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലങ്ങളുമായി ലോകമെമ്പാടുമുള്ള നഗരങ്ങൾ എല്ലാം പിടിമുറുക്കുമ്പോൾ ജീവിതനിലവാരത്തിൽ വരുത്തേണ്ട അടിയന്തര മാറ്റങ്ങളെ പറ്റിയാണ് പല കോണുകളിൽ നിന്ന് ചര്‍ച്ച ഉയർന്നു വരുന്നത്.