ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജ് എന്ന ബഹുമതി നേടിയെടുത്തിരിക്കുകയാണ് രാജസ്ഥാനിലെ ബീവാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേവ്മാലി ഗ്രാമം. ദേവ്മാലി ഗ്രാമത്തെ ഈ ബഹുമതിയിലേക്ക് എത്തിച്ച ഘടകങ്ങൾ എന്തെല്ലാമാണെന്ന് അറിയണ്ടേ…?
ദേവ്മാലി ഗ്രാമം… രാജസ്ഥാനിലെ ബീവാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിസുന്ദരമായ ഒരു ഗ്രാമം. ഇവിടുത്തെ വീടുകളിൽ വാതിലുകളോ പൂട്ടുകളോ ഇല്ല. കൂടാതെ ഇവിടുത്തെ വീടുകൾ ഒന്നും കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ചെടുത്തതല്ല. ഓരോ വീടും ചെളിയും കല്ലും കൊണ്ട് നിർമ്മിച്ചെടുത്തതാണ്. ഗ്രാമവാസികൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ആർക്കും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഇല്ല. അതിനൊരു കാരണവും ഉണ്ട്. ഈ ഗ്രാമത്തിലുള്ളവർ അവരുടെ ഭൂമി ദേവനാരായണ എന്ന ദെെവത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഈ ഭൂമി വളരെ പവിത്രമായിട്ടാണ് അവർ കാണുന്നത്. അതുകൊണ്ട് തന്നെ ആരും രേഖകളും മറ്റും സൂക്ഷിച്ചിട്ടില്ല. ദേവനാരായണയുടെ പേരിൽ തന്നെയാണ് ഗ്രാമം അറിയപ്പെടുന്നതും.
ഗ്രാമത്തിലെ കുന്നിൻ മുകളിലെ ക്ഷേത്രം ഈ ഗ്രാമത്തിലെ മറ്റൊരു ആകർഷണമാണ്. സന്ദർശകരെ ഈ ഗ്രാമത്തിലേക്ക് അടുപ്പിക്കുന്നതും ഈ ക്ഷേത്രം തന്നെയാണ്. ഗ്രാമത്തിൻ്റെ സമ്പന്നമായ സംസ്കാരം തന്നെയാണ് 'മികച്ച ടൂറിസ്റ്റ് വില്ലേജ്' എന്ന ബഹുമതി ഇവര്‍ക്ക് നേടിക്കൊ ടുത്തത്. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 1205 ജനസംഖ്യയുള്ള ദേവ്മാലി ഗ്രാമത്തിൽ 607 പുരുഷന്മാരും 598 സ്ത്രീകളുമാണ് ഉള്ളത്.
മറ്റൊരു പ്രത്യേകത ഗ്രാമങ്ങളിൽ മിക്കവരും സസ്യാഹാരമാണ് കഴിക്കുന്നത് എന്നതാണ്. ഗ്രാമത്തിൽ ആരും മാംസാഹാരം കഴിക്കുകയോ മദ്യം കഴിക്കുകയോ ചെയ്യില്ല. കൂടാതെ വേപ്പിൻ മരം കത്തിക്കുന്നതും മണ്ണെണ്ണ ഉപയോഗിക്കുന്നതും ഇവിടെ നിരോധിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെയാണ് വിനോദസഞ്ചാരികളെ ഈ ഗ്രാമത്തിലേക്ക് അടുപ്പിക്കുന്നത്. 2024 നവംബർ 27 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ ഗ്രാമത്തെ 'ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് വില്ലേജ്' എന്ന ബഹുമതി നൽകി ആദരിക്കും.