രാജ്യത്തെ മികച്ച കാർഷിക ടൂറിസം ഗ്രാമമായി മാറിയിരിക്കുകയാണ് ഇന്ന് കുമരകം. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ഒറ്റ കെട്ടായി നേരിട്ട് ഉത്തരവാദിത്വ ടൂറിസത്തിലൂടെ വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തെ തേടി കേന്ദ്രസര്‍ക്കാരിന്‍റെ ഈ അവാർഡ് എത്തിയത്.
കേരളത്തിലെ ഈ കൊച്ചു ഗ്രാമം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതെങ്ങനെ..?
ഇന്ത്യയിൽ ആദ്യമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കാർഷിക വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കുള്ള അവാർഡാണ് കുമരകം നേടിയെടുത്തത്. കുമരകത്തെ രാജ്യത്തെ കാർഷിക ടൂറിസം ഗ്രാമമാക്കി മാറ്റിയതോടെ കർഷകർക്ക് ഫാം ടൂറിസം, സംയോജിത കൃഷി തുടങ്ങിയവ തുടരാൻ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തല്‍.
കേരള സർക്കാരിൻ്റെ പ്രദേശിക കാർഷിക ഗവേഷണകേന്ദ്രം, കേന്ദ്ര സർക്കാരിൻ്റെ കൃഷി വിജ്ഞാനകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത് കുമരകം ഗ്രാമത്തിൽ തന്നെയാണ്. ഇത് കുമരകത്തിന് കൂടുതൽ നേട്ടം കൈവരിക്കാൻ സഹായകരമാകുമെന്നാണ് കർഷകരുടെ അഭിപ്രായം. 2700 ഹെക്ടറോളം ഭൂമിയിലാണ് കുമരകത്ത് വിവിധ കൃഷി നടക്കുന്നത്.