മഹാരാഷ്ട്രയിലെ അജന്ത ഗുഹകളിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നതിനായി മഹാരാഷ്ട്ര ടൂറിസം വകുപ്പ് ആധുനിക സൗകര്യങ്ങളുളള 20 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചു. ചില ഇലക്ട്രിക് ബസ്സുകള്‍ എയര്‍ കണ്ടീഷന്‍ ചെയ്തവയാണ്. സഞ്ചാരികളെ പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് ഗുഹകളിലേക്ക് എത്തിക്കാന്‍ സഹായകരമാകുന്നവയാണിവ. ഒരു ബസില്‍ ഒരു സമയം 14 മുതല്‍ 22 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ക്കായി ഈ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.
നേരത്തെ ഇവിടേക്ക് ഡീസല്‍ ബസുകള്‍ ഉണ്ടായിരുന്നു. പക്ഷേ സഞ്ചാരികള്‍ക്ക് ഏറെ സമയം ബസിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ പുതിയ ഇലക്ട്രിക് ബസുകള്‍ വരുന്നതോടുകൂടി ഗതാഗതം വേഗത്തിലാകുമെന്നാണ് കരുതുന്നത്. ഗുഹയിലേക്കുള്ള യാത്രയ്ക്കിടയില്‍ സന്ദര്‍ശകര്‍ക്ക് അജന്തഗുഹകളുടെ ചരിത്രത്തെക്കുറിച്ച് ഒരു സിനിമ കാണാനുളള സൗകര്യവും ബസില്‍ ഒരുക്കിയിട്ടുണ്ട്. താമസിയാതെതന്നെ മഹാരാഷ്ട്ര ടൂറിസം വകുപ്പ് സന്ദര്‍ശകര്‍ക്ക് റിസര്‍വേഷന്‍ പ്രക്രിയ എളുപ്പമാക്കുന്നതിന് വിനോദ സഞ്ചാര സൗഹൃദ ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ അജന്ത ഗുഹകള്‍ ഛത്രപതി സംഭാജി നഗരത്തില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ്.
അജന്ത ഗുഹകള്‍ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഔറംഗബാദ് എയര്‍പോര്‍ട്ടാണ്. ഇത് 99 കിലോമീറ്റര്‍ അകലെയാണ്. മുംബെയില്‍ നിന്നും പൂനെയില്‍ നിന്നും ഇങ്ങോട്ടേക്ക് വിമാനങ്ങളുണ്ട്. ഇനി ട്രെയിനില്‍ യാത്രചെയ്യുന്നവരാണെങ്കില്‍ ഏറ്റവും അടുത്തുള്ള റയില്‍വേ സ്റ്റേഷന്‍ അജന്ത ഗുഹകളില്‍നിന്ന് ഏകദേശം 60 കിലോ മീറ്റര്‍ അകലെയുള്ള ജല്‍നയാണ്. 00 കിലോ മീറ്റര്‍ അകലെയുളള ഔറംഗബാദ് റെയില്‍വേസ്‌റ്റേഷനും ഉണ്ട്. റോഡ് മാര്‍ഗ്ഗം യാത്രചെയ്യുന്നവര്‍ക്ക് ഔറംഗബാദില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും ബസ് സര്‍വ്വീസുകളുണ്ട്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഗുഹാ സമുച്ചയത്തിലേക്ക് എത്താന്‍ ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കാം.
മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന താപ്തി നദിയുടെ കൈവഴിയായ വാഗൂര്‍ നദിയുടെ തീരത്താണ് അജന്ത ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. കുതിര ലാടത്തിന്റെ ആകൃതിയിലുള്ള 250 അടി ഉയരത്തിലുള്ള 30 തോളം ഗുഹകളാണ് അജന്ത ഗുഹാ ക്ഷേത്രങ്ങള്‍. ഗുഹയുടെ പ്രവേശന കവാടം കടക്കുമ്പോള്‍ത്തന്നെ മഹായാന, ഹീനയാന കാലഘട്ടങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുഹകളും ചുവര്‍ചിത്രങ്ങളുമാണ് കാണാന്‍ സാധിക്കുക. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന സംസ്‌കാരവും ചരിത്രവുമാണ് അജന്ത ഗുഹകള്‍ക്കുള്ളത്. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഗുഹയുടെ ചുമരുകളില്‍ കാണാന്‍ സാധിക്കുന്നത്. ബുദ്ധമതം ഇന്ത്യയില്‍ പ്രചാരംനേടിയ കാലത്ത് നിര്‍മ്മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമാണ് ഈ ഗുഹകള്‍.