ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിൻ. തുടക്കം തൊട്ട് അവസാനം വരെ ഓടുന്നത് 4000 കിലോമീറ്ററുകളോളം. അതും ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്ത് തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തേയ്ക്ക്. നാല് പകലും നാല് രാത്രിയും നീളുന്ന യാത്ര. പക്ഷേ ഈ ട്രെയിനിൽ തുടക്കം തൊട്ട് അവസാനം വരെ യാത്ര ചെയ്യാൻ നിങ്ങൾക്ക് അപാര ധൈര്യം വേണം. എന്തും നേരിടനുള്ള മനക്കട്ടി വേണം......ഇത്രയും പറഞ്ഞപ്പോൾ തന്നെ ട്രെയിൻ ഏതാണെന്ന് ചിലപ്പോൾ പിടികിട്ടിയിട്ടുണ്ടാകും. അതെ , വിവേക് എക്സ്പ്രസ്സ് !
അങ് തെക്ക് കന്യാകുമാരിയിൽ നിന്ന് തുടങ്ങി അസമിലെ ദിബ്രുഗഢ് വരെ പോകുന്ന വിവേക് എക്സ്പ്രസ്സ് ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ട്രെയിനുകളിൽ ഒന്നാണ്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചരയോടെ കന്യകുമാരിയിൽ നിന്ന് എടുക്കുന്ന ട്രെയിൻ നാലാം ദിവസം, 75 മണിക്കൂറുകളെടുത്താണ് ദിബ്രുഗഢ് എത്തുക. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഒറീസ, ബീഹാർ, ബംഗാൾ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്താണ് ട്രെയിൻ അവസാനം അസമിലെത്തുക.
വിവേക് എക്സ്പ്രെസിനെക്കുറിച്ച് ആരും നല്ലത് പറഞ്ഞ ചരിത്രമേയില്ല. അതിന് പ്രധാനപ്പെട്ടകാരണം വൃത്തിയില്ലായ്മയാണ്. അനവധി സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ, അവസാന സ്റ്റേഷനായ ദിബ്രുഗഡ് എത്തുമ്പോളേക്കും ഒരു വിധമായിരിക്കും. നിറഞ്ഞുകവിഞ്ഞ വാഷ്‌ബേസിനുകൾ, തുപ്പലും ഭക്ഷണപദാർത്ഥങ്ങളും മറ്റുമായി ആകെ വൃത്തികേടായ ഇടനാഴികള്‍ എന്നിവയെല്ലാം ഈ ട്രെയിനിൽ സ്ഥിരം കാഴ്ചകളാണ്. പലപ്പോഴും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ, മുൻകൂട്ടി ടിക്കറ്റ് എടുത്തവരുടെ സീറ്റുകൾ കയ്യടക്കുകയും തർക്കങ്ങൾ ഉണ്ടാകുകയും ചെയ്ത സംഭവങ്ങൾ അനവധിയുണ്ട്. അതുകൊണ്ടുതന്നെ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ ചില്ലറ ധൈര്യമൊന്നും പോരാ. മാത്രമല്ല എന്ത് റിസ്ക് എടുക്കാനും തയാറാക്കുകയും വേണം !
ഇങ്ങനെ ന്യൂനതകൾ അനവധിയായിരിക്കെയും ഇന്ത്യയുടെ വൈവിധ്യമായ ഭൂപ്രകൃതികൾ ആസ്വദിക്കാൻ ഈ ട്രെയിനോളം പറ്റിയ മറ്റൊരു തീവണ്ടിയുമില്ല. തമിഴ്നാടിന്റേയും ആന്ധ്രയുടെയും ഒഡിഷയുടെയും പരുക്കൻ ഭൂപ്രകൃതിയിൽ നിന്ന് വടക്കുകിഴക്കൻ ഇന്ത്യയുടെ പച്ചപ്പിലേക്ക് ട്രെയിൻ കയറിച്ചെല്ലുന്നത്, യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഒരു മികച്ച അനുഭവമായിരിക്കും. സ്വാമി വിവേകാനന്ദന്റെ 150ആം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ ട്രെയിൻ പ്രഖ്യാപിച്ചത്. അന്നുതൊട്ട് ഇന്നുവരെ ട്രെയിൻ എപ്പോഴും ഫുൾ ആണ്. പക്ഷേ ഒറ്റ കാര്യം മാത്രമേയുള്ളൂ, നല്ല രീതിയിൽ ആസ്വദിച്ച് യാത്ര ചെയ്യാനാണ് ആഗ്രഹമെങ്കിൽ കുറഞ്ഞത് ഒരു എസി ടിക്കറ്റെങ്കിലും ഈ ട്രെയിനിൽ എടുക്കുക. അല്ലെങ്കിൽ ഒരു വലിയ റിസ്ക് എടുക്കാൻ തയ്യാറാകുക !