ഡ്യൂട്ടി സമയം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് പറക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം അഞ്ച് മണിക്കൂർ വൈകിയെന്ന് റിപ്പോർട്ട്. വിമാനം വൈകിയതിനെ തുടർന്ന് ക്ഷുഭിതനായ ഒരു യാത്രക്കാർ പൈലറ്റിനോടും വിമാനത്തിലെ ക്രൂവിനോടും തർക്കിക്കുന്ന വീഡിയോ ഒരു ഉപയോക്താവ് എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡ്യൂട്ടി സമയം അവസാനിച്ചെന്ന് വാദിച്ച് വിമാനം പറത്താൻ പൈലറ്റ് തയ്യാറാകാതിരുന്ന സംഭവം ചർച്ചയായിരിക്കുന്നത്. സെപ്റ്റംബർ 24നായിരുന്നു ഇതിന് ആസ്പദമായ സംഭവം ഉണ്ടായത്.
പൈലറ്റിനോട് പുറത്തുകടന്ന് വിമാനം വൈകുന്ന സാഹചര്യം വിശദീകരിക്കാൻ ഒരു യാത്രക്കാരൻ അഭ്യർത്ഥിക്കുന്നതാണ് വൈറലായ വീഡിയോയിൽ ഉള്ളത്. എന്നാൽ കോക്‌പിറ്റിൻ്റെ വാതിൽ അടച്ചുകൊണ്ടായിരുന്നു പൈലറ്റ് പ്രതികരിച്ചത്. ഉത്തരമില്ലാത്തതിനാണ് ഈ നിലയിൽ അവർ വാതിൽ അടയ്ക്കുന്നതെന്ന ഒരു യാത്രക്കാരിയുടെ പ്രതികരണവും വീഡിയോയിൽ വ്യക്തമാണ്.
'ജോലി സമയം അവസാനിച്ചതിനാൽ ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വസമ്മതിച്ചതിനെത്തുടർന്ന് പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമായ 6E അഞ്ച് മണിക്കൂർ വൈകി. ലഘുഭക്ഷണമോ നഷ്ടപരിഹാരമോ ഇല്ലാതെ യാത്രക്കാർ വലഞ്ഞു. ഉപഭോക്തൃ സേവനത്തോടുള്ള തികഞ്ഞ അവഗണനയാണിത്. ഇത് എങ്ങനെ അനുവദിക്കും?' എന്നായിരുന്നു വൈറൽ വീഡിയോ പോസ്റ്റ് ചെയ്ത ആയുഷ് കുമാർ എക്സിൽ കുറിച്ചത്.
IndiGo flight 6E from Pune to Bengaluru delayed for 5 hours after the pilot refused to take off due to his work hours ending.Passengers were left stranded with no refreshments, no compensation.Absolute disregard for customer service. How can this be allowed? @IndiGo6E @DGCAIndia pic.twitter.com/WCDFtrqNwR
— Ayush Kumar (@ayushux) October 1, 2024
വീഡിയോ വൈറലായതോടെ ഓപ്പറേഷണൽ കാരണങ്ങളാൽ വിമാനം വൈകിയതായി ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. '2024 സെപ്റ്റംബർ 24-ന് പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന 6E 361 ഫ്ലൈറ്റ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട സമയ പരിമിതിയുമായി ഭാഗമായ ഓപ്പറേഷണൽ കാരണങ്ങളാൽ വൈകി. കാലതാമസത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുകയും ഉപഭോക്താക്കളെ സഹായിക്കാൻ ഞങ്ങളുടെ ടീം മുഴുവൻ സമയവും ലഭ്യമായിരിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചത്.