ഇന്ത്യൻ സംസ്കാരത്തെയും പെെതൃകങ്ങളെയും ഓർമ്മിപ്പിക്കുന്ന ഒരുപാട് ആഘോഷങ്ങൾ കൊണ്ടാടപ്പെടുന്ന ഒരു മാസമാണ് ഒക്ടോബർ. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഒരു മാസം കൂടിയാണിത്. പ്രാദേശികമായ ആഘോഷങ്ങളും അവയിലെ പാരമ്പരാഗത ചടങ്ങുകളും ഉത്സവാന്തരീക്ഷവും വർണ്ണാഭവും ജനകീയവുമാണ്. അതിനാൽ തന്നെ സമ്പന്നമായ ഇത്തരം ആഘോഷങ്ങൾക്ക് ചിലപ്രദേശങ്ങളുടെ തനതായ കയ്യൊപ്പുണ്ട്. ഈ ആഘോഷങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന ചില പ്രദേശങ്ങളുമുണ്ട്. ആഘോഷങ്ങളുമായി ചേർത്താണ് ഒരുപരിധിവരെ ഈ പ്രദേശങ്ങളെ നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. ഒക്ടോബറിൽ യാത്രപേകേണ്ട 'ആഘോഷനഗര'ങ്ങളെ നമുക്ക് പരിചയപ്പെടാം.
ഇന്ത്യയിലും നേപ്പാളിലും ഹിന്ദു വിഭാഗത്തിനിടയിൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ദസറ അഥവാ വിജയദശമി. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുക എന്നതാണ് ഈ ഉത്സവത്തിൻ്റെ എൈതിഹ്യം. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളിലും നടക്കുന്ന ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹിമാചൽ പ്രദേശിലെ ദസറ ആഘോഷം. ഹിമാചൽ പ്രദേശിലെ മനോഹരമായ കുളു താഴ്‌വരയിൽ ദസറ ഒരാഴ്ച മുഴുവൻ നീണ്ടുനിൽക്കും. ദസറയുടെ പത്താം ദിവസമായ വിജയദശമിയിൽ ഉത്സവം അവസാനിക്കും. ചടങ്ങിൻ്റെ ഭാഗമായി ശ്രീരാമൻ്റെ വിഗ്രഹം പട്ടണത്തിലൂടെ കൊണ്ടുപോകുന്ന വലിയ ഘോഷയാത്ര ആഘോഷത്തിൻ്റെ പ്രധാന സവിശേഷതയാണ്. പരിസരത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ള 200-ലധികം ദേവതകൾ ആഘോഷത്തിൻ്റെ ഭാഗമായി ദൽപൂർ മൈതാനത്തിലേയ്ക്ക് വരും. ഈ ഗ്രാമങ്ങളിലെയെല്ലാം ദേവതമാർ അവിടെ സംഗമിക്കുന്നത് നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുക.
ഇന്ത്യയിലെയും ലോകത്തെയും ഏറ്റവും ദൈർഘ്യമേറിയ ഉത്സവങ്ങളിലൊന്നാണ് ബസ്തർ ദസറ. ഇത് 75 ദിവസത്തിലധികം നീണ്ടുനിൽക്കുന്നു. ഈ വർഷത്തെ ബസ്തർ ദസറ ഒക്ടോബർ 12 ശനിയാഴ്ച ആരംഭിക്കും. സാധാരണ ദസറയിൽ നിന്ന് വ്യത്യസ്തമാണ് ബസ്തർ ദസറ. ഗോത്രങ്ങളുടെ സംരക്ഷകയായ ദന്തേശ്വരി ദേവിക്കായി ആദിവാസി സമൂഹങ്ങൾക്കിടയിൽ നടക്കുന്ന ആഘോഷമാണ് ഈ ഉത്സവം. ഗോത്ര സമുദായങ്ങളിലെ അംഗങ്ങളുടെ ഒരു വലിയ ഘോഷയാത്രയും ഈ ആഘോഷത്തിൻ്റെ പ്രത്യേകതയാണ്. ഇവരുടെ പരമ്പരാഗത താളങ്ങളിലുള്ള പാട്ടുകളും നൃത്തങ്ങളും ബസ്തർ ദസറയുടെ സവിശേഷമായ മറ്റൊരു കാഴ്ചയാണ്.
കൊൽക്കത്തയുടെ സാംസ്കാരിക തനിമയെ അടയാളപ്പെടുത്തുന്ന ദുർഗാപൂജ ഒക്ടോബറിലെ പ്രധാന്യം നിറഞ്ഞ ഒരു ആഘോഷമാണ്. ഒക്‌ടോബർ 8ന് ആരംഭിച്ച് ഒക്‌ടോബർ 13നാണ് ഈ ഉത്സവം അവസാനിക്കുക. മഹിഷാസുരനെതിരെ ദുർഗ്ഗാദേവിയുടെ വിജയത്തെ അനുസ്മരിച്ചാണ് ദുർഗാ പൂജ ആഘോഷിക്കുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ത്രിപുര, ബീഹാർ, ജാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ്, അസം, ഒഡീഷ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ഹിന്ദുക്കളും ദുർഗാ പൂജ ആഘോഷിക്കുന്നുണ്ട്. വിദ്യയുമായും കലകളുമായും ബന്ധപ്പെട്ട അഭിവൃദ്ധിക്കായി പുസ്തകങ്ങൾ ഉൾപ്പെടെ പൂജയ്ക്ക് വെയ്ക്കുന്നതും ഈ ആഘോഷത്തിൻ്റെ ഭാഗമായ ചടങ്ങുകളിലൊന്നാണ്.കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ ആഘോഷം 2021 ഡിസംബറിൽ യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കിഴക്കൻ ഇന്ത്യയിൽ ദുർഗ്ഗാപൂജ ഹൈലൈറ്റ് ആണെങ്കിൽ, ഗുജറാത്തിൽ ഒമ്പത് ദിവസത്തെ ഉത്സവമായ നവരാത്രിക്ക് സവിശേഷ പ്രധാന്യമുണ്ട്. ഒക്ടോബർ 3 വ്യാഴാഴ്ച തുടങ്ങിയ ഈ ആഘോഷം ഒക്ടോബർ 12 ശനിയാഴ്ച വരെ നീണ്ടു നിൽക്കും. ദേവിയുടെ ബഹുമാനാർത്ഥം അവതരിപ്പിക്കുന്ന പരമ്പരാഗത നാടോടി നൃത്തങ്ങളായ ഗർബയും ദണ്ഡിയ റാസും നവരാത്രി ആഘോഷങ്ങളിൽ നിറഞ്ഞ് നിൽക്കും. നവരാത്രി സമയത്ത്, അഹമ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളിൽ രാത്രികളിൽ വലിയ ആഘോഷങ്ങളാണ് നടക്കുക.
വെളിച്ചങ്ങളുടെ ഉത്സവം എന്നാണ് ദീപാവലി അറിയപ്പെടുന്നത്. ഒക്ടോബർ 31 നാണ് ഈ വർഷത്തെ ദീപാവലി ആഘോഷിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ജനകീയമായതും വ്യാപകമായി ആഘോഷിക്കപ്പെടുന്നതുമായ ഉത്സവം കൂടിയാണ് ദീപാവലി. രാവണനെതിരായ വിജയത്തിനും 14 വർഷത്തെ വനവാസത്തിനും ശേഷം ശ്രീരാമൻ്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിനെ അനുസ്മരിക്കാനാണ് ദീപാവലി ആഘോഷിക്കുന്നത്. ഇരുട്ടിന് മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും നേടിയ വിജയമാണ് ഈ ആഘോഷത്തിൻ്റെ പ്രതീകം. ദശലക്ഷക്കണക്കിന് വിളക്കുകൾ, പടക്കങ്ങൾ, അലങ്കാരങ്ങൾ എന്നിവ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ദീപാവലി ആഘോഷമായി തന്നെയാണ് കൊണ്ടാടപ്പെടുന്നത്.
കർണാടകയിലെ പത്ത് ദിവസത്തെ ഉത്സവമാണ് മൈസൂർ ദസറ. ഒക്ടോബർ മൂന്നിന് തുടക്കം കുറിച്ച മൈസൂർ ദസറ ഒക്ടോബർ 12ന് അവസാനിക്കും. തിന്മയ്ക്ക് മേൽ നന്മനേടിയ വിജയമെന്ന നിലയാണ് ഈ ആഘോഷം സംഘടിപ്പിക്കപ്പെടുന്നത്. നഗരത്തിലെ പ്രധാന ആകർഷണമായ മൈസൂർ രാജവംശത്തിൻ്റെ കൊട്ടാരം ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കും. ഈ ആഘോഷത്തിൻ്റെ പ്രധാന ആകർഷണ കേന്ദ്രവും മൈസൂർ കൊട്ടാരമാണ്. ജംബൂ സവാരി എന്നറിയപ്പെടുന്ന വലിയ ഘോഷയാത്രയാണ് ഉത്സവത്തിൻ്റെ ഹൈലൈറ്റ്.