ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രെക്കിം​ഗ് സ്പോട്ട്, സാഹസിക യാത്രികരെ വിളിക്കുന്നു കുമാരപര്‍വ്വതം!

പർവതങ്ങളുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമായ കുക്കെ സുബ്രഹ്മണ്യത്തിൽ നിന്നാണ് ട്രെക്കിം​ഗ് ആരംഭിക്കുന്നത്

dot image

മലകളുടെയും പുഴകളുടെയും കുന്നുകളുടെയും ഭം​ഗി പ്രകൃതിയോട് അടുത്ത് ചേർന്ന് നിന്ന് മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും നല്ലൊരു വഴിയാണ് ട്രെക്കിം​ഗ് എന്നതിൽ ‌സംശയമില്ല. ​ഹിമാലയം മുതൽ ഉത്തരാഖണ്ഡ് വരെ ഓരോ പ്രദേശങ്ങളും ട്രെക്കിംഗില്‍ മികച്ചതായി തന്നെ നിൽക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുമാര പർവ്വത ട്രെക്കിംഗ് എന്നതിൽ ഒരു സംശയവുമില്ല. ഇന്ത്യയിലെ മികച്ച ട്രെക്കിംഗ് സ്പോട്ടുകളിലൊന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ ട്രെക്കിംഗ് സ്പോട്ടുമായ കുമാരപര്‍വ്വതയെക്കുറിച്ചറിയാം....!

കുമാര പർവ്വത ട്രെക്കിംഗ്

അതിമനോഹരമായ കാഴ്ചകൾകൊണ്ടും സാഹസികത നിറഞ്ഞ യാത്ര കൊണ്ടും ആവേശകരമായ ഒരു ട്രെക്കിം​ഗ് അനുഭവമാണ് കുമാര പർവ്വതം സമ്മാനിക്കുക. പർവതങ്ങളുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമായ കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ട്രെക്കിം​ഗ് ആരംഭിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ഏകദേശം 22 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. വനങ്ങളിലൂടെയുള്ള കുത്തനെയുള്ള കയറ്റവും പ്രകൃതിരമണീയമായ പാതയും കുമാരപർവ്വതത്തെ അതിമനോഹരമാക്കുന്നു.

ട്രെക്കിംഗിനെ രണ്ട് ഘട്ടങ്ങളായി തിരിക്കാം:

കുക്കെ മുതൽ ഭട്ടാര മാനെ വരെ: വനത്തിലൂടെയുള്ള ഒരു ചെറിയ പാത. ഏകദേശം 6 കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം. 3-4 മണിക്കൂർ വരെ എടുക്കാം ഈ ആറ് കിലോമീറ്റർ പൂർത്തിയാക്കാൻ. ട്രെക്കിം​ഗ് നടത്തുന്നവർക്ക് രാത്രി വിശ്രമിക്കാൻ കഴിയുന്ന പ്രശസ്തമായ വിശ്രമ കേന്ദ്രമാണ് ഭട്ടാര മാനെ. തുടർന്ന് പിറ്റേ ദിവസം അവിടെ നിന്ന് യാത്ര ആരംഭിക്കാം.

ഭട്ടാര മാനെ മുതൽ കുമാര പർവ്വത കൊടുമുടി വരെ: പാറകൾ, പുൽമേടുകൾ, വനങ്ങൾ കുത്തനെയുള്ള കയറ്റങ്ങളും ഈ മേഖലയിലുണ്ട്. 5-6 മണിക്കൂർ വരെ ഈ മേഖലയിൽ ട്രെക്കിംഗ് ആവശ്യമാണ്. ട്രെക്കിംഗ് അവസാനിക്കുന്നത് കുമാരപർവ്വത കൊടുമുടിയുടെ അതിശയമായ കാഴ്ച്ചയിലാണ്.

അനുഭവപരിചയമുള്ള വ്യക്തികൾ മാത്രമേ ഈ യാത്ര നടത്താവൂ എന്ന് പലരും നിർദേശിക്കുന്നുണ്ട്. കാരണം കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടുകളും പരിചയമില്ലാത്തവർക്ക് വലിയൊരു വെല്ലുവിളിയാവാൻ സാധ്യതയുണ്ട്. ട്രെക്കിം​ഗ് നടത്തുന്നതിന് മുൻപ് തീർച്ചയായും ഫോറസ്റ്റ് പെർമിറ്റുകൾ വാങ്ങിക്കണം.

കുമാര പർവ്വതത്തിലേക്ക് ഉള്ള വഴി ഇങ്ങനെ

ബംഗളൂരുവിൽ നിന്ന് 280 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 105 കിലോമീറ്ററും അകലെയാണ് കുക്കെ സുബ്രഹ്മണ്യ. കുക്കെ സുബ്രഹ്മണ്യയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷൻ. മംഗളൂരുവിൽ നിന്നോ ബെംഗളൂരുവിൽ നിന്നോ കുക്കെ സുബ്രഹ്മണ്യയിലെത്താൻ ബസ് സർവീസുകളും ലഭ്യമാണ്.

Content Highlights: Kumara Parvatha Trek is The Most Challenging Trek In The Western Ghats

dot image
To advertise here,contact us
dot image