ഡിജിറ്റൽ സാങ്കേതിക വിദ്യ എന്ത് ജോലിയെയും എളുപ്പമാക്കുന്ന കാലമാണ്. നൊടിയിടയിൽ എല്ലാം ലഭിക്കുക എന്നതിലുപരി ഭൂമിയിൽ ഏത് കോണിൽ നിന്നും മനുഷ്യരുമായുളള സമ്പർക്കം എളുപ്പമാക്കുന്ന കാലം. ഇത്തരത്തിൽ ടെക്‌നോളജിയുടെ സ്വാധീനം പല തൊഴിലുകളെയും വിർച്വൽ ആക്കി മാറ്റുകയും 'വർക്ക് ഫ്രം ഹോം' എന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നമ്മൾ വിചാരിക്കാത്ത പല ജോലികളും ഇത്തരത്തിൽ 'വിർച്വൽ' ആയാലോ?
ബെംഗളൂരുവിലെത്തിയ എൻടൗറേജ് എന്ന കമ്പനിയുടെ സിഇഒ ആയ അനന്യ നരങ് ആണ് ഇത്തരത്തിലൊരു മാറ്റം കണ്ട് അമ്പരന്നുപോയത്. ഒരു ഹോട്ടലിൽ ചെക്കിൻ ചെയ്യാനിരിക്കെ അവിടെ കണ്ട കാഴ്ചയാണ് നരങ് പങ്കുവെക്കുന്നത്. സാധാരണ ഹോട്ടലുകളിൽ റിസപ്‌ഷനിൽ ഒരു റിസപ്‌ഷനിസ്റ്റ് പതിവാണല്ലോ. എന്നാൽ നരങ് ചെക്കിൻ ചെയ്ത് ഹോട്ടലിലെ റിസപ്‌ഷനിസ്റ്റ് 'വെർച്വൽ' ആയിരുന്നു. അതായത് റിസപ്‌ഷന്റെ മുൻപിലെ ഒരു സിസ്റ്റത്തിലൂടെ, ഓൺലൈനായാണ് റിസപ്‌ഷനിസ്റ്റ് നരങ്ങുമായി സംസാരിച്ചതും വിവരങ്ങൾ ശേഖരിച്ചതും മുറി അനുവദിച്ചതുമെല്ലാം.
അനന്യ നരങ് തന്നെ ഇതിന്റെ ചിത്രമെടുത്ത് ലിങ്ക്ഡിൻ പങ്കുവെച്ചിട്ടുണ്ട്. 'പീക്ക് ബെംഗളൂരു മൊമന്റ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഫോട്ടോ ആശ്ചര്യത്തോടെയാണ് ഷെയർചെയ്തിരിക്കുന്നതെന്ന് പിന്നീടുള്ള എഴുത്തിൽ നിന്ന് വ്യക്തം. 'ഹോട്ടലിൽ ചെക്കിൻ ചെയ്യാൻ പോയപ്പോൾ അവിടെ ആകെ ഉണ്ടായിരുന്നത് 2 സെക്യൂരിറ്റികളും രണ്ട് ടെക്‌നീഷ്യന്മാരുമാണ്. അവരെയെല്ലാം വളരെ ഭംഗിയായി, റിസപ്‌ഷന് മുൻപിൽ വെച്ച ഒരു സിസ്റ്റത്തിലൂടെ വിർച്വൽ ആയി ഒരു റിസപ്‌ഷനിസ്റ്റ് കോർഡിനേറ്റ് ചെയ്യുന്നു. നിങ്ങൾക്ക് ഈ കാഴ്ച ഇന്ത്യയിൽ ഒരിടത്തും കാണാൻ സാധിക്കില്ല, സിലിക്കൺ വാലിയിലൊഴിച്ച് !'
'ഫ്യുച്ചർ ഓഫ് ഹോസ്പിറ്റാലിറ്റി' എന്ന വാക്യം കൊണ്ടാണ് നെറ്റിസൺസ് ഈ ട്വീറ്റിനെ ഏറ്റെടുത്തത്. ടെക്‌നോളജി എല്ലാം മാറ്റിമറിക്കുന്ന കാലത്ത് ആർക്കാണ് ഇനിയൊരു ഫിസിക്കൽ റിസപ്‌ഷനിസ്റ്റിനെ ആവശ്യമുള്ളതെന്ന് മറ്റൊരു യൂസർ ചോദിക്കുന്നു. ഒരുപാട് പേർ ഈ രീതിയോയെ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ ഒരുഭാഗത്തുനിന്നും വലിയ വിമർശനവുമുണ്ട്. ടെക്‌നോളജി മനുഷ്യന്റെ ജോലികളെ അപഹരിക്കുന്ന കാലത്ത് ഇത്തരം സാധ്യതകൾ വലിയ രീതിയിൽ തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്നാണ് ഒരു വിമർശനം. എന്തുതന്നെയായാലും ഈ 'വിർച്വൽ' റിസപ്‌ഷനിസ്റ്റ് രീതി വലിയ ചർച്ചകളിലേക്കാണ് സോഷ്യൽ മീഡിയയെ കൊണ്ടെത്തിച്ചിരിക്കുന്നത്.
Content Highlights: Virtual receptionist stuns entrepreuner