ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ റെയിൽവേ പാത ഏതാകും എന്നതിന് പല ഉത്തരങ്ങളും ഉണ്ടാകും. അതിലൊന്ന് തീർച്ചയായും കൊങ്കൺ റെയിൽവെ ആയിരിക്കുമെന്നും ഉറപ്പാണ്. മൺസൂൺ സമയത്ത് കൊങ്കൺ തീവണ്ടിപ്പാതെ വഴി യാത്ര ചെയ്യുന്നതുതന്ന ഒരു പ്രത്യേക ഫീലാണ്. ആ യാത്രാനുഭവം വാക്കുകളിൽ ഒതുങ്ങുന്നില്ല. നയനമനോഹരമായ കാഴ്ചകൾക്ക് കൃത്യമായ ഒരു വാങ്മയ ചിത്രം വരച്ചെടുക്കാനാവില്ല.
മംഗലാപുരത്തുനിന്നും തുടങ്ങി മഹാരാഷ്ട്രയിലെ റോഹ വരെ നീണ്ടുകിടക്കുന്നതാണ്, 738 കിലോമീറ്ററുകളുള്ള കൊങ്കൺ പാത. മൺസൂൺ സമയത്ത് ഈ പാതയിലെ യാത്ര അതിമനോഹരമാണ്. മലകളും കാടുകളും വെള്ളച്ചാട്ടങ്ങളും മറ്റുമായി വേറെ ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നതാണ് മൺസൂൺ സമയത്തെ കൊങ്കണിലൂടെയുള്ള യാത്ര.
കൊങ്കണിന്റെ എല്ലാ ഭംഗിയും കൺനിറയെ കാണണമെങ്കിൽ ഈ മേഖലയിലൂടെ പകൽ കടന്നുപോകുന്ന ട്രെയിനുകളിൽ പോകണം. നിലവിൽ മൺസൂണിനെ തുടർന്ന് സമയക്രമം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സാധാരണ സമയക്രമമല്ല ഈ പാതയിലൂടെ പോകുന്ന ട്രെയിനുകൾക്കുള്ളത്. കൂടുതൽ സമയമെടുത്താണ് ഇപ്പോൾ ട്രെയിനുകൾ ഈ പാതയിലൂടെ കടന്നുപോകുന്നത്.
കേരളത്തിലുള്ളവർ ഈ പാതയിലൂടെ കടന്നുപോകുമ്പോൾ ഈ ട്രെയിനുകൾ പരീക്ഷിക്കാവുന്നതാണ്. നിലവിലെ മൺസൂൺ സമയക്രമത്തിൽ ഈ ട്രെയിനുകളിൽ യാത്ര ചെയുമ്പോഴായിരിക്കും കൊങ്കൺ പാത മനോഹരമായി ആസ്വദിക്കാൻ സാധിക്കുക.
12224 മുംബൈ എൽടിടി ദുരന്തോ എക്സ്പ്രസ്സ്, 16338 എറണാകുളം ഓഖാ എക്സ്പ്രസ്സ്, 16312 ശ്രി ഗംഗാനഗർ വീക്കിലി എക്സ്പ്രസ്സ്, , 16334 വെരാവൽ എക്സ്പ്രസ്സ്, 19259 ഭാവനഗർ ടെർമിനസ് എക്സ്പ്രസ്സ്, 16336 ഗാന്ധിധാം എക്സ്പ്രസ്സ് എന്നിവയാണ് നല്ല ഓപ്ഷനുകൾ. ഈ ട്രെയിനുകൾക്ക് രാവിലെ നാല് മണിയോടെ മംഗലാപുരം എത്തുകയും രാത്രി ഏഴരയോടെ റോഹയിലൂടെ കടന്നുപോകുകയും ചെയ്യുന്ന രീതിയിലാണ് സമയക്രമം. അതിനാൽ കൊങ്കൺ മേഖല മുഴുവൻ പകൽവെളിച്ചത്തിൽ ഈ ട്രെയിനുകളിലിരുന്ന് ആസ്വദിക്കാം.
മഡ്ഗാവ് നിന്നും റോഹ വരെയുള്ള പ്രദേശങ്ങളാണ് ശരിക്കും കൊങ്കണിന്റെ ഭംഗി. ആ വഴിയിലാണ് നിരവധി പാലങ്ങളും ടണലുകളും വെള്ളച്ചാട്ടങ്ങളും അരുവികളും മറ്റുമായി യഥാർത്ഥ കാനനഭംഗി നിലനിൽക്കുന്നത്. ഈ പ്രദേശത്ത് ഉള്ള ഉക്ഷി സ്റ്റേഷൻ വളരെ പ്രസിദ്ധമാണ്. മഴക്കാലമായാൽ നിരവധി വെള്ളച്ചാട്ടങ്ങളും കുരങ്ങന്മാരും നിറയുന്ന ഈ സ്റ്റേഷൻ ടൂറിസ്റ്റുകളുടെ ഒരു കേന്ദ്രം കൂടിയാണ്. നിലവിൽ ഒക്ടോബർ 31ന് മൺസൂൺ ടൈംടേബിൾ തീരുന്നതോടെ ഈ റൂട്ടിലൂടെയുള്ള ട്രെയിനുകളുടെ 'മെല്ലെപ്പോക്കും' അവസാനിക്കും. അതിന് മുന്നേ എല്ലാം ആസ്വദിച്ചുകാണണമെങ്കിൽ ഇപ്പോൾ തന്നെ യാത്ര തിരിച്ചോളൂ!
Content Highlights: Konkan railways offers a mezmerising beauty of nature.