വാഗമണിലെ ചില്ലുപാലം വീണ്ടും തുറന്നു; കരുതലോടെ യാത്ര പ്ലാൻചെയ്യാം

വാഗമണിലെ ചില്ലുപാലം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. കാഴ്ചകാണാന്‍ പോകുന്നവര്‍ എന്തെല്ലാം ശ്രദ്ധിക്കണം

dot image

പ്രകൃതിയുടെ കാഴ്ചകള്‍ കണ്ട് സ്വയംമറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഗമണിലേക്ക് പോകാം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 125 ദിവസത്തെ അടച്ചിടലിന് ശേഷം വാഗമണിലെ ചില്ലുപാലം വീണ്ടും തുറന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണ് വാഗമണിലുള്ളത്.
3,600 അടി നീളമുളള ഈ ചില്ലുപാലത്തിലൂടെ നടന്നാല്‍ അത്ഭുത കാഴ്ചകളുടെ മാസ്മരികത നിങ്ങള്‍ക്ക് ആസ്വദിക്കാം. 40 മീറ്ററാണ് പാലത്തിന്റെ നീളം. ഒരേ സമയം 15 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന തരത്തിലാണ് പാലം ക്രമീകരിച്ചിരിക്കുന്നത്.

കോലാഹലമേട്ടിലുളള ചില്ലുപാലത്തില്‍ നിന്നാല്‍ സഞ്ചാരികള്‍ക്ക് കുറ്റിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ വിദൂര പ്രദേശങ്ങള്‍ കാണാന്‍ സാധിക്കും. ചില്ലുപാലം കൂടാതെ സ്‌കൈ സൈക്ലിംങ്, സ്‌കൈ വിങ്, സ്‌കൈ റോളര്‍ സിപ് ലൈന്‍, റോക്കറ്റ് ഇന്‍ജക്ടര്‍ തുടങ്ങിയ ആകര്‍ഷണങ്ങളും വാഗമണിലെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്.125 ദിവസം മുന്‍പ് അടച്ചുപൂട്ടുമ്പോള്‍ കോഴിക്കോട് നാഷണല്‍ ഇൻസിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇടക്കാല സുരക്ഷാ റിപ്പോര്‍ട്ട് തയാറാക്കാന്‍ മതിയായ സമയം നല്‍കിയിരുന്നു. ഇതനുസരിച്ച് ആവശ്യമായ സുരക്ഷാനടപടികള്‍ തയാറാക്കിയതോടെയാണ് പാലം രണ്ടാമത് തുറക്കാന്‍ അനുമതി നല്‍കിയത്.

വാഗമണ്‍ ഗ്ലാസ്ബ്രിഡ്ജിന്റെ പ്രത്യേകതകള്‍

ചൈനപോലുളള വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരിക്കുന്ന ഗ്ലാസ്ബ്രിഡ്ജ് വോക്കിംഗിന്റെ മനോഹാരിതയാണ് കേരളത്തിലെ വാഗമണിലും ഒരുക്കിയിരിക്കുന്നത്. ചില്ലുപാലത്തിലൂടെ നടക്കുമ്പോള്‍ ലഭിക്കുന്ന അതിസാഹസികതയുടെ കാഴ്ചാനുഭവമാണ് യാത്രക്കാർക്ക് ഇവിടം പ്രിയങ്കരമാക്കുന്നത്. കേരളത്തിലെ ആദ്യത്തെ സ്‌കൈവാക്ക് ഗ്ലാസ് പാലമാണ് ഈ വാഗമണ്‍ ഗ്ലാസ്ബ്രിഡ്ജ്. 2023 സെപ്തംബര്‍ 6നാണ് ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത 40 എം എം ഗ്ലാസിന്റെ അഞ്ച് പാളികള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് സപ്പോര്‍ട്ടുകള്‍ ഒന്നുമില്ലാതെ വായുവില്‍ നില്‍ക്കുന്ന മാതൃകയില്‍ ഉരുക്ക് വടങ്ങള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

ചില്ലുപാലം കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെയാണ് പാലം തുറന്നിരിക്കുന്നത്.
  • ചില്ലുപാലത്തില്‍ കയറാന്‍ ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
  • ഒരു സമയം 15 പേര്‍ക്ക് പാലത്തില്‍ കയറാം. ആറ് മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം.
  • മഴപോലുള്ള സാഹചര്യങ്ങളില്‍ പാലം അടക്കുന്നതാണ്.
  • ചെറിയ കുട്ടികളെ അതായത് നടക്കാറായിട്ടില്ലാത്ത കുട്ടികള്‍ക്ക് പാലത്തില്‍ കയറാന്‍ അനുവാദമില്ല.
  • തിരക്കുള്ള ദിവസങ്ങളാണെങ്കില്‍ പാലത്തില്‍ കയറാന്‍ ഏറെനേരം കാത്തിരിക്കേണ്ടിവരും.

Content Highlights :those who are going to see the glass bridge at Vagamon should know

dot image
To advertise here,contact us
dot image