നവംബർ മാസത്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന സൗത്ത് ഇന്ത്യയിലെ എട്ട് പ്രധാന ഹിൽ സ്റ്റേഷനുകൾ
തമിഴ്നാട്ടിലെ നീലഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഊട്ടി "ഹിൽ സ്റ്റേഷനുകളുടെ രാജ്ഞി" (Queen of Hill Stations) എന്നാണ് അറിയപ്പെടുന്നത്. അതിമനോഹരമായ ഭൂപ്രകൃതികൊണ്ടും കാലാവസ്ഥ കൊണ്ടും ഊട്ടി ആളുകളുടെ മനസ്സിനെ കീഴടക്കുകയാണ്. വിശാലമായ തേയിലത്തോട്ടങ്ങൾ, തടാകങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ മനോഹരമായ നഗരം. വിനോദസഞ്ചാരികൾക്ക് ഊട്ടിയിലെ തടാകത്തിൽ ബോട്ടിംഗ് നടത്താം. വാസ്തുവിദ്യയിലും പൈതൃകത്തിലും നിലകൊള്ളുന്ന കെട്ടിടങ്ങൾ സന്ദർശിക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ചരിത്രപ്രസിദ്ധമായ നീലഗിരി മൗണ്ടൻ റെയിൽവേയിലൂടെ മനോഹരമായ യാത്ര നടത്താം.
"ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി" (Princess of Hill Stations) എന്നാണ് കൊടൈക്കനാൽ അറിയപ്പെടുന്നത്. തണുത്ത കാലാവസ്ഥയ്ക്കും കോടമഞ്ഞ് മൂടിയ പർവതങ്ങൾക്കും ചുറ്റിനും നിറഞ്ഞ കാടുകളും കാണാൻ വേണ്ടി മാത്രം ആളുകൾ അവിടെ എത്തും. ബോട്ടിംഗിനും പിക്നിക്കിനുമുള്ള ഒരു പ്രശസ്തമായ സ്ഥലമാണ് കൊടൈക്കനാൽ.
വിശാലമായ തേയിലത്തോട്ടങ്ങൾക്കും മലനിരകൾക്കും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ട ഒരു മനോഹരമായ ഹിൽസ്റ്റേഷനാണ് കേരളത്തിലെ മൂന്നാർ. നവംബറിലെ കാലാവസ്ഥ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. മൂന്നാറിൽ എത്തിയാൽ സഞ്ചാരികൾക്ക് തേയില ഉൽപ്പാദനത്തെക്കുറിച്ച് പഠിക്കാനും ടീ ടേസ്റ്റിംഗ് ടൂറുകൾ ആസ്വദിക്കാനും കഴിയും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി കൊടുമുടി ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഇരവികുളം നാഷണൽ പാർക്ക് കാണാനുള്ള അവസരവും ലഭിക്കും.
കർണാടകയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് കൂർഗ്. തണുത്ത കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ കാപ്പിത്തോട്ടങ്ങളും പ്രകൃതി ഭംഗിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. നിരവധി ആകർഷണങ്ങളിൽ, കാപ്പിത്തോട്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിശയകരമായ വെള്ളച്ചാട്ടമായി ആബി വെള്ളച്ചാട്ടം വേറിട്ടുനിൽക്കുന്നു. അതേസമയം ആനകളുമായി അടുത്ത് ഇടപഴകാൻ ദുബാരെ എലിഫൻ്റ് ക്യാമ്പ് കൂർഗിലെ ഒരു സവിശേഷ ഘടകം കൂടിയാണ്. കോഫി എസ്റ്റേറ്റുകൾ സന്ദർശിക്കാനും കുന്നുകളിലൂടെ ട്രെക്കിംഗ് നടത്താനുള്ള അവസരവും ഉണ്ട്.
അധികം ആളുകൾക്ക് പരിചിതമല്ലാത്ത തമിഴ്നാട്ടിലെ ഒരു ഹിൽ സ്റ്റേഷനാണ് ഏർക്കാട്. "പാവങ്ങളുടെ ഊട്ടി" എന്നാണ് ഏർക്കാട് അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങൾക്കും മനോഹരമായ തടാകങ്ങൾക്കും പേരുകേട്ട ഹിൽ സ്റ്റേഷനാണ് ഏർക്കാട്. സമൃദ്ധമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഏർക്കാട് തടാകം ഏറെ സുന്ദരമാണ്. ലേഡീസ് സീറ്റിൽ സൂര്യാസ്തമയങ്ങൾ കാണാനുള്ള പ്രധാന സ്ഥലമാണ്.
പ്രകൃതി സ്നേഹികളുടെ പറുദീസയാണ് വയനാട്. വൈവിധ്യമാർന്ന വന്യജീവികൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പ്രശ്സതമാണ് വയനാട്. ശാന്തതയും സാഹസികതയും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് വയനാട്. പുരാതന പാറ കൊത്തുപണികൾക്ക് പേരുകേട്ട ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹകളും ബോട്ടിങ്ങിനും ട്രെക്കിംഗിനും അവസരമൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് അണക്കെട്ടായ ബാണാസുര സാഗർ അണക്കെട്ടും വയനാട്ടിൽ ഉണ്ട്. വന്യജീവി പ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് വയനാട് വന്യജീവി സങ്കേതം.
കുന്നുകൾ കൊണ്ടും ജൈവവൈവിധ്യങ്ങൾകൊണ്ടും പേരുകേട്ട സ്ഥലമാണ് നീലഗിരി. തേയിലത്തോട്ടങ്ങളും മൂടൽമഞ്ഞ് നിറഞ്ഞ താഴ്‌വരകളും നീലഗിരിയെ പ്രകൃതി സ്നേഹികളിലേക്ക് അടുപ്പിക്കുന്നു. സമൃദ്ധമായ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അവലാഞ്ച് തടാകം പ്രധാനമാണ്. നീലഗിരിയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ദൊഡ്ഡബെട്ട കൊടുമുടി മനോഹരമായ പ്രദേശമാണ്. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞി കൊണ്ടും നീലഗിരി പ്രശസ്തമാണ്.
കർണാടകയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിക്കമഗളൂർ കാപ്പിത്തോട്ടങ്ങൾക്കും പർവതനിരകൾക്കും പ്രശസ്തമാണ്. നവംബറിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാലാവസ്ഥയാണ് ഇവിടെയുള്ളത്. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ മുല്ലയനഗിരി കൊടുമുടിയിലേക്ക് സന്ദർശകർക്ക് ട്രെക്കിംഗ് നടത്താനും അവസരമുണ്ട്. പ്രകൃതിരമണീയമായ ബാബ ബുഡൻഗിരി കുന്നുകളുടെ മനോഹാരിത ആസ്വദിക്കുകയും ചെയ്യാം.
Content Highlights: 8 Best Hill Stations In South India You Can Explore This November