രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള കരാർ പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് (BEML). ഇൻ്റഗ്രൽ കോച്ച് ഫാക്ടറി 866.87 കോടി രൂപയുടെ കരാറാണ് ബിഇഎംഎല്ലിന് നൽകിയിരിക്കുന്നത്. രാജ്യത്തിൻ്റെ അതിവേഗ റെയിൽ യാത്രയിൽ ഈ നീക്കം നിർണ്ണായകമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2026 അവസാനത്തോടെ ഈ ബുള്ളറ്റ് ട്രെയിനുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
രണ്ട് അതിവേഗ ട്രെയിനുകളാണ് കരാരിൻ്റെ ഭാഗമായി ബിഇഎംഎൽ നിർമ്മിക്കുക. എട്ട് കോച്ചുകളുള്ള ഈ ബുള്ളറ്റ് ട്രെയിനുകളുടെ പരീക്ഷണ വേഗത മണിക്കൂറിൽ 280 കിലോമീറ്ററും പ്രവർത്തന വേഗത 250 കിലോമീറ്ററുമായിരിക്കും. ബിഇഎംഎല്ലിൻ്റെ ബെംഗളൂരുവിലെ നിർമ്മാണ കേന്ദ്രത്തിലാണ് രാജ്യത്തിൻ്റെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ഒരുങ്ങുന്നത്. ആധുനിക സൗകര്യങ്ങളോടെയാവും ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ പുറത്തിറങ്ങുക. പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത എട്ട് ചെയർ കാറുകളാണ് ഇതിൻ്റെ പ്രധാനസവിശേഷത. പുറകോട്ട് ചാരിയിരിക്കാവുന്ന സീറ്റുകളാവും ചെയർ കാറുകളിൽ സജ്ജീകരിക്കുക. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങളും ചെയർ കാറിൽ ഒരുക്കും. ഇതിന് പുറമെ യാത്രക്കാർക്കായി ഓൺബോർഡ് ഇൻഫോടെയ്ൻമെൻ്റ് സംവിധാനങ്ങളും സജ്ജീകരിക്കും. ഓരോ കോച്ചിനും 27.86 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. 2026 അവസാനത്തോടെ ബുള്ളറ്റ് ട്രെയിനുകൾ പുറത്തിറങ്ങും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി 2026 ഓഗസ്റ്റിൽ പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. 2028ഓടെ അതിവേഗ റെയിൽ ഇടനാഴിയുടെ പണി പൂർണ്ണമായും പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.
ജപ്പാനീസ് ടെക്നോളജി പ്രയോജനപ്പെടുത്താനുള്ള ആലോചനകൾക്കിടെയായിരുന്നു രാജ്യത്തിൻ്റെ അതിവേഗ ട്രെയിൻ നിർമ്മാണത്തിലേയ്ക്ക് ബിഇഎംഎൽ കടന്ന് വരുന്നത്. ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിക്കുന്നത് ചെലവ് കുറയ്ക്കാനും അഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന ആലോചനയുടെ ഭാഗമായാണ് അതിവേഗ ട്രെയിനുകളുടെ നിർമ്മാണം പൊതുമേഖല സ്ഥാപനമായ ബിഇഎംഎല്ലിനെ ഏൽപ്പിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഭാവിയിൽ രാജ്യത്തുടനീളമുള്ള അതിവേഗ റെയിൽവെ സംരംഭങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് റെയിൽ മേഖലയിൽ സ്വാശ്രയത്വം നേടാനുള്ള ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമായും വിലയിരുത്തപ്പെടുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ കമ്പനിയാണ് ബിഇഎംഎൽ. പ്രതിരോധ ഉപകരണങ്ങൾ, ഖനന ഉപകരണങ്ങൾ, റെയിൽ കോച്ചുകളും ഘടകങ്ങളും ഉൾപ്പെടെ വിവിധ ഹെവി ഉപകരണങ്ങൾ ബിഇഎംഎൽ നിർമ്മിക്കുന്നുണ്ട്. പ്രാഥമികമായി ആഭ്യന്തര വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിഇഎംൽ അതിൻ്റെ ഉൽപ്പന്നങ്ങൾ പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്.
Content Highlights: The bullet trainsets will be built at BEML's Bengaluru rail coach complex and are scheduled for delivery by the end of 2026