
സൗത്ത് ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് ദൂദ്‌സാഗർ വെള്ളച്ചാട്ടം. ഇന്ത്യയിലെത്തന്നെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. കൊടുംകാടിൻ്റെ ഉള്ളിൽ ഏറ്റവും മനോഹരമായ ഒരു സ്ഥലത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത് എന്നതിനാൽ നിരവധി ടൂറിസ്റ്റുകളാണ് ഇങ്ങോട്ട് ഒഴുകിയെത്തുന്നത്.
സാധാരണയായി മൺസൂൺ സമയത്ത് പൊതുവെ സഞ്ചാരികൾ ഇങ്ങോട്ട് വരാറില്ല. കൊടുംങ്കാടായതിനാലും, ട്രെക്ക് ചെയ്യേണ്ട വഴികളിലുള്ള അരുവികൾ നിറഞ്ഞൊഴുകുമെന്നതിനാലും വനംവകുപ്പ് അധികൃതർ തന്നെ ഇങ്ങോട്ടുള്ള പ്രവേശനം നിഷേധിക്കാറാണ് പതിവ്. കുലേം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നടന്ന് വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് എത്താവുന്നതാണ്. ഇപ്പോഴിതാ പുതിയ ഒരു ടൂറിസ്റ്റ് സീസണിനെ വരവേൽക്കാനൊരുങ്ങുകയാണ് വനംവകുപ്പും ടുറിസം കോർപ്പറേഷനും. നിങ്ങൾക്ക് ദൂദ്‌സാഗർ കാണാൻ പോകണമെന്നുണ്ടെങ്കിൽ, മഴയൊഴിഞ്ഞ് നിൽക്കുന്ന ഈ സമയം ബെസ്റ്റാണ് !
രണ്ട് രീതിയിൽ ദൂദ്‌സാഗറിലേക്ക് പോകാം. ഒന്ന്, ജീപ്പുകളിൽ കാട്ടിനുള്ളിലൂടെ. രണ്ട് റെയിൽപാളത്തിലൂടെ നടന്നും. ഇവയിൽ ഏത് രീതി തിരഞ്ഞെടുത്തലും ആദ്യം നമ്മൾ എത്തേണ്ടത് കുലേം റെയിൽവേ സ്റ്റേഷനിലേക്കാണ്. മഡ്‌ഗാവോണിൽ നിന്ന് ബെലഗാവി റൂട്ടിലാണ് കുലേം റെയിൽവേ സ്റ്റേഷൻ. കൊങ്കൺ റെയിൽപാത അല്ലാത്തതിനാൽ ഈ പാതയിൽ എപ്പോഴും തീവണ്ടികളുണ്ടാകില്ല, എങ്കിലും പാസഞ്ചർ, എക്സ്പ്രസ്സ് ട്രെയിനുകൾ അടക്കം കുറച്ച് ട്രെയിനുകൾ ഓടുന്നുമുണ്ട്. അവയുടെ സമയം കൃത്യമായി മനസിലാക്കി വേണം യാത്ര തിരിക്കാൻ.
കുലേമിൽ ഇറങ്ങിയാൽ സ്റ്റേഷന് തൊട്ടടുത്തായിത്തന്നെ ജീപ്പ് ബുക്ക് ചെയ്യാൻ സാധിക്കും. കൊടുംകാടിന് നടുവിലൂടെയുള്ള ഈ യാത്ര അല്പം സാഹസികമാണ് എന്ന് മാത്രമല്ല. കാട്ടരുവികളും മറ്റും കടന്നുള്ള പാത അതിമനോഹരവുമാണ്. ഇതല്ല, അല്പം സാഹസികതയും മറ്റും ഇഷ്ടപ്പെടുന്നയാളാണെങ്കിൽ റെയിൽപാതയിലൂടെ കിലോമീറ്ററുകളോളം നടന്ന് വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം. ട്രെക്കിങ് മാത്രം ലക്ഷ്യം വെച്ച് വരുന്ന നിരവധി പേർ ഈ സാധ്യതയാണ് കൂടുതലും തിരഞ്ഞെടുക്കുക.
ജനുവരി ആകുന്നതോടെ വെള്ളച്ചാട്ടം നേർത്തതായിത്തീരും എന്നതിനാൽ ഈ സമയമാണ് ആളുകൾ കൂടുതലായും ട്രെക്കിങ്ങിന് തിരഞ്ഞെടുക്കുക. 310 മീറ്റർ ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം, പല പല കൈവഴികളിലൂടെയാണ് വീഴുന്നത്. അത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആ ഭംഗി നിങ്ങൾക്കും ആസ്വദിക്കണമെങ്കിൽ ഇപ്പോൾ തന്നെ വിട്ടോളൂ, പാൽ പോലെയൊഴുകുന്ന ഈ സുന്ദരിയുടെ അടുത്തേക്ക്.
Content Highlights: plans for dudhsagar trekking