മാത്തേരനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പ്രകൃതിയോട് ഇണങ്ങി ചേർന്ന് കിടക്കുന്ന, ഹരിതാഭയുള്ള, തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം. ഇന്ത്യയിലെ ഏറ്റവും ചെറിയ ഈ ഹിൽസ്റ്റേഷന് പ്രത്യേകതകൾ ഏറെയാണ്. മുംബൈ, പൂനെ എന്നീ നഗരങ്ങളിൽ നിന്ന് രണ്ടോ മൂന്നോ മണിക്കൂർ യാത്ര ചെയ്താൽ മാത്തേരനിലെത്താം. മലകളും, പച്ചപ്പ് നിറഞ്ഞ കുന്നുകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. പോണി റൈഡുകൾ, ടോയ് ട്രെയിൻ റൈഡുകൾ, ഹെറിറ്റേജ് ബംഗ്ലാവ് ഇതെല്ലാമാണ് സഞ്ചാരികളെ മാത്തേരനിലേക്ക് ആകർഷിക്കുന്നത്.
നവംബർ മുതൽ ഫെബ്രുവരി വരെയാണ് മാത്തേരൻ സന്ദർശിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയം. ശാന്തമായ അന്തരീക്ഷവും സുഖകരമായ കാലാവസ്ഥയുമാണ് അവിടെയുള്ളത്. ഡ്യൂൺ ബാർ ഹൗസ്, അലക്സാണ്ടർ ഹെറിറ്റേജ്, റെയിൻഫോറസ്റ്റ് റിസോർട്ട് തുടങ്ങിയ ഗസ്റ്റ് ഹൗസുകളെയും സഞ്ചാരികൾക്ക് താമസത്തിനായി ആശ്രയിക്കാം. ഒളിമ്പിയ റേസ്‌കോഴ്‌സ്, പേമാസ്റ്റർ പാർക്ക്, കർസൻദാസ് മുൽജി മുനിസിപ്പൽ ലൈബ്രറി തുടങ്ങിയവും ആളുകൾക്കായി അവിടെ തയ്യാറാണ്.
വേനൽക്കാലത്താണ് ഇവിടെ പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ മാർച്ച് മുതൽ മെയ് വരെയുള്ള സമയം തിരഞ്ഞെടുക്കണം. ഷാർലറ്റ് തടാകം, റോക്ക് ക്ലൈമ്പിങ്ങ്, ധോദനി വെള്ളച്ചാട്ടം, ലൂയിസ, എക്കോ, പനോരമ തുടങ്ങിയ വ്യൂ പോയിൻ്റുകളും ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്താണ് എത്തുന്നതെങ്കിൽ പല സ്പോട്ടുകളും അടച്ചിടാൻ സാധ്യത ഏറെയാണ്. ടോയ് ട്രെയിൻ സർവീസുകൾ അടക്കം നിർത്തിവെയ്ക്കാൻ സാധ്യതയുണ്ട്.
പലർക്കുമുള്ള ഒരു സംശയമാണ് മൺസൂൺ കാലത്ത് മാത്തേരൻ അടച്ചിടുമോ എന്നത്. എന്നാൽ മൺസൂൺ കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് മാത്തേരൻ അടച്ചിടില്ല. എങ്കിൽ പോലും മഴക്കാലത്ത് ടോയ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവെയ്ക്കാറുണ്ട്. ഒപ്പം മഴക്കാലം ആയതിനാൾ തന്നെ അപകട സാധ്യത മുന്നിൽ കണ്ട് ചില സ്പോട്ടുകളും റോഡുകളും അടച്ചിടാൻ സാധ്യത ഏറെയാണ്. അതിനാൾ മൺസൂൺ സമയത്ത് മാത്തേരൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടുത്തെ സാഹചര്യം കൃത്യമായി അന്വേഷിച്ചതിന് ശേഷം യാത്രയ്ക്ക് തയ്യാറാകുക.
മുംബൈയിൽ നിന്നും പൂനെയിൽ നിന്നും രണ്ടോ മൂന്നോ മണിക്കൂർ യാത്ര ചെയ്താൽ മാത്തേരനിൽ എത്തി ചേരാൻ സാധിക്കും. മുംബൈയിൽ നിന്നോ പൂനെയിൽ നിന്നോ നെറലിലേക്ക് 90 മിനിറ്റ് ട്രെയിൻ യാത്ര ചെയ്യാം. നെറലിൽ നിന്ന്, ടോയ് ട്രെയിൻ സർവീസുകൾ ഉപയോഗിക്കാം. ടോയ് ട്രെയിൻ ദിവസം രണ്ട് തവണ സർവീസ് നടത്തുന്നുണ്ട്. ഏതാണ്ട് രാവിലെ 8:50 നും 10:25 നുമാണ് സർവീസ് സമയങ്ങൾ. 100 വർഷത്തിലേറെ പഴക്കമുള്ളതും 21 കിലോമീറ്റർ ദൈർഘ്യമുള്ളതുമായ നെരൽ-മാതേരൻ നാരോ ഗേജ് ടോയ് ട്രെയിൻ ഹിൽ സ്റ്റേഷനിലെത്താനുള്ള ഏറ്റവും എളുപ്പ മാർഗമാണ്. മഴക്കാലത്തുണ്ടായ മണ്ണൊലിപ്പ് കാരണം 2024 ജൂൺ 8-ന് ടോയ് ട്രെയിൻ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പിന്നീട് ടോയ് ട്രെയിൻ ഒക്‌ടോബറിൽ വീണ്ടും തുറക്കുകയായിരുന്നു. ദസ്തൂരി പോയിൻ്റിൽ നിന്ന് മാത്തേരനിലേക്ക് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്. ഇവിടെ കുതിരസവാരി തിരഞ്ഞെടുക്കാൻ അവസരമുണ്ട്. മത്തേരനിൽ കൂടുതൽ സന്ദർശകർ എത്തുന്നത് ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഒപ്പം ഒക്ടോബർ മാസത്തിലെ ദീപാവലി സമയത്തും ആളുകൾ ഇവിടെ എത്താറുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാല മാസങ്ങളിലും ഇവിടെ തിരക്ക് കൂടുതലാണ്,
മാത്തേരനിലെ താപനില വർഷം മുഴുവനും വ്യത്യസ്തമാണ്. മാർച്ച് മുതൽ മെയ് വരെ 20°C നും 35°C നും ഇടയിലാണ് ഇവിടുത്തെ താപനില. ജൂൺ മുതൽ സെപ്റ്റംബർ വരെ 25 ° C മുതൽ 30 ° C വരെയും ഒക്ടോബർ മുതൽ ഫെബ്രുവരി വരെ താപനില 16 ° C - 32 ° C വരെയുമാണ് താപനില.
Content Highlight: India's smallest charming hill station Matheran, is ready for the visiters. You can reach there by travelling two to three-hour drive Mumbai and Pune. View points like Charlotte Lake, Rock Climbing, Dhodani Falls, Louisa, Echo and Panorama are major attraction here.