സമ്പന്നമായ ചരിത്രം കൊണ്ടും വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം കൊണ്ടും പ്രകൃതിസൗന്ദര്യകൊണ്ടുമെല്ലാം നമ്മുടെ ഇന്ത്യ വിദേശസഞ്ചാരികൾക്ക് ഏറെ പ്രിയംകരമാണ്. വിദേശസഞ്ചാരികൾ ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളും അവർ ഗൂഗിളിൽ തിരയുന്ന പ്രധാന ഇന്ത്യൻ നഗരങ്ങളും പരിചയപ്പെടാം. തിരക്കേറിയ നഗരങ്ങളും ചരിത്രപ്രധാനമായ കെട്ടിടങ്ങളും ശാന്തമായ ഹിൽ സ്റ്റേഷനുകളും യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളും ഇന്ത്യയെ അടുത്ത് അറിയാൻ ആഗ്രഹിക്കുന്ന വിദേശസഞ്ചാരികൾ തിരയുന്നുണ്ട്. ഗൂഗിൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ വിദേശസഞ്ചാരികൾ തിരയുന്ന പ്രധാന നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യയുടെ തലസ്ഥാന നഗരമാണ് ഡൽഹി. പൈതൃകത്തോടൊപ്പം ആധുനികതയും കണ്ണിചേരുന്ന ഡൽഹിയുടെ കാഴ്ചകൾ വിദേശ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകളാണ് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടം. ചരിത്ര പ്രാധാന്യത്തോടൊപ്പം ആധുനിക വിപണികളും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും ഡൽഹിയെ സഞ്ചാരികളുടെ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിർത്തുന്നത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ സഞ്ചാരികളുടെ മനം കവരുന്ന ഇടമാണ്. ബോളിവുഡ് സിനിമ മേഖലയും ഗേറ്റ്‌വേ ഓഫ് ഇന്ത്യയുമെല്ലാം നഗരത്തിൻ്റെ ഭംഗിയെ സഞ്ചാരികളിലേക്ക് അടുപ്പിക്കുന്നു.
ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിളിക്കപ്പെടുന്ന നഗരമാണ് ബെംഗളൂരു. വളർന്നു കൊണ്ടിരിക്കുന്ന നഗരത്തിൻ്റെ ഭംഗി വിനോദസഞ്ചാരികൾക്ക് ഒപ്പിയെടുക്കാനുള്ള അവസരം ഇവിടെ കിട്ടും. ബാംഗ്ലൂർ കൊട്ടാരം, കോട്ടകൾ, പാർക്കുകൾ, തെരുവുകൾ, വൈവിധ്യവും സാധ്യതകളുമുള്ള ഭക്ഷണി രീതികൾ തുടങ്ങിയവയെല്ലാം ബെംഗളൂരുവിനെ സഞ്ചാരികളിലേക്ക് ആകർഷിക്കുന്നു.
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ മനോഹരമായ പിങ്ക് നിറത്തിലുള്ള വാസ്തുവിദ്യയ്ക്കും രാജകീയ പൈതൃകത്തിനും പേരുകേട്ടതാണ്. ആംബർ ഫോർട്ട്, ഹവ മഹൽ, ബസാറുകൾ തുടങ്ങിയ പ്രധാന ആകർഷണങ്ങൾ രാജസ്ഥാൻ്റെ രാജകീയ ചരിത്രം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരവസരമാണ്.
സംസ്കാരത്തിനും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്ന ഒരു നഗരം എന്ന നിലയിൽ ഏറെ പ്രശസ്തമാണ് ചെന്നൈ. മറീന ബീച്ചാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചരിത്രപരമായ ക്ഷേത്രങ്ങൾ കാണാനും ദക്ഷിണേന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവും ഇവിടുന്ന് ലഭിക്കുന്നു.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഹംപി പുരാതന അറിവുകൾ പകർന്ന് തരുന്ന ഒരു സ്ഥലം കൂടിയാണ്. ഒരിക്കൽ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന ഈ നഗരത്തിൻ്റെ അതെ പ്രൗഢി ഇന്നും നിലനിർത്തുന്നുണ്ട്.
ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ലേ അതിമനോഹരമായ പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളുടെ മനം കവരുന്ന ഒരു ഇടമാണ്. ബുദ്ധമതകേന്ദ്രങ്ങൾ സന്ദർശിക്കാനും ട്രെക്കിംഗിനും അനുയോജ്യമായ സ്ഥലമാണ് ലേ.
ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന പട്‌നിടോപ്പ് പുൽമേടുകൾക്കും ഹിമാലയത്തിൻ്റെ പനോരമിക് കാഴ്ചകൾക്കും പേരുകേട്ട ഒരു ഹിൽസ്റ്റേഷനാണ്. പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് പട്നിടോപ്പ്.
മനോഹരമായ താഴ്‌വരകൾക്കും പ്രകൃതി ഭംഗിക്കും പേര് കേട്ട സ്ഥലമാണ് പഹൽഗാം. അമർനാഥ് യാത്രയിലേക്കുള്ള ട്രെക്കർമാരുടെയും തീർഥാടകരുടെയും പ്രധാന വിശ്രമ സ്ഥലമാണ് പഹൽഗാം.
പ്രകൃതി സൗന്ദര്യത്തിനും കാപ്പിത്തോട്ടങ്ങൾക്കും പേരുകേട്ട സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കാം കൂർഗിനെ. ട്രെക്കിംഗ്, വെള്ളച്ചാട്ടങ്ങൾ, സാംസ്കാരിക ആഘോഷങ്ങൾ തുടങ്ങിയ വൈവിധ്യപൂർണ്ണമായ കാഴ്ചകളാൽ സമ്പന്നമാണ് ഈ ഹിൽസ്റ്റേഷൻ.
ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വിജയവാഡ. പ്രസിദ്ധമായ കനക ദുർഗ്ഗാ ക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്രപരമായ ക്ഷേത്രങ്ങൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് വിജയവാഡ. പ്രകൃതി ഭംഗിയോടൊപ്പം സാംസ്കാരിക ഭംഗിയും ഈ നഗരത്തിനുണ്ട്.
ശിൽപങ്ങൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രങ്ങൾക്ക് പേരുകേട്ട ഖജുരാഹോ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്. പുരാതന ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അറിയാൻ വിനോദസഞ്ചാരികൾ മധ്യപ്രദേശിലെ ഈ സ്ഥലം സന്ദർശിക്കാറുണ്ട്.
Content Highlights : Many of the Indian cities were searched by Foreign Tourists on Google. These destinations highlight the diversity of experiences that India offers to international travelers, from its bustling cities and historic landmarks to serene hill stations and UNESCO World Heritage sites