സെമി-ഹൈസ്പീഡ‍് സ്ലീപ്പ‍ർ വന്ദേഭാരത് പതിപ്പ് ഒരുങ്ങുന്നു; പുതിയ യാത്രാനുഭവം പകരുന്ന സവിശേഷതകൾ അറിയാം

11 ത്രീ ടയർ എസി കോച്ചുകളും നാല് ടൂ ടയർ എസി കോച്ചുകളും ഒരു ഫസ്റ്റ്ക്ലാസ് ജനറൽ കോച്ചുമാണ് സെമി-ഹൈസ്പീഡ‍് സ്ലീപ്പ‍ർ വന്ദേഭാരതിലുണ്ടാവുക. 823 പേർക്ക് ഇതിൽ യാത്ര ചെയ്യാം

dot image

ഏറെ സവിശേഷതകളോടെ ഒരുങ്ങുന്ന രാജ്യത്തെ ആദ്യത്തെ സെമി-ഹൈസ്പീഡ‍് സ്ലീപ്പ‍ർ വന്ദേഭാരത് പതിപ്പിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കി. നവംബർ 15ന് കമ്മീഷൻ ചെയ്യാൻ കഴിയുന്ന വിധം ചെന്നൈ ആസ്ഥാനമായുള്ള ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേഭാരത് സ്ലീപ്പ‍ർ പതിപ്പിൻ്റെ നി‍ർമ്മാണം പുരോ​ഗമിക്കുകയാണ്. രാത്രികാല ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായി തയ്യാറാക്കിയ പൂ‍ർ‌ണ്ണമായി എയ‌ർ കണ്ടീഷൻഡ‍് ചെയ്ത 16 കാ‍‍ർ‌ സ്ലീപ്പ‍ർ‌ റേക്കുകളാണ് നി‍ർമ്മിക്കുന്നത്. 120 കോടി രൂപയാണ് നി‍ർമ്മാണ ചെലവ്. വന്ദേഭാരതിൻ്റെ സ്ലീപ്പ‍ർ വേർഷൻ ഡിസൈൻ ചെയ്തത് ഐസിഎഫിലെ എഞ്ചിനീയറിം​ഗ് ടീമാണ്. എന്നാൽ ഇത് നിർമ്മിച്ചത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡാണ്. 11 ത്രീ ടയർ എസി കോച്ചുകളും നാല് ടൂ ടയർ എസി കോച്ചുകളും ഒരു ഫസ്റ്റ്ക്ലാസ് ജനറൽ കോച്ചുമാണ് സെമി-ഹൈസ്പീഡ‍് സ്ലീപ്പ‍ർ വന്ദേഭാരതിലുണ്ടാവുക. 823 പേർക്ക് ഇതിൽ യാത്ര ചെയ്യാം.

വന്ദേഭാരതിൻ്റെ പത്ത് 16-കാർ സ്ലീപ്പർ റേക്കുകൾ കൂടി ബിഇഎംഎല്ലുമായി സഹകരിച്ച് നി‍ർമ്മിക്കുമെന്ന് പ്രോട്ടോടൈപ്പ് അനാശ്ചാദന ചടങ്ങിൽ ഐസിഎഫ് ജനറൽ മാനേജർ സുബ്ബ റാവു വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരതിൻ്റെ 20-കാർ സ്ലീപ്പർ പതിപ്പിൻ്റെ 50 റേക്കുകൾക്കുള്ള ഓർഡറുകൾ അടുത്തിടെ ബിഇഎംഎല്ലിന് ലഭിച്ചിരുന്നു.

അപകടം തടയാനുള്ള മുൻകരുതലുകൾ ഉൾപ്പെട നിരവധി ഫീച്ചറുകളോട് കൂടിയാണ് വന്ദേഭാരത് സ്ലീപ്പർ വേർഷൻ ഒരുങ്ങുന്നത്. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം, ക്രാഷ്‌വേർട്ടി കപ്ലറുകൾ, മുൻവശത്തും വശങ്ങളിലുമുള്ള ക്രാഷ് ബഫറുകൾ, തീപിടുത്തം മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനം തുടങ്ങിയവയാണ് സുരക്ഷ മുൻകരുതലകളുടെ ഭാ​ഗമായി ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട യാത്രാനുഭവം പ്രധാനം ചെയ്യുന്ന നിരവധി ഫീച്ചറുകൾ വന്ദേഭാരത് സ്ലീപ്പർ വേർഷനിലുണ്ട്. ഓസിലേഷൻ ട്രയലുകൾ, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം ടെസ്റ്റുകൾ, കൺട്രോൾ, ഇലക്ട്രിക്കൽ സിസ്റ്റങ്ങളുടെ പരീക്ഷണങ്ങൾ എന്നിവയ്ക്കായി സ്ലീപ്പർ പ്രോട്ടോടൈപ്പ് ലഖ്‌നൗ ആർഡിഎസ്ഒയിലേക്ക് അയയ്ക്കുമെന്നും ഐസിഎഫ് ജനറൽ മാനേജർ സുബ്ബ റാവു കൂട്ടിച്ചേർ‌ത്തു.

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന രീതിയിലാണ് വന്ദേഭാരത് സ്ലീപ്പർ വേർഷൻ്റെ രൂപകൽപ്പന. പരീക്ഷണഘട്ടത്തിൽ 180 കിലോമീറ്റർ വേഗതയിലാവും ട്രെയിൻ ഓടിക്കുക. ഡിസംബറോടെ വന്ദേ ഭാരത് ചരക്ക് റേക്കിൻ്റെ പ്രോട്ടോടൈപ്പ് തയ്യാറാകുമെന്ന് റാവു വ്യക്തമാക്കിയിട്ടുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളാൽ പ്രവർത്തിക്കുന്ന ഒരു പുതിയ പ്രോട്ടോടൈപ്പിനുള്ള മാതൃക ലഭിച്ചിട്ടുണ്ടെന്നും രണ്ട് പവർ കാറുകൾ ആറ് മാസത്തിനുള്ളിൽ തയ്യാറാകുമെന്നും ഐസിഎഫ് ജിഎം വ്യക്തമാക്കി.‌

സെമി-ഹൈസ്പീഡ‍് സ്ലീപ്പ‍ർ വന്ദേഭാരത് പതിപ്പിൻ്റെ പ്രധാന സവിശേഷതകൾ

  • ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്ന കവച് സംവിധാനം
  • പാസഞ്ച‍ർ കോച്ചുകൾ മുതൽ ഡ്രൈവർ കാബിൻ വരെയുള്ള എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ്
  • ജിപിഎസ് അധിഷ്‌ഠിത എൽഇഡി ഡിസ്‌പ്ലേ
  • ഇൻ്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, ചാർജിംഗ് സോക്കറ്റുകളോട് കൂടിയ വിശാലമായ ലഗേജ് സംവിധാനം അടക്കമുള്ള ആധുനിക സൗകര്യങ്ങൾ
  • ബയോ വാക്വം ടോയ്‌ലറ്റ്
  • ഫസ്റ്റ് എസി കോച്ചിൽ ചൂടുവെള്ളമുള്ള ഷവർ
  • എക്സ്പ്ലോഷൻ പ്രൂഫ് ലിഥിയം-അയൺ ബാറ്ററികൾ
  • വൈദ്യുതി തകരാർ സംഭവിച്ചാൽ 3 മണിക്കൂർ എമർജൻസി ബാക്കപ്പ്

Content Highlights: Chennai-based Integral Coach Factory unveiled the prototype of Vande Bharat’s sleeper version 

dot image
To advertise here,contact us
dot image