
രാജ്യത്ത് ട്രെയിൻ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ മറികടക്കാൻ പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കാനൊരുങ്ങി റെയിൽവെ. ഇതിനായി ലൈറ്റ് ഡിറ്റക്ടിങ് ആൻഡ് റേഞ്ചിങ് ( ലിഡാർ ) സംവിധാനം ഒരുക്കാനായി 3200 കോടി രൂപയുടെ ടെൻഡറാണ് ക്ഷണിച്ചിരിക്കുന്നത്.
രാജ്യത്തെമ്പാടും 1000 ട്രെയിനുകളിലും 1500 കിലോമീറ്റർ റെയിൽപാതയിലുമാണ് ലിഡാർ സംവിധാനം ഏർപ്പെടുത്തുക. 18 മുതൽ 24 മാസത്തിനുള്ളിൽ എല്ലാ പണികളും തീർക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാക്കുകളിലെ വിവിധ കേടുപാടുകൾ, ട്രാക്ക് മുറിഞ്ഞുപോയ അവസ്ഥകൾ തുടങ്ങിയവ കണ്ടുപിടിക്കാനാണ് ലിഡാർ എന്ന ടെക്നോളജി ഉപയോഗിക്കുന്നത്.
സെൻസർ ഇമേജുകളിലൂടെ ട്രാക്കുകളുടെ 3ഡി മോഡലുകൾ ഉണ്ടാക്കി അപകടങ്ങൾ ഒഴിവാക്കുകയാണ് ലിഡാർ ചെയ്യുക. ലേസർ ബീമുകൾ വഴി, പാളങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തുകയും, ദൂരം കൃത്യമായി അളക്കുകയും ചെയ്യും. ട്രെയിനുകളിൽ സ്ഥാപിച്ച സെൻസറുകൾ വഴി കൃത്യമായി ഈ വിവരങ്ങൾ എത്തുകയും, ഇതുവഴി അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ മേന്മ. ഇത് വഴി ട്രെയിൻ പാലം തെറ്റുന്നത് പരമാവധി ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
രാജ്യത്തിൻറെ പല ഭാഗത്തും ട്രെയിനുകൾക്ക് നേരെ അട്ടിമറി ശ്രമം ഉണ്ടാകുന്നതിനാലാണ് റെയിൽവെ ഈ സംവിധാനം പരീക്ഷിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ ഇത്തരത്തിൽ 24 അട്ടിമറി ശ്രമമാണുണ്ടായത്. ട്രാക്കുകളിൽ ഗ്യാസ് സിലിണ്ടറുകൾ വെച്ചും ഡിറ്റോനേട്ടറുകൾ സ്ഥാപിച്ചും ട്രെയിനുകൾക്ക് നേരെ അട്ടിമറി ശ്രമമുണ്ടായി. ഇതോടെയാണ് സുരക്ഷാ ശക്തമാകാൻ റെയിൽവെ തീരുമാനിച്ചത്.
ട്രാക്കുകളിൽ കേടുപാടുകൾ അറിയിക്കുന്നതിലുടെ ട്രെയിനുകൾ പാളംതെറ്റുന്നതും കുറയ്ക്കാൻ സാധിക്കും. നിലവിൽ ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലെ മൂന്ന് കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ ലിഡാർ സംവിധാനം പരിചയപ്പെടുത്താനൊരുങ്ങുന്നത്. ചൈനീസ് കമ്പനിയായ ഹെസായ് ടെക്‌നോളജിയാണ് ഈ മേഖലയിലെ ഭീമൻ.
Content Highlights: railways to introduce new method to reduce accidents