വിനോദസഞ്ചാരത്തിന് പേരുകേട്ട ജനപ്രിയ സംസ്ഥാനമാണ് കര്‍ണാടക. പുരാതനമായ ക്ഷേത്രങ്ങള്‍, ആകര്‍ഷകമായ നഗര പ്രദേശങ്ങള്‍, മലനിരകള്‍, വനങ്ങള്‍, മനോഹരമായ ബീച്ചുകള്‍ എന്നിവയാല്‍ അറിയപ്പെടുന്നയിടം കൂടിയാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയിലെ ബീച്ച് ടൂറിസത്തില്‍ പുതിയ നയങ്ങള്‍ രൂപീകരിക്കാനൊരുങ്ങുകയാണ് കര്‍ണാടക ടൂറിസംവകുപ്പ്. സന്ദര്‍ശകര്‍ക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ ഗോവയിലേതുപോലെ കര്‍ണ്ണാടക ബീച്ചുകളും ജനപ്രിയമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പറയുകയാണ് കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍. രാത്രിയില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗകര്യമുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, വിനോദ സഞ്ചാരികളെ രാത്രിയില്‍ കൂടുതല്‍ സമയം ബീച്ചില്‍ ചെലവഴിക്കാന്‍ അനുവദിക്കുക തുടങ്ങിയവയൊക്കെ ടൂറിസംവകുപ്പിന്റെ ആലോചനയിലുണ്ട്.
ഗോവന്‍ ബീച്ചുകളിലെ ടൂറിസം വികസനം മാതൃകയായിക്കണ്ട് കര്‍ണാടകയിലും ബീച്ച് ടൂറിസം സാധ്യതകള്‍ ഉയര്‍ത്തുന്നു. കുടിലുകള്‍ ഗോവന്‍ കടല്‍ത്തീരങ്ങളില്‍ പ്രധാനപ്പെട്ട ആകര്‍ഷണമാണ്. കര്‍ണാടകയിലെ കടല്‍ത്തീരങ്ങളിലും ഇത്തരം കുടിലുകള്‍ അവതരിപ്പിക്കുക എന്നതാണ് പുതിയ മാറ്റം. സഞ്ചാരികള്‍ക്ക് ഭക്ഷണപാനീയങ്ങള്‍, മധുരകരമായ സംഗീതം എന്നിവയോടൊപ്പം കടല്‍ത്തീരങ്ങളില്‍ ചെലവഴിക്കാനുളള നല്ലൊരു അവസരം കൂടിയാണ് പകര്‍ന്നുനല്‍കുന്നത്.
കുടിലുകളിലെ മനോഹരമായ വൈബിനൊപ്പം ബീച്ചുകളില്‍ ടൂറിസം ഏജന്‍സി മദ്യം കഴിക്കാന്‍ കൂടി അനുമതി നല്‍കുന്നുണ്ട്. നിലവില്‍ ഇവിടുത്തെ ബീച്ചുകളില്‍ മദ്യം കഴിക്കാന്‍ അനുമതി ഇല്ല. ഈ പരിധികളെല്ലാം മാറ്റി ദക്ഷിണ കന്നഡ, ഉടുപ്പി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇതിന് അനുമതി നല്‍കും.
മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം ടെന്‍റ് ടൂറിസമാണ്. പ്രകൃതിയുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ടെന്റുകള്‍ നിര്‍മ്മിക്കുക വഴി യാത്രക്കാര്‍ക്ക് അധിക താമസ സൗകര്യം ലഭിക്കുമെന്നും ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights :Karnataka is gearing up to make major changes in beach tourism to attract tourists. New tourism projects include setting up huts on the beaches, allowing alcohol consumption and setting up tents