ഇന്ത്യയില്‍ അങ്ങനെയൊരു ഗ്രാമമുണ്ട്, ശപിക്കപ്പെട്ടതെന്ന് ആളുകള്‍ വിളിക്കുന്ന ഒരു ഗ്രാമം. രാജസ്ഥാനിലെ കുല്‍ധാര. പാരമ്പര്യത്തിനും ധീരതയ്ക്കും കഠിനാധ്വാനത്തിനും പേരുകേട്ടയിടം. വലിയ പ്രതാപവും പ്രശസ്തിയും നിറഞ്ഞുനിന്ന ഈ ഗ്രാമം ആള്‍ത്താമസമില്ലാതെ പൊട്ടിപ്പൊളിഞ്ഞ അവശേഷിപ്പ് മാത്രമായി മാറിയതിന് പിന്നില്‍ ഒരു കഥയുണ്ട്. 200ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരക്കണക്കിന് ഗ്രാമവാസികള്‍ ഒരു അര്‍ധരാത്രിയില്‍ ഗ്രാമം ഉപേക്ഷിച്ച് പോയ കഥ.
കാര്‍ഷിക വൈദഗ്ധ്യത്തിന് പേരുകേട്ട രാജസ്ഥാനിലെ സമ്പന്ന സമൂഹമായ പാലിവാള്‍ ബ്രാഹ്‌മണരാണ് 13ാം നൂറ്റാണ്ടില്‍ കുല്‍ധാര എന്ന ഗ്രാമം സ്ഥാപിച്ചത്. വളരെയധികം കഠിനാധ്വാനികളായിരുന്നു അവര്‍. കുല്‍ധാര അതിന്റെ പ്രതാപകാലത്ത് വളരെ സമ്പന്നമായ ഗ്രാമമായിരുന്നു. അഭിവൃദ്ധിയും സമ്പത് സമൃദ്ധിയും നിറഞ്ഞ സമാധാനപരമായ അന്തരീക്ഷം നിറഞ്ഞ ഗ്രാമം.
കുല്‍ധാരയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് ജയ്‌സാമീര്‍ (രാജസ്ഥാന്റെ ഹൃദയം) എന്നറിയപ്പെടുന്ന നഗരം സ്ഥിതി ചെയ്യുന്നത്.
അവിടുത്തെ പ്രാദേശിക ഭരണാധികാരിയായിരുന്നു ദിവാന്‍ സലിംസിങ് . ക്രൂരനും അഹങ്കാരിയുമായ ഇയാള്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ട യുവതികളെ മോഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കുല്‍ധാര ഗ്രാമത്തിന്റെ സമ്പത്തിലേക്ക് ആകൃഷ്ടനായ ദിവാന്‍ സലിംസിങ് ആ ഗ്രാമത്തിലേക്ക് വരാനിടയായി. കുല്‍ധാരയിലെ ഗ്രാമത്തലവന്റെ മകളില്‍ ആകൃഷ്ടനായ സലിംസിങ് അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. തനിക്കും തന്റെ ആഗ്രഹങ്ങള്‍ക്കും എതിരായി ആരെങ്കിലും വന്നാല്‍ അവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി.
സിങ്ങിനേയും അവന്റെ ക്രൂരതകളും അറിയാവുന്ന ഗ്രാമവാസികള്‍ ആ പെണ്‍കുട്ടിക്ക് അങ്ങനെയൊരു വിധി ഉണ്ടാവാതിരിക്കാന്‍ ആഗ്രഹിച്ചു. അങ്ങനെ അവര്‍ ആ ഗ്രാമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു അര്‍ദ്ധരാത്രിയില്‍ കുല്‍ധാരയിലെ ഗ്രാമവാസികളെല്ലാം ഭൂമിക്കടിയിലുള്ള ഒരു തുരങ്കത്തിലൂടെ രക്ഷപെട്ട് പോവുകയായിരുന്നു.എന്നാല്‍ അവര്‍ എങ്ങോട്ടേക്കാണ് എത്തിച്ചേര്‍ന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. അന്ന് ഗ്രാമവാസികള്‍ പോകുമ്പോള്‍ ' ഈ ഭൂമി ജനവാസമില്ലാതായിപ്പോകട്ടെ' എന്ന് ശപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
ജയ്‌സാമീല്‍ നഗരത്തില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര. ഹൈവേ വഴി കാറില്‍ ഇവിടേക്ക് എത്താന്‍ അരമണിക്കൂറെടുക്കും. പൊളിഞ്ഞുവീഴാറായ മേല്‍ക്കൂരയില്ലാത്ത വീടുകളും കല്ലും മണ്ണും നിറഞ്ഞ പ്രദേശങ്ങളുമുള്ള വിശാലമായ ഭൂപ്രകൃതിയാണ് ഇവിടമാകെ. ഈ പൈതൃക കേന്ദ്രം ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. കുല്‍ധാരയെ അതിന്റെ ഭൂതകാലത്തിന്റെ പ്രേതം ഇപ്പോഴും വേട്ടയാടുന്നുവെന്ന് ചരിത്രമറിയുന്ന സഞ്ചാരികള്‍ക്ക് തോന്നും.
Content Highlights :