പച്ചപ്പിൻ്റെ കുളിർമയും പ്രകൃതിയുടെ ദൃശ്യഭംഗിയും നുകർന്നുള്ള ട്രെയിൻ യാത്രയുടെ അനുഭവം എത്രപേർക്കുണ്ട്. മനസ്സിന് കുളിർമയേകുന്ന ഒരു യാത്രയാണ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഇത്തരത്തിലൊരു ട്രെയിൻ യാത്രാനുഭവം പരീക്ഷിക്കാവുന്നതാണ്. നവംബറിൻ്റെയും ഡിസംബറിൻ്റെയുമെല്ലാം തണുപ്പ് ഈ യാത്രകളിൽ പലതിനെയും കൂടുതൽ ഉന്മേഷദായകമാക്കും. ഹൃദയഹാരിയായ ഇത്തരമൊരു സഞ്ചാരത്തിനായി തിരഞ്ഞെടുക്കാവുന്ന ഏഴ് തീവണ്ടി യാത്രകൾ പരിചയപ്പെടാം.
മേട്ടുപ്പാളയം മുതൽ ഊട്ടി വരെ നീണ്ടു കിടക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക പാതയായ നീലഗിരി മൗണ്ടൻ റെയിൽവെ ഏറ്റവും ഹൃദയഹാരിയായ പ്രകൃതിദൃശ്യങ്ങൾ നമുക്ക് സമ്മാനിക്കും. 46 കിലോമീറ്റർ നീളമുള്ള ഈ പാത 1908ലാണ് നിർമ്മിച്ചത്. ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള ട്രെയിൻ റൂട്ടുകളിൽ ഒന്നാണ് ഈ പാത. മൂടൽമഞ്ഞ് നിറഞ്ഞ തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എസ്റ്റേറ്റുകൾ, കുത്തനെയുള്ള പുൽമേടുകൾ എന്നിങ്ങനെ വ്യത്യസ്തവും പുതുമനിറഞ്ഞതുമായ കാഴ്ചകളാണ് ഈ റൂട്ട് യാത്രക്കാർക്കായി കാത്ത് വെച്ചിരിക്കുന്നത്. തുരങ്കങ്ങളും പ്രകൃതിദത്തമായ അനുഭൂതി സമ്മാനിക്കുന്ന റെയിൽവെ സ്റ്റേഷനുകളുമെല്ലാം ഈ റൂട്ടിൻ്റെ പ്രത്യേകതയാണ്.
കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള 96 കിലോമീറ്റർ നാരോ ഗേജ് പാതക്ക് യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചിട്ടുണ്ട്. 864 പാലങ്ങളും 102 തുരങ്കങ്ങളും നിരവധി ഹെയർപിൻ വളവുകളും ഉൾക്കൊള്ളുന്ന ഈ റൂട്ട് സമ്പന്നമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. പൈൻ മരങ്ങൾ, വനങ്ങൾ, ആകർഷകമായ ഗ്രാമങ്ങൾ, കുത്തനെയുള്ള താഴ്‌വരകൾ എന്നിവയെല്ലാം പിന്നിട്ട് ട്രെയിൻ മുന്നോട്ടു കുതിക്കുമ്പോൾ പിന്നിട്ട കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുക കുളിർമ്മയുള്ള ഓർമ്മകൾ തന്നെയാണ്. ശൈത്യകാലത്ത് ഈ റൂട്ടിലൂടെയുള്ള യാത്ര നിരവധി മനോഹര കാഴ്ച്ചകളാണ് സമ്മാനിക്കുക.
ന്യൂ ജൽപായ്ഗുരിയിൽ നിന്ന് ഡാർജിലിംഗിലേക്ക് 88 കിലോമീറ്റർ യാത്ര അതിമനോഹരമായ കാഴ്ചകൾക്ക് പേരുകേട്ട പാതയാണ്. വനങ്ങളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയും പർവതനിരകളിലൂടെയും ഹിമാലയത്തിൻ്റെ കാഴ്ചകൾ സമ്മാനിച്ചാണ് ഈ യാത്ര മുന്നേറുന്നത്. സഞ്ചാരികളെ ഡാർജിലിംഗിലേക്ക് ആകർഷിക്കുന്നത് ഇവിടുത്തെ 'ടോയ് ട്രെയിൻ' യാത്രയാണ്.
ഗോവയ്ക്കും കർണാടകയ്ക്കും ഇടയിൽ വ്യാപിച്ചുകിടക്കുന്ന വാസ്‌കോഡ ഗാമ മുതൽ ലോണ്ട വരെയുള്ള പാത സഞ്ചാരികൾക്ക് മനോഹരമായ അനുഭവം സമ്മാനിക്കുന്നതാണ്. പച്ചപ്പ് നിറഞ്ഞ മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും ഈ പാതയുടെ ഭംഗി കൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഈ പാതയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് മനോരഹ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. തീവണ്ടിയിൽ നിന്ന് ദൃശ്യമാകുന്ന ദൂദ്‌സാഗർ വെള്ളച്ചാട്ടം ഈ യാത്രയുടെ ഒരു പ്രധാന ഹൈലൈറ്റാണ്.
നെരൽ പട്ടണത്തെ മാതേരൻ ഹിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ നാരോ ഗേജ് റെയിൽവെ മഹാരാഷ്ട്രയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചുരുക്കം ചില പൈതൃക ട്രെയിനുകളുടെ സഞ്ചാരപാതയാണ്. വനങ്ങളാൽ ചുറ്റപ്പെട്ട പാത, മരങ്ങളുടെയും കുന്നുകളുടെയും ഭംഗി എടുത്ത് കാണിക്കുന്നു. മൺസൂൺ സമയത്ത് ഈ റൂട്ടിൽ യാത്ര ചെയ്താൽ വെള്ളച്ചാട്ടങ്ങളും മൂടൽമഞ്ഞുള്ള പർവത കാഴ്ചകളും കാണാൻ സാധിക്കും.
പഞ്ചാബിലെ പത്താൻകോട്ടിനെ ഹിമാചൽ പ്രദേശിലെ ജോഗീന്ദർ നഗറുമായി ബന്ധിപ്പിക്കുന്ന കംഗ്ര വാലി റെയിൽവെ 164 കിലോമീറ്റർ ദൂരമുണ്ട്. മഞ്ഞുമൂടിയ ദൗലാധർ പർവതനിരകളാണ് കാഴ്ച്ചയിലെ പ്രധാന ഹൈലെെറ്റ്. 1920 കളിൽ നിർമ്മിച്ച ഈ ലൈൻ 993 പാലങ്ങളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ഹിമാചൽ പ്രദേശിൻ്റെ ഹരിതാഭമായ പ്രകൃതി ഭംഗിയും ഈ യാത്രയിൽ ഉടനീളം കാണാൻ സാധിക്കും. തീവണ്ടിയുടെ വേഗത കുറവായതിനാൽ പ്രദേശത്തിൻ്റെ ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കും.
കൊങ്കൺ റെയിൽവെ തീവണ്ടി യാത്രക്കാർക്ക് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പച്ചപ്പിലൂടെയുള്ള മനോഹരമായ യാത്രക്കുള്ള അവസരമാണ്. വനങ്ങൾ, ഉരുണ്ട കുന്നുകൾ, തീരദേശ കാഴ്ചകൾ എല്ലാം ഈ യാത്രയിൽ കാണാൻ സാധിക്കും. സീസണുകളിൽ ഈ പ്രദേശത്തിൻ്റെ പ്രകൃതി സൗന്ദര്യം കൂടുതൽ സൗകര്യപ്രദമായി അനുഭവിക്കാൻ യാത്രക്കാർക്ക് അവസരം നൽകാനാണ് കൊങ്കൺ റെയിൽവെയുടെ പ്രധാന ലക്ഷ്യം.
Content Highlights: Indian Railways undoubtedly offers the most scenic views to travellers, proving that sometimes the journey is indeed more beautiful than the destination.