പതിനേഴാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സില്‍ പൊതുഗതാഗത സംവിധാനത്തില്‍ മികവ് തെളിയിച്ച നഗരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഭവന, നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള അംഗീകാരം ഭുവനേശ്വറിന് ലഭിച്ചപ്പോള്‍ ഏറ്റവും മികച്ച സുസ്ഥിര ഗതാഗത സംവിധാനത്തിനുള്ള അവാര്‍ഡ് കൊച്ചിക്ക് ലഭിച്ചു. മികച്ച മോട്ടോര്‍ ഇതര ഗതാഗത സംവിധാനത്തിനുള്ള അവാർഡ് ശ്രീനഗറിനാണ് ലഭിച്ചത്.
മികച്ച സുരക്ഷാ സംവിധാനത്തിനുള്ള പുരസ്‌കാരം ഗാന്ധിനഗറിനും മികച്ച ഇന്റലിജന്റ് ഗതാഗത സംവിധാനത്തിനുള്ള പുരസ്‌കാരം സൂറത്തിനും ലഭിച്ചു. നൂതനമായ രീതിയിൽ പണംകൈകാര്യം ചെയ്യുന്നതിനുള്ള അംഗീകാരം ജമ്മുവിന് ലഭിച്ചു, അതേസമയം ഗതാഗതത്തില്‍ പൊതുജന പങ്കാളിത്തത്തില്‍ ബെംഗളൂരു മികച്ചുനിന്നു. കൂടാതെ, മെട്രോ റെയിലിലെ ഏറ്റവും മികച്ച മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷനുള്ള അവാര്‍ഡും ബെംഗളൂരുവിന് ലഭിച്ചു. മെട്രോ റെയിലില്‍ മികച്ച യാത്രാ സേവനങ്ങള്‍ നല്‍കിയതിന് മുംബൈയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുത്തു. ഹരിയാനയിലെ ഗുരുഗ്രാം 2025-ല്‍ അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കും.
CONTENT HIGHLIGHTS: Kochi bags award for best sustainable transport system