ദീപാവലി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ 250-ലധികം ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. കനത്ത തിരക്ക് കണക്കിലെടുത്ത് ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ചത്. ദീപാവലിയുടെയും ഛത്ത് പൂജയുടെയും സമയങ്ങളിൽ യാത്രക്കാരുടെ ഉയർന്ന തിരക്കാണ് എല്ലാ വർഷവും ട്രെയിനുകളിൽ അനുഭവപ്പെടാറുള്ളത്. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ കുടുംബ സമേതം ഉത്സവങ്ങളിൽ പങ്കെടുക്കാൻ അവരവരുടെ നാട്ടിലേയ്ക്ക് എത്തുന്ന സമയം കൂടിയാണ് ഇത്.
ദീപാവലി, ഛത്ത് പൂജ ഉത്സവ സീസണുകൾ പ്രമാണിച്ച് പശ്ചിമ റെയിൽവേ 250 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 120ൽ അധികം ട്രെയിനുകൾ ഒക്ടോബർ 29 ചൊവ്വാഴ്‌ച സർവീസ് നടത്തും. ഉത്സവ വേളയിൽ യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പതിവ് ട്രെയിനുകൾക്ക് പുറമേ പശ്ചിമ റെയിൽവെയും സെൻട്രൽ റെയിൽവെയും അധിക ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്ന് പശ്ചിമ റെയിൽവെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിനീത് അഭിഷേക് പറഞ്ഞു.
ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകളുടെ 85 ശതമാനവും യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. പ്രധാനപ്പെട്ട ട്രെയിനുകളിൽ 26.10.2024 മുതൽ 7.11.2024 വരെ 49 അധിക കോച്ചുകൾ കൂട്ടിച്ചേർക്കുമെന്നും റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Indian Railways has announced more than 250 festival special trains, covering popular destinations across the country. Indian Railways experiences high passenger demand and rush on the occasion of Diwali and Chhath Puja.