ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി റഷ്യ. 2025ഓടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റിയുടെ ചെയര്‍മാന്‍ എവ്‌ജെനി കോസ്ലോവ് ആണ് ഇക്കാര്യം അറിയിച്ചത്. ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ ഇല്ലാതെ റഷ്യ സന്ദര്‍ശിക്കാം. ഇതിനു ശേഷമാണ് ഇന്ത്യക്കാര്‍ക്കും ഇത്തരത്തിലൊരു അവസരം റഷ്യ ലഭ്യമാക്കുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസയ്ക്ക് അപേക്ഷിക്കാം, നടപടിക്രമത്തിന് സാധാരണയായി നാല് ദിവസമെടുക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന റഷ്യയുടെ പ്രധാന ഹൈലൈറ്റുകള്‍ വിനോദം, ബിസിനസ്സ് എന്നിവയാണ്. ഡെസ്റ്റിനേഷന്‍ വെഡിംഗുകളിലൂടെ റഷ്യയിലേക്ക് ആളുകളെ ആകര്‍ഷിക്കാനും രാജ്യത്തിന് പദ്ധതിയുണ്ട്. റഷ്യയിലേക്ക് ജോലിക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള ഇന്ത്യക്കാരായ യാത്രക്കാരുടെ എണ്ണവും കൂടുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍, ബിസിനസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
ഇന്ത്യന്‍ വിവാഹങ്ങള്‍ റഷ്യയില്‍ വച്ച് നടക്കുന്നതിലൂടെ കൂടുതല്‍ സഞ്ചാരികളെ നേടാമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരികളുടെ വരവ് കൈകാര്യം ചെയ്യുന്നതിനായി 2030-ഓടെ 25,700 ഹോട്ടല്‍ മുറികള്‍ ഒരുക്കാന്‍ തയാറെടുക്കുകയാണ് റഷ്യ. ഈ വര്‍ഷം ആദ്യ പകുതിയില്‍ 28,500-ലധികം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മോസ്‌കോ സന്ദര്‍ശിച്ചതായാണ് കണക്കുകള്‍. ഇതോടെ റഷ്യയിലെ വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനം ഇന്ത്യ നേടി. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്.
CONTENT HIGHLIGHTS: Russia Visa Free Travel For Indians