ഇന്ത്യയിലെ ഉപ്പ് നഗരം; കൗതുകം ഒളിപ്പിച്ച രാജസ്ഥാനിലെ 'ചരിത്രന​ഗരത്തെ' അറിയാം

'സാള്‍ട്ട് സിറ്റി' എന്നറിയപ്പെടുന്ന രാജസ്ഥാനിലെ സാംഭാറിലെ കാഴ്ചകള്‍

dot image

'സാള്‍ട്ട് സിറ്റി' എന്നറിയപ്പെടുന്ന രാജസ്ഥാനിലെ സാംഭാറിലെ കാഴ്ചകള്‍ നിങ്ങള്‍ ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത കാഴ്ചകളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകും. ജയ്പൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് സാംഭാര്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ഉപ്പ് തടാകവും നൂറ്റാണ്ടുകള്‍ പഴക്കമുളള ഉപ്പ് ട്രെയിനും സാംഭാറിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. സംഭാറിന് ആ പേര് വന്നതിലും ഒരു കൗതുകമുണ്ട്. അതിലേറെ കൗതുകമുള്ള ഒരു കാഴ്ചയാണ് സംഭാറിലെ പരമ്പരാഗത ഉപ്പ് നിർമ്മാണം. സംഭാറിൻ്റെ ഇത്തരം കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർ ഇനി മടിക്കേണ്ട, യാത്രയ്ക്ക് ഒരുങ്ങിക്കോളു.
ഒരു സാഹസിക യാത്രായാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും സാംഭാർ തിരഞ്ഞെടുക്കാം. ജയ്പൂരിലെ ഈ ചെറുപട്ടണം അതിൻ്റെ ചരിത്രവും, പ്രകൃതിഭംഗിയും വിസ്മയ കാഴ്ചകളും കൊണ്ട് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. രാജസ്ഥാനിലെ സാംഭാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ഉപ്പ് തടാകത്തിന്റെ ആസ്ഥാനവും പുരാതന കാലംമുതല്‍ ഉപ്പ് ഉത്പാദിപ്പിക്കുന്ന പ്രദേശവും കൂടിയാണ്. സാംഭാറില്‍ നിന്നുള്ള ഉപ്പ് ഇന്ത്യയിലുടനീളമുളള വീടുകളിലും വ്യവസായ ആവശ്യത്തിനുമെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഉപ്പ് തടാകത്തിന്റെ ചരിത്രം

സാംഭാറിലേക്ക് കടന്നുചെല്ലുമ്പോള്‍ ആദ്യം നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുക അവിടുത്തെ ഉപ്പ് തടാകത്തിന്റെ വിസ്തൃതിയാണ്. ഒരുകാലത്ത് ഈ പ്രദേശമെല്ലാം ചൗഹാന്‍ രാജവംശത്തിന്റെ ഭരണത്തിന് കീഴിലായിരുന്നു. അക്കാലഘട്ടം മുതൽതന്നെ ഉപ്പ് ഉത്പാദനത്തിന് ഇവിടം പേരുകേട്ട് തുടങ്ങിയിരുന്നു. ഓരോ ഋതുക്കളും മാറുമ്പോള്‍ തടാകത്തിന്റെ സ്വഭാവവും മാറിമറിയും. വേനല്‍ക്കാലമാകുമ്പോള്‍ വെളളം വറ്റുകയും വലിയ ഉപ്പ് പരലുകളുടെ കൂമ്പാരമുണ്ടാവുകയും ചെയ്യുന്നു. വേനല്‍ക്കാലമാകുമ്പോള്‍ സൂര്യപ്രകാശത്തിന്റെ തിളക്കത്തില്‍ ഉപ്പ് പരലുകള്‍ മെത്തവിരിച്ചുകിടക്കുന്നത് പോലുള്ള കാഴ്ച നിങ്ങളുടെ മനംകവരും.

ഉപ്പ് ട്രെയിന്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ' ഉപ്പ് ട്രെയിന്‍' ആണ് സാംഭാറിലെ രസകരമായ ആകര്‍ഷണങ്ങളിലൊന്ന്. ഇതൊരു നാരോ ഗേജ് ട്രെയിനാണ്. തടാകത്തില്‍നിന്ന് അടുത്തുള്ള സംസ്‌കരണ മേഖലകളിലേക്ക് ഉപ്പ് കൊണ്ടുപോകുന്നതിനാണ് ആദ്യകാലങ്ങളില്‍ ഈ ട്രെയിന്‍ ഉപയോഗിച്ചിരന്നത്. എന്നാല്‍ ഇന്ന് ഉപ്പ് ട്രെയിനുകളിലൂടെയുളള യാത്ര എല്ലാവര്‍ക്കും ആസ്വദിക്കാം.

ദേശാടന പക്ഷികളുടെ സങ്കേതം

സാംഭാര്‍ തടാകം ഉപ്പിന്റെ കാര്യത്തില്‍ മാത്രമല്ല പ്രസിദ്ധം. ഈ തടാകം ദേശാടന പക്ഷികളുടെ സങ്കേതം കൂടിയാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള തണുപ്പുള്ള സമയം ഇവിടമാകെ അരയന്നങ്ങളും വിവിധ വര്‍ണ്ണങ്ങളിലുള്ള ദേശാടന പക്ഷികളും ധാരാളമുണ്ടാകും. ആഴംകുറഞ്ഞ വെളളത്തിലൂടെയുള്ള അരയന്നങ്ങളുടെ നടത്തമെല്ലാം വളരെ മനോഹരമായ കാഴ്ചയാണ്.

ശകംഭരി ദേവി ക്ഷേത്രത്തിലെ കാഴ്ചകള്‍

സാംഭാറിലെ ശകംഭരീ ദേവീ ക്ഷേത്രം പൗരാണികത കാത്തുസൂക്ഷിക്കുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രം നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. 2500 വര്‍ഷങ്ങളിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തെ സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശകംഭരിദേവി തടാകത്തേയും അതിനെ ആശ്രയിക്കുന്ന ആളുകളേയും സംരക്ഷിക്കുമത്രേ. ദേവിയുടെ അനുഗ്രഹം തേടി നിരവധി ആളുകളാണ് ഇവിടം സന്ദര്‍ശിക്കുന്നത്.

Content Highlights : Amazing sights in Rajasthan's Sambhar, also known as the 'Salt City'

dot image
To advertise here,contact us
dot image