മരുപ്പച്ചയ്ക്കുള്ളില്‍ മറഞ്ഞിരുന്ന കോട്ട! സൗദിയില്‍ 4000 വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള പുരാതന നഗരത്തിന്റെ അവശേഷിപ്പുകള്‍ വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ കണ്ടെത്തി

dot image

4000 വര്‍ഷം പഴക്കമുള്ള പുരാതന നഗരത്തിന്റെ അവശേഷിപ്പുകള്‍ വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ കണ്ടെത്തി. വെങ്കലയുഗത്തിലെ ഒരു ഗ്രാമം ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മനോഹരമായ മരുപ്പച്ചയില്‍ ചുറ്റും കോട്ട കൊണ്ട് വലയം തീര്‍ത്തിരിക്കുന്ന നഗരത്തിന്റെ ശേഷിപ്പുകളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. നാടോടികളില്‍ നിന്ന് നഗര ജീവിതശൈലിയിലേക്ക് പുരാതന ആളുകള്‍ എങ്ങനെ എത്തിയെന്നതിന് ഉദാഹരണമാണിതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.

സൗദി അറേബ്യയിലെ അല്‍-നതാഹ് എന്ന സ്ഥലത്താണ് പുതിയ നഗരത്തിന്റെ കണ്ടെത്തല്‍. ഈ വര്‍ഷമാണ് ഈ കണ്ടെത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആദ്യമായി പുറത്തുവന്നത്. വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ട പച്ചപ്പ് നിറഞ്ഞ പ്രദേശമാണിത്. ഖൈബറിന്റെ കോട്ട എന്ന് തോന്നിപ്പിക്കുന്ന മരുപ്പച്ചയ്ക്കുള്ളിലാണ് ഈ നഗരത്തിന്റെ ശേഷിപ്പുകള്‍ വളരെക്കാലമായി മറഞ്ഞിരുന്നത്. ഫ്രഞ്ച് പുരാവസ്തു ഗവേഷകനായ ഗില്ലൂം ചാര്‍ലൂക്‌സും സംഘവുമാണ് ഈ പഴയ നഗരം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇവിടെ ചില ഗ്രാമങ്ങള്‍ ഉണ്ടായിരുന്നെന്നും ഇവിടെ ചിലര്‍ താമസിച്ചിരുന്നു എന്നും കണ്ടെത്താന്‍ സാധിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഈ ഗ്രാമത്തിലുള്ളവര്‍ രണ്ട് നിലകളിലായി ആണ് താമസിച്ചിരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. റോഡുകളും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ഈ തെളിവുകള്‍ അനുസരിച്ച് നടത്തിയ പഠനത്തിലാണ് ഇപ്പോള്‍ ഒരു ഗ്രാമം കണ്ടെത്താന്‍ സാധിച്ചത്.

2400-2000 ബിസിയില്‍ സ്ഥാപിച്ചതെന്ന് കരുതുന്ന, 2.6 ഹെക്ടറില്‍ വ്യാപിച്ച് കിടന്ന പട്ടണം കുറഞ്ഞത് ബിസി 1500 മുതല്‍ ബിസി 1300 വരെ നീണ്ടുനിന്നു കാണാമെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്.

14.5 കിലോമീറ്റര്‍ നീളം വരുന്ന കോട്ട ഉള്‍പ്പെടുന്നതാണ് ഈ നഗരം. PLOS One ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഈ പുരാതന കോട്ട ആളുകള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന മേഖലയ്ക്ക് ചുറ്റുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ആളുകള്‍ സമൂഹമായി താമസിച്ചതിന്റെ വ്യക്തമായ തെളിവായാണ് കണക്കാക്കുന്നത്. ഈ കണ്ടെത്തല്‍ അക്കാലത്തെ സാമൂഹികവും വാസ്തുവിദ്യാപരവുമായ വികാസങ്ങളെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം അറേബ്യന്‍ ഉപദ്വീപിന്റെ നഗരവല്‍ക്കരണത്തിലേക്കും കൂടി വെളിച്ചം വീശുന്നതാണ്.

CONTENT HIGHLIGHTS: 4000 year old ancient town discovered in saudi arabia

dot image
To advertise here,contact us
dot image