ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകള്‍ ഏതൊക്കെ രാജ്യങ്ങളുടേത്? ഇന്ത്യയുടെ സ്ഥാനം എത്ര?

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ റാങ്കിങ് പട്ടിക അനിസരിച്ച് ലോകത്തിലെ പ്രധാനപ്പെട്ട 10 സ്ഥാനങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍

dot image

2024 ലെ ലോകത്തിലെ ഏറ്റവും ശക്തമായ 10 സ്ഥാനങ്ങളിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഏതൊക്കെ രാജ്യങ്ങളുടേതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

അതില്‍ ഇന്ത്യയുടെ സ്ഥാനം എത്രാമതായിരിക്കും? അമേരിക്കന്‍ പാസ്‌പോര്‍ട്ട് ആദ്യ അഞ്ചാം സ്ഥാനത്തുപോലും ഇല്ല എന്നത് നിങ്ങള്‍ക്കറിയാമോ? പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ 199 പാസ്‌പോര്‍ട്ടുകളെയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് റാങ്ക് ചെയ്തിരിക്കുന്നത്.

സിങ്കപ്പൂര്‍

ലോകത്തിലെ ഏറ്റവും ശക്തമായ 10 സ്ഥാനങ്ങളിലുള്ള പാസ്‌പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ടിനുളളത്. സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ട് കൈവശമുളളയാള്‍ക്ക് വിസയില്ലാതെ 195 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രചെയ്യാന്‍ സാധിക്കും.

രണ്ടാം സ്ഥാനം പങ്കിടുന്ന അഞ്ച് രാജ്യങ്ങള്‍

അഞ്ച് രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം പങ്കുവയ്ക്കുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ എന്നിവയാണ് ആ അഞ്ച് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്ന് 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

മൂന്നാം സ്ഥാനം പങ്കിടുന്ന എട്ട് രാജ്യങ്ങള്‍

ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുളള പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.

നാലാം സ്ഥാനത്തുളള അഞ്ച് രാജ്യങ്ങള്‍

ബെല്‍ജിയം, ന്യൂസിലാന്‍ഡ്,നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുണൈറ്റഡ് കിങ്ഡം എന്നിവയാണ് നാലാം സ്ഥാനം പങ്കിടുന്ന അഞ്ച് രാജ്യങ്ങള്‍. 190 ഇടങ്ങളിലേക്ക് വിസയില്ലാതെ ഈ പാസ്‌പോര്‍ട്ടിന്റെ സഹായത്തോടെ യാത്ര ചെയ്യാന്‍ സാധിക്കും.



അഞ്ചാം സ്ഥാനം പങ്കുവയ്ക്കുന്ന രണ്ട് രാജ്യങ്ങള്‍

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ കണക്ക് പ്രകാരം ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുളളത് രണ്ട് രാജ്യങ്ങള്‍ മാത്രമാണ്. ഓസ്‌ട്രേലിയയും പോര്‍ച്ചുഗലുമാണ് ആ രണ്ട് രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 189 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.

ആറാം സ്ഥാനം ആര്‍ക്കൊക്കെ

ഗ്രീസും പോളണ്ടുമാണ് ആറാം സ്ഥാനം പങ്കിടുന്ന രാജ്യങ്ങള്‍. 188 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കാന്‍ സാധിക്കും.

ഏഴാം സ്ഥാനം നാല് രാജ്യങ്ങള്‍ക്ക്

2024ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ കണക്കെടുക്കുമ്പോള്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത് നാല് രാജ്യങ്ങളാണ്. കാനഡ,ചെച്നിയ, ഹംഗറി, മാള്‍ട്ട പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 187 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.

എട്ടാം സ്ഥാനം അമേരിക്കയ്ക്ക്


ശക്തമായ പാസ്‌പോര്‍ട്ടുകളുടെ കണക്കെടുക്കുമ്പോള്‍ അമേരിക്ക ആദ്യത്തെ അഞ്ചില്‍ പോലും ഇല്ല. എട്ടാം സ്ഥാനമാണ് അമേരിക്കയ്ക്കുള്ളത്. യുഎസ് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നതുകൊണ്ട് 186 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാന്‍ സാധിക്കും.

ഒന്‍പതാം റാങ്ക് പങ്കിടുന്ന രാജ്യങ്ങള്‍

ഒന്‍പതാം റാങ്ക് പങ്കിടുന്നത് യു എ ഇ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളാണ്. എസ്റ്റോണിയ, ലിത്വാനിയ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 185 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിതമായ പ്രവേശനം നല്‍കും.

പത്താം സ്ഥാനം നാല് രാജ്യങ്ങള്‍ക്ക്


ഐസ് ലാന്‍ഡ്, ലാത്വിയ, സ്‌ളോവാക്യ, സ്‌ളോവേനിയ എന്നീ രാജ്യങ്ങളാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ പത്താം സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉളളവര്‍ക്ക് ലോകത്ത് 184 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാന്‍ സാധിക്കും.
ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 83ാം സ്ഥാനമാണ് ഉള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 58 സ്ഥലങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.

Content Highlights :Which countries have the most powerful passports in the world? What is India's position?

dot image
To advertise here,contact us
dot image