രാത്രി സഫാരികൾ ഇഷ്ടമുള്ളവരാണോ? എങ്കിൽ നിങ്ങൾ ഇന്ത്യയിലെ ഈ നാഷണൽ പാർക്കുകളെ പറ്റി അറി‍ഞ്ഞിരിക്കണം

പകൽ മറഞ്ഞിരിക്കുന്ന പല മൃ​ഗങ്ങളെയും രാത്രി സഫാരിയിൽ കാണാൻ സാധിക്കും

dot image

പ്രകൃതി സ്നേഹിക്കളുടെ പ്രധാന ലക്ഷ്യ സ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് നാഷണൽ പാർക്കുകൾ. ഇത്തരം നാഷണൽ പാർക്കുകളിൽ മിക്കയിടത്തും കാടിനെ അടുത്ത് അറിയാനും മൃ​ഗങ്ങളെ നേരിൽ കാണാനുള്ള അവസരം പലപ്പോഴും പകലായിരിക്കും. എന്നാൽ ചില നാഷണൽ പാർക്കുകളിൽ രാത്രി സഫാരികൾ ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നൈറ്റ് പട്രോളിംഗ് നടത്താറുമുണ്ട്. പകൽ മറഞ്ഞിരിക്കുന്ന പല മൃ​ഗങ്ങളെയും രാത്രി സഫാരിയിൽ കാണാൻ സാധിക്കും. അതത് സംസ്ഥാനങ്ങളുടെ വനം വകുപ്പിൻ്റെ കീഴിലുള്ള വൈൽഡ് ലൈഫ് സഫാരി റിസർവേഷൻ പോർട്ടലിലൂടെയാണ് സഫാരികൾ ബുക്ക് ചെയേണ്ടത്. ഇന്ത്യയിൽ രാത്രികാല സഫാരികൾ അനുഭവിക്കാൻ കഴിയുന്ന മികച്ച വന്യജീവി സങ്കേതങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

ബാന്ധവ്ഗഡ് നാഷണൽ പാർക്ക്, മധ്യപ്രദേശ്

ആഗോളതലത്തിൽ റോയൽ ബംഗാൾ കടുവകളുടെയും പുള്ളിമാനുകളുടെയും സാന്ദ്രതയ്ക്ക് പേരുകേട്ട ദേശീയോദ്യാനമാണ് മധ്യപ്രദേശിലെ ബാന്ധവ്ഗഡ് നാഷണൽ പാർക്ക്. വൈകിട്ട് 6:30 PM മുതൽ 9:30 PM വരെയാണ് ഇവിടെ സഫാരികൾ അനുവദിക്കുക. റോയൽ ബംഗാൾ കടുവകളുടെ കൂട്ടങ്ങളെയും ഒരിക്കൽ വംശനാശത്തിൻ്റെ വക്കിലെത്തിയ ബരാസിംഗകളെ വരെ സന്ദർശകർക്ക് കാണാൻ ഇവിടെ അവസരമുണ്ട്.

സത്പുര നാഷണൽ പാർക്ക്, മധ്യപ്രദേശ്

രാത്രി സഫാരികൾ ഔദ്യോഗികമായി അനുവദിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില പാർക്കുകളിൽ ഒന്നാണ് സത്പുര നാഷണൽ പാർക്ക്. സെഹ്‌റ, ജമനിദേവ്, പർസപാനി എന്നീ ബഫർ സോണുകളിലാണ് നൈറ്റ് സഫാരി അനുവദിക്കുന്നത്. സന്ദർശകർക്ക് പുള്ളിപ്പുലികളെയും കരടികളെയും വിവിധ രാത്രികാല മൃഗങ്ങളെയും കാണാൻ അവസരമുണ്ട്.

കന്ഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്

പ്രശസ്ത കടുവ സങ്കേതമായ കൻഹ നാഷണൽ പാർക്കിലെ മുക്കി ബഫർ സോണിൽ നൈറ്റ് സഫാരികൾ അനുവദിക്കും. സിവെറ്റുകൾ, മുള്ളൻപന്നികൾ, ചിലപ്പോൾ പുള്ളിപ്പുലികൾ എന്നിവയെ കാണാൻ അവസരവും ലഭിക്കും. ഇവിടെ സഫാരി 7:30 PM മുതൽ 10:30 PM വരെയാണ് പ്രവർത്തിക്കുക.

പെഞ്ച് നാഷണൽ പാർക്ക്, മധ്യപ്രദേശ്

പെഞ്ച് നാഷണൽ പാർക്ക് ഒരു ബഫർ സോൺ മേഖലയാണ്. ഇന്ത്യൻ ചെന്നായ, ഹൈനകൾ, വിവിധ രാത്രികാല പക്ഷികൾ തുടങ്ങിയ ഇനങ്ങളെ കാണാനുള്ള മികച്ച അവസരമാണ് ഈ സഫാരി.

ജലാന ലെപ്പാർഡ് സഫാരി പാർക്ക്, രാജസ്ഥാൻ

പുള്ളിപ്പുലികളെ കാണാനുള്ള അവസരത്തിന് പേരുകേട്ട സങ്കേതമാണ് രാജസ്ഥാനിലെ ജലാന ലെപ്പാർഡ് സഫാരി പാർക്ക്. പുള്ളിപ്പുലികളോടെപ്പം വിവിധ തരം കുറുക്കന്മാരെ കാണാനുള്ള അവസരവുമുണ്ട്.

പന്ന നാഷണൽ പാർക്ക്, മധ്യപ്രദേശ്

ജിന്ന സോൺ, അകോല സോൺ തുടങ്ങിയ ബഫർ ഏരിയകളിലാണ് പന്ന നാഷണൽ പാർക്ക് നൈറ്റ് സഫാരികൾ അനുവദിക്കുന്നത്. മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ് ഇവിടുത്തെ നൈറ്റ് സഫാരി സീസൺ. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് സഫാരിക്കുള്ള സമയം. പന്നയിൽ നൈറ്റ് സഫാരിക്ക് പരിമിതമായ എണ്ണം സഫാരി ജീപ്പുകൾ മാത്രമേയുള്ളൂ.

ചന്ദക-ദാമ്പാറ വന്യജീവി സങ്കേതം, ഭുവനേശ്വർ

ഈ വർഷം മുതലാണ് ഭുവനേശ്വറിലെ ചന്ദക-ദാമ്പാറ വന്യജീവി സങ്കേതം ഭരത്പൂർ സെക്ഷനിൽ നൈറ്റ് സഫാരി ആരംഭിച്ചത്. ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 വരെ ഇതിൻ്റെ പ്രവർത്തനം. ഭുവനേശ്വറിൻ്റെ ഹൃദയഭാഗത്ത് സഫാരി നടത്തുന്നതിലൂടെ പുതിയൊരു അനുഭവമാണ് സഞ്ചാരികൾക്ക് നൽക്കുന്നത്. സഫാരികായി കുറഞ്ഞത് 12 വാഹനങ്ങൾ അടക്കം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

തഡോബ-അന്ധാരി ടൈഗർ റിസർവ്, മഹാരാഷ്ട്ര

കടുവകൾ, പുള്ളിപ്പുലികൾ, കാട്ടുപോത്ത്, കാട്ടുപന്നികൾ, സിവെറ്റ് പൂച്ചകൾ എന്നിവയാണ് തഡോബ-അന്ധാരി ടൈഗർ റിസർവിലെ പ്രധാന ആകർഷണങ്ങൾ. ഏകദേശം 3 മുതൽ 4 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന സഫാരിയായിരിക്കും. ശൈത്യകാലത്താണ് പ്രധാനമായും ഇവിടെ സന്ദർശിക്കേണ്ടത്. ഒപ്പം എത്തുമ്പോൾ ചൂട് നിലനിർത്തുന്ന വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം.

ചിന്നാർ വന്യജീവി സങ്കേതം, കേരളം

കാടിൻ്റെ ഭം​ഗിയോടൊപ്പം മൃ​ഗങ്ങളെയും ഒപ്പം കൊടുമുടികളുടെ ഭം​ഗി ആസ്വദിക്കാനും കേരളത്തിലുള്ള ചിന്നാർ വന്യജീവി സങ്കേതത്തിൽ അവസരമുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ വന്യജീവി കേന്ദ്രങ്ങളിലൊന്നാണ് ചിന്നാർ വന്യജീവി സങ്കേതം. പശ്ചിമഘട്ടത്തിൽ 90.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചിന്നാർ വന്യജീവി സങ്കേതം അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും സമൃദ്ധമായ സസ്യജാലങ്ങൾക്കും പേരുകേട്ടതാണ്. ഇവിടെ ജീപ്പ് സഫാരി പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും.

Content Highlights: Night safaris provide a unique adventure, adding a new dimension to wildlife exploration in India

dot image
To advertise here,contact us
dot image