ദീർഘദൂര യാത്രതകൾക്കോ നീണ്ടകാലത്തേക്കുള്ള യാത്രകളിലോ ഒക്കെ നമ്മുടെ സന്തത സഹചാരിയാണ് ട്രോളി ബാഗുകൾ. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ ഭാരം കൈയ്യിലോ തോളിലോ താങ്ങേണ്ട എന്നതാണ് ട്രോളി ബാഗിനെ സ്വീകാര്യമാക്കുന്നത്. ഉരുട്ടി നീക്കാവുന്ന ഈ ബാഗുകളുടെ ചരിത്രം അറിയാമോ?
ആദ്യത്തെ റോളിംഗ് സ്യൂട്ട്കേസ് രൂപകൽപന ചെയ്തത് മസാച്യുസെറ്റ്സ് ലഗേജ് കമ്പനിയുടെ മുൻ വൈസ് പ്രസിഡൻ്റായ ബെർണാഡ് ഡി സാഡോയാണ്. 50 വർഷം മുമ്പായിരുന്നു ഇത്. ആളുകൾക്ക് ലഗേജിന്റെ ഭാരമറിയാതെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന വലിയ ബാഗ് എന്ന ആശയത്തിൽ നിന്നാണ് റോളിംഗ് സ്യൂട്ട്കേസിന്റെ കണ്ടുപിടുത്തം. 1970ൽ ഒരു വിമാനയാത്രക്കുള്ള കാത്തിരിപ്പിനിടെയുണ്ടായ സംഭവമാണ് അദ്ദേഹത്തെ റോളിംഗ് സ്യൂട്ട് കേസിലേക്കെത്തിച്ചത്. ഒരാൾ രണ്ട് വലിയ ബാഗുകൾ വഹിച്ച് കഷ്ടപ്പെട്ട് മുമ്പോട്ട് പോകുന്നത് അദ്ദേഹം കണ്ടു. തൊട്ടുപിന്നാലെ ഒരു വിമാനത്താവള ജീവനക്കാരൻ എന്തോ സാധനങ്ങൾ കൈവണ്ടിയിൽ കൊണ്ടുപോകുന്നതും കണ്ടു. ഇതിൽ നിന്നുണ്ടായ പ്രചോദനമാണ് ബാഗ് വിപണിയിലെ വൻ വഴിത്തിരിവിന് കാരണമായത്. എന്നാൽ സാഡോയുടെ ബാഗ് പെട്ടന്ന് ജനങ്ങൾക്ക് സ്വീകാര്യമായില്ല.
റോളിംഗ് ബാഗിന് ജനപ്രീതി ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളിലായി പിന്നെ സാഡോയുടെ ശ്രദ്ധ. ന്യൂയോർക്കിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്ന ബാഗുകൾ വിറ്റുപോകാൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ കൂടിയേ തീരൂ എന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെയുള്ള നീക്കങ്ങളുടെ ഫലമായാവണം ഒരു വൻകിട ബാഗ് കമ്പനി ഈ റോളിംഗ് ബാഗുകൾ ഏറ്റെടുത്തു. അവരുടെ പരസ്യങ്ങളിലൂടെ ഈ ഉല്പന്നം ജനങ്ങൾ സ്വീകരിച്ചു.
20 വർഷങ്ങൾക്ക് ശേഷം റോബർട്ട് പ്ലാത്ത് റോളിംഗ് ബാഗിന് പുതിയ കെട്ടും മട്ടും നൽകി. അതുവരെയുള്ള പോരായ്മകൾ മറികടക്കുന്ന പുതിയ ഡിസൈൻ വളരെപ്പെട്ടന്ന് സ്വീകാര്യത നേടി. കുത്തനെയുള്ള ബാഗിന്റെ താഴെ വീലുകളും മുകളിൽ ഹാൻഡിലുമൊക്കെ ആയതോടെ ട്രോളി ബാഗിന് പുതിയൊരു പ്രൗഢി വന്നു. ആ ഡിസൈനിലും കാലക്രമേണ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തിയാണ് ഇന്ന് നമ്മൾ കാണുന്ന തരം ട്രോളി ബാഗുകൾ ഉണ്ടായത്.
Content HIghlights: History of trolley bags