വന്ദേ മെട്രോ ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയായി. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കാണ് വന്ദേ മെട്രോ ട്രെയിനിന്റെ ആദ്യ പരീക്ഷണം ഓട്ടം നടത്തിയത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. രാജ്യത്തിന്റെ വിവിധ മേഖലകളിലായി 250 മുതൽ 350 കിലോമീറ്റർ ദൂരമുള്ള റൂട്ടുകളിലാണ് വന്ദേ മെട്രോ ട്രെയിൻ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്.
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വന്ദേ മെട്രോ ട്രെയിൻ എത്തുന്നതോടെ 3 മുതൽ 5 മണിക്കൂർ സമയത്തിൽ സഞ്ചരിക്കാൻ സാധിക്കും. 522 കിലോമീറ്റർ ദൂരമാണ് അഹമ്മദാബാദ് നിന്നും മുംബൈയിലേക്കുള്ള ദൂരം. റോഡ് മാർഗം 11 മണിക്കൂറും ട്രെയിനിൽ ശരാശരി 6 മണിക്കൂറും സമയം നിലവിൽ യാത്രയ്ക്കാവുന്നുണ്ട്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ അഹമ്മദാബാദിന് പകരം സൂറത്തിലേക്ക് സർവീസ് നീട്ടാനും റെയിൽവേ അധികൃതർ ആലോചിക്കുന്നുണ്ട്.
റെയിൽവേയുടെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ടീമാണ് വന്ദേ മെട്രോ ട്രെയിനിന്റെ ട്രയൽ യാത്ര നിരീക്ഷിച്ചത്. യാത്രക്കാർക്ക് സുഖപ്രദമായ അനുഭവം ഉറപ്പാക്കുന്നതിന് വൈബ്രേഷൻ, ഷോക്ക് ലെവലുകൾ തുടങ്ങിയ ഘടകങ്ങളിലായിരുന്നു പ്രധാനമായും പരിശോധിച്ചത്. 12 കോച്ചുകളിലായി 1150 പേർക്കാണ് ഒരു ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുക.
വന്ദേഭാരത് ട്രെയിനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വന്ദേ മെട്രോ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോച്ചുകൾ പൂർണമായും എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ കോച്ചിലും സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി ടോക്ക് - ബാക്ക് സംവിധാനവും ഡിസ്‌പ്ലെ ബോർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.
മെമു ട്രെയിനുകളെ അപേക്ഷിച്ച് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്നതാവണ് വന്ദേ മെട്രോ ട്രെയിനിന്റെ പ്രധാന സവിശേഷത. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 30 രൂപയായിരിക്കും വന്ദേ മെട്രോയുടെ മിനിമം ചാർജ്.
നിലവിൽ കേരളത്തിനും 10 പുതിയ വന്ദേ മെട്രോ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും കേരളത്തിന് പുറത്തേക്കും സർവീസ് നടത്തുന്ന രീതിയിലാണ് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. വന്ദേ മെട്രോ ട്രെയിനുകളിലെ സ്ഥിരം യാത്രക്കാർക്ക് സീസൺ ടിക്കറ്റുകളും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.