പത്ത് വർഷത്തെ സേവനത്തിന് ശേഷം വിസ്താര ഇന്ന് ഡൽഹിയിൽ നിന്നും സിംഗപൂരിലേയ്ക്ക് പറന്നുയർന്നു. ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിൻ്റെയും സംരംഭമായി തുടങ്ങിയ വിസ്താര ഇനി ചരിത്രത്തിൻ്റെ ഭാഗമാകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയുമായ എയർ ഇന്ത്യയുമായുള്ള ലയനത്തിന് പിന്നാലെയാണ് വിസ്താര ഇന്ത്യൻ ഏവിയേഷൻ രംഗത്ത് ചരിത്രമായി മാറുന്നത്. ഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്നുയർന്ന യുകെ 115 വിമാനമായിരുന്നു യുകെ എന്ന കോഡുള്ള വിസ്താരയുടെ അവസാന വിമാനം. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന യുകെ 986 വിമാനക്കമ്പനിയുടെ അവസാന ആഭ്യന്തര സർവ്വീസായും അടയാളപ്പെടുത്തി. വിസ്താര വിസ്മൃതിയിലേയ്ക്ക് മറയുമ്പോഴും ഇതിൻ്റെ തുടർച്ച ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഇന്ത്യയുടെ അതിവേഗം വളരുന്ന സിവിൽ ഏവിയേഷൻ മേഖലയിൽ എയർ ഇന്ത്യ-വിസ്താര ലയനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലയനത്തിന് ശേഷം കൂടുതൽ കരുത്തരായി മം ശേഷമുളള ആദ്യ യാത്ര തിങ്കളാഴ്ച രാത്രി ദോഹയിൽ നിന്ന് മുംബൈയിലേക്ക് 'AI2286' എന്ന കോഡിൽ നടത്തിയിരുന്നു.
വിമാനത്താവളങ്ങളിലെ വിസ്താരയുടെ ചെക്ക്-ഇൻ കൗണ്ടറുകളെല്ലാം എയർ ഇന്ത്യയുടേതായി മാറി കഴിഞ്ഞു. ഇനി മുതൽ വിസ്താര ഫ്ലൈറ്റുകൾ യാത്രക്കാർക്ക് തിരിച്ചറിയുന്നതിനായി ഫ്ലൈറ്റുകൾക്ക് 'AI2XXX' എന്ന കോഡായിരിക്കും ഉപയോഗിക്കുക. 103 ആഭ്യന്തര, 71 അന്താരാഷ്ട്ര റൂട്ടുകളിൽ വിമാനം സർവീസ് നടത്തുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. എയര്‍ ഇന്ത്യയിലേക്ക് ലയിച്ചുവെങ്കിലും വിസ്താര നടത്തുന്ന റൂട്ടുകളും ഷെഡ്യൂളും നിലനിര്‍ത്തുമെന്നും വിസ്താരയുടെ തന്നെ ക്രൂ അംഗങ്ങൾക്ക് മാറ്റം ഉണ്ടാവില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിന് വിസ്താര ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു.
ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര 2015ലാണ് ആദ്യ സർവീസ് ആരംഭിച്ചത്. ഇന്ന് മുതൽ ‘എയര്‍ ഇന്ത്യ’ എന്ന ബ്രാന്‍ഡിലാകും വിസ്താര സേവനങ്ങള്‍ ലഭ്യമാകുക. കൂടാതെ ലയനത്തിനുശേഷം എയര്‍ ഇന്ത്യ കമ്പനിയില്‍ 25.1 ശതമാനം ഓഹരി പങ്കാളിത്തമാകും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുണ്ടാവുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എസ്‌ഐഎയ്ക്ക് വിസ്താരയിലെ 49 ശതമാനം ഓഹരിയുടെ പലിശയും സംയോജിത എന്റിറ്റിയിലെ 25.1 ശതമാനം ഇക്വിറ്റി ഓഹരിക്ക് 2,058.5 കോടി രൂപ (എസ്ജിഡി 498 മില്യണ്‍) പണമായും ലഭിക്കുമെന്നാണ് ലയന കരാറിലുള്ളത്. ലയനം പൂര്‍ത്തിയാകുമ്പോള്‍, SIA ഏകദേശം SGD 1.1 ബില്യണ്‍ ഗുഡ് വിൽ നേട്ടങ്ങളും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ലയനം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയ്ക്ക് നല്‍കുന്ന ഏത് ഫണ്ടും എസ്‌ഐഎയ്ക്ക് സംഭാവന ചെയ്യുന്നതിനുള്ള കരാറും അതിന്റെ 25.1 ശതമാനം ഓഹരി നിലനിര്‍ത്താന്‍ 5,020 കോടി രൂപ വരെയുള്ള അനുബന്ധ ഫണ്ടിംഗ് ചെലവുകളും ലയനത്തില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യൻ കമ്പനിയായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും ചേർന്നാണ് 2013ലാണ് വിസ്താര സ്ഥാപിതമായത്. 1990-കളുടെ തുടക്കത്തിൽ രണ്ട് കമ്പനികളും കരാർ തയ്യാറാക്കിയിരുന്നെങ്കിലും ഇന്ത്യൻ ഗവൺമെൻ്റിൻ്റെ റെഗുലേറ്ററി സംവിധാനം അംഗീകാരം നൽകിയിരുന്നില്ല. 2012-ൽ ഇന്ത്യ എയർലൈൻ മേഖലയിൽ വിദേശ നിക്ഷേപത്തിന് തുടക്കമിട്ടതോടെ ടാറ്റയും എസ്ഐഎയും വീണ്ടും ഒരു ജെവി എയർലൈൻ കമ്പനിക്ക് ഇന്ത്യയിൽ തുടക്കമിടാൻ തീരുമാനിക്കുയായിരുന്നു. ബിസിനസ്സ് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു പ്രീമിയം ഫുൾ സർവീസ് കാരിയറായിട്ടാണ് ജെവി, ടിഎസ്എഎൽ (Tata SIA Airlines ലിമിറ്റഡ്) വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഫോറിൻ ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ ബോർഡ് 2013 ഒക്ടോബറിൽ ജെവിക്ക് അംഗീകാരം നൽകി. രണ്ട് മാതൃ കമ്പനികളും തുടക്കത്തിൽ 100 മില്യൺ യുഎസ് ഡോളർ സ്റ്റാർട്ടപ്പ് മൂലധനമായി നിക്ഷേപിക്കുമെന്ന് തീരുമാനിച്ചു. ഇന്ത്യൻ വ്യോമയാന മേഖലയിലെ ആദ്യപഥികരായിരുന്നു ടാറ്റ. 1930-കളിൽ സ്ഥാപിതമായ ടാറ്റ എയർലൈൻസ് സ്വാതന്ത്ര്യാനന്തരം ദേശസാത്കരിക്കപ്പെടുകയായിരുന്നു.
ജെവി, ടിഎസ്എഎൽ അതിൻ്റെ ബ്രാൻഡ് ഐഡൻ്റിറ്റി "വിസ്താര" എന്ന പേരിൽ 2014 ഓഗസ്റ്റ് 11 ന് അനാവരണം ചെയ്തു. 'പരിധിയില്ലാത്ത വിസ്താരം' എന്നർത്ഥമുള്ള വിസ്താര എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് വിസ്താര എന്ന പേര് കമ്പനിക്ക് ലഭിച്ചത്. വിസ്താരയ്ക്ക് 2014 ഡിസംബർ 15-ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് എയർ ഓപ്പറേറ്ററുടെ സർട്ടിഫിക്കറ്റ് ലഭിച്ചു. 2015 ജനുവരി 9-ന് വിസ്താര പ്രവർത്തനം ആരംഭിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനൽ 2-ൽ നിന്ന് ആഭ്യന്തര സർവീസ് നടത്തുന്ന ആദ്യത്തെ കാരിയർ ആയി വിസ്താര മാറി. പ്രവർത്തനത്തിൻ്റെ ആദ്യ മാസം മുതൽ, വിസ്താര സ്ഥിരമായി 90 ശതമാനത്തിലധികം ഓൺ-ടൈം പെർഫോമൻസ് റെക്കോർഡുകൾ നേടിയെടുത്തു. ഇത് ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികളിൽ ഏറ്റവും ഉയർന്നതാണ്. 2015 ആഗസ്റ്റ് 20-ന്, വെറും ഏഴ് മാസത്തെ പ്രവർത്തനത്തിനുള്ളിൽ അര ദശലക്ഷം യാത്രക്കാർ വിസ്താരയിൽ യാത്ര ചെയ്തു. 2016 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ആഭ്യന്തര കാരിയർ വിപണിയിൽ വിസ്താരയ്ക്ക് 2% വിഹിതമുണ്ട്. എയർലൈൻ വ്യവസായത്തെ പ്രതിനിധീകരിക്കുകയും നയിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള 280-ലധികം എയർലൈനുകളുടെ അസോസിയേഷനിൽ വിസ്താര ഇടം പിടിച്ചിരുന്നു. ഇതോടെ, IATA അംഗത്വമുള്ള ഇന്ത്യയിലെ തിരഞ്ഞെടുത്ത ചുരുക്കം ചില എയർലൈനുകളിൽ ഒന്നായി വിസ്താര മാറി.
2020 മെയ് 28-ന് എയർലൈൻ അതിൻ്റെ ആദ്യത്തെ വാണിജ്യ വിമാനം ബോയിംഗ് 787-9-ൽ ഡൽഹി-കൊൽക്കത്ത റൂട്ടിൽ നടത്തി. 2020 ഓഗസ്റ്റ് 28-ന് ഡൽഹിക്കും ലണ്ടൻ ഹീത്രൂവിനുമിടയിലും സർവീസ് ആരംഭിച്ചു. 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയന സാധ്യത ചർച്ചകളിൽ ഇടം പിടിച്ചു. 2023 സെപ്റ്റംബർ 2-ന് വിസ്താരയെ എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി. 2022 നവംബറിൽ ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും രണ്ട് എയർലൈനുകളുടെയും ലയനം സ്ഥിരീകരിച്ചു.
എയർ ഇന്ത്യയിലേക്കുള്ള ലയനത്തിനുള്ള എല്ലാ റെഗുലേറ്ററി ക്ലിയറൻസുകളും 2024 പകുതിയോടെ പൂർത്തിയാകുമെന്നും 2025 പകുതിയോടെ പ്രവർത്തനങ്ങൾ ലയിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിസ്താര സിഇഒ 2024 ജനുവരി എട്ടിന് പ്രഖ്യാപി ച്ചിരുന്നെങ്കിലും നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ജൂൺ 6-ന് ലയനത്തിന് അംഗീകാരം നൽകുകയായിരുന്നു. 2024 സെപ്റ്റംബർ 3 മുതൽ പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നത് നിർത്തുമെന്നും 2024 നവംബർ 12-ന് എയർ ഇന്ത്യയുമായി ലയിക്കുമെന്നും വിസ്താര 2024 ഓഗസ്റ്റ് 30-ന് പ്രഖ്യാപിച്ചു. ഇതോടെ 2024 നവംബർ 12-ന് ലയനം പൂർത്തിയായി വിസ്താര എയർ ഇന്ത്യയായി മാറുകയായിരുന്നു.
വിസ്താരക്ക് നന്ദി പറഞ്ഞ് നെറ്റിസൺസ്
വിസ്താര അവരുടെ അവസാന പറക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിസ്താരയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസൺസ്. വിസ്താരയിൽ യാത്ര ചെയ്ത നിരവധി പേരാണ് ഊഷ്മളവും ഹൃദ്യവുമായിരുന്ന വിസ്താരയുടെ ആഥിത്യമര്യാദയും യാത്രാനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.
'ഇന്ന് വിസ്താരയുടെ അവസാന ദിവസമായിരുന്നു, ഇന്നലെ രാത്രി ഞാൻ അവരുടെ അവസാന വിമാനങ്ങളിലൊന്നിൽ പറന്നു, ഡൽഹിയിൽ നിന്ന് മദ്രാസിൽ അർദ്ധരാത്രിയോടെ ലാൻഡ് ചെയ്തു. വർഷങ്ങളായി അവരോടൊപ്പം അരലക്ഷത്തിലധികം മൈലുകൾ പറന്ന ഒരാളുടെ വൈകാരിക നിമിഷം…നന്ദി & വിട @ എയർവിസ്താര ഞങ്ങളുടെ ഏറ്റവും മികച്ച എയർലൈൻ ആയി മാറുന്നതിന്…Godspeed @airindia you have big shoes to fill' എന്നായിരുന്നു ഒരു ഉപയോക്താവിൻ്റെ പ്രതികരണം.
It was Vistara’s final day and last night I flew on one of their last flights, Delhi to Madras landing close to midnight. An emotional moment as over the years one would have flown over half a million miles with them…thank you & goodbye @airvistara for becoming our best… pic.twitter.com/aHShIb63bx
— Adil Nargolwala (@adilnargolwala) November 12, 2024
'നന്ദി പറയുക ബുദ്ധിമുട്ടേറിയ കാര്യമാണ് പക്ഷെ എല്ലാ ഒടുക്കവും ഒരു പുതിയ തുടക്കമായിരിക്കും' എന്നാണ് മറ്റൊരു ഉപയോക്താവ് എക്സിൽ കുറിച്ചത്.
Saying goodbye is tough but every ending has a new beginning #Goodbye #Vistara #welcome to #AirIndia pic.twitter.com/d89Ip2RjXa
— Bhavesh khatri (@BhaveshK835) November 12, 2024
'ആകാശത്തിലെ എല്ലാ അവിശ്വസനീയമായ ഓർമ്മകൾക്കും അനുഭവങ്ങൾക്കും നന്ദി, @airvistara. നിങ്ങൾ വിമാനത്തിനുള്ളിലെ യാത്രയ്ക്ക് ഉയർന്ന തലം സജ്ജമാക്കി. എല്ലാ യാത്രകളും അവിസ്മരണീയമായിരുന്നു. ഇന്ന് ഒരു യുഗത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, എന്നാൽ മറ്റൊന്നിൻ്റെ തുടക്കമാണിത്' എന്നായിരുന്നു വേറൊരു ഉപയോക്താവ് കുറിച്ചത്.
Thank you, @airvistara for all the incredible memories and experiences in the sky ❤️ You've set the bar high for in-flight travel, making every journey unforgettable. Today marks the end of an era, but alongside the beginning of another ❤️#VistaraLove #ToLimitlessPossibilities pic.twitter.com/PqOLxXc0NY
— Pushkar Bansal (@Yatri_03) November 11, 2024
Content Highlight: Vistara has now merged with Air India and the merged entity operated its first flight from Doha to Mumbai. The airline prepares for its integration with Air India on Monday. Vistara, a joint venture between Tata Group and Singapore Airlines, will fully merge with Air India, also owned by Tata Group