തായ്‌ലാൻ്റിൽ പോകാൻ പ്ലാന്‍ ഉണ്ടോ? ഈ സ്ഥലങ്ങളെ പറ്റി നിങ്ങൾ കേൾക്കാൻ വഴിയില്ല, ഒന്ന് കണ്ടിട്ട് വന്നാലോ!

ബോളിവുഡ് നടനായ സോനു സൂദിനെ തായ്‌ലൻഡിൻ്റെ ബ്രാൻഡ് അംബാസഡറും ഓണററി ടൂറിസം ഉപദേഷ്ടാവുമായി തായ്‌ലൻഡിലെ ടൂറിസം ആൻഡ് സ്‌പോർട്‌സ് മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു

dot image

ഇന്ത്യക്കാർ പലപ്പോഴും അവരുടെ അവധിക്കാലം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് തായ്‍ലാന്‍ഡ് . ടൂറിസത്തെ വളരെ പ്രധാനപ്പെട്ട ഘടകമായിട്ടാണ് തായ്‍ലാന്‍ഡ് കണക്കാക്കുന്നതും. കഴിഞ്ഞ ദിവസം ബോളിവുഡ് നടനായ സോനു സൂദിനെ തായ്‌ലൻഡിൻ്റെ ബ്രാൻഡ് അംബാസഡറും ഓണററി ടൂറിസം ഉപദേഷ്ടാവുമായി തായ്‌ലൻഡിലെ ടൂറിസം ആൻഡ് സ്‌പോർട്‌സ് മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ വിനോദസഞ്ചാരികളെ തായ്‍ലാന്‍ഡിന്‍റെ സംസ്കാരത്തെയും സൗന്ദര്യത്തെയും പറ്റി അറിയിക്കാനും തായ്‌ലൻഡിനെ ഒരു അനുയോജ്യമായ യാത്രാ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിൻ്റെ ചുമതല. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് തായ്‍ലാന്‍ഡ്. തായ്‍ലാന്‍ഡില്‍ ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ടെങ്കിലും സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി അത്ര അറിയപ്പെടാത്ത സ്ഥലങ്ങളും അവിടെയുണ്ട്.

2024 നവംബർ 11-ന് അവസാനിക്കാനിരുന്ന ഇന്ത്യൻ യാത്രക്കാർക്കുള്ള വിസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടുമെന്ന് തായ്‌ലൻഡ് ടൂറിസം മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ 60 ദിവസത്തെ താമസം, 30 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഈ മാറ്റം ഇതിനകം തന്നെ കൂടുതൽ ഇന്ത്യക്കാരെ തായ്‌ലൻഡ് സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. സൂദിൻ്റെ പിന്തുണയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം കൂടുതൽ മെച്ചപ്പെടുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്.

തായ്ലാൻ്റിൽ കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങളെക്കുറിച്ച്.....

കോ യാവോ നോയി

ഫുക്കറ്റിനും ക്രാബിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കോ യാവോ നോയി. സ്വസ്ഥമായി സമയം ചെലവഴിക്കാന്‍ ആ​ഗ്രഹിക്കുന്ന സഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റിയ മനോഹരമായ ഒരു ദ്വീപാണ് കോ യാവോ നോയി. അതിമനോഹരമായ ബീച്ചുകൾ, പരമ്പരാഗത മത്സ്യബന്ധന ഗ്രാമങ്ങൾ, സമൃദ്ധമായ കണ്ടൽക്കാടുകൾ എന്നിവയാണ് ഈ ചെറിയ ദ്വീപിൻ്റെ സവിശേഷത. ഗ്രാമീണ തായ് ഭൂപ്രകൃതിയിലൂടെ സന്ദർശകർക്ക് കയാക്കിംഗ്, പക്ഷിനിരീക്ഷണം, സൈക്ലിംഗ് എന്നിവ ആസ്വദിക്കാനുള്ള അവസരം കൂടിയുണ്ട്.

സുഖോതായ് ചരിത്ര പാർക്ക്

ചരിത്ര പ്രേമികൾക്ക് തായ്‍ലാന്‍ഡിന്‍റെ പരമ്പരാ​ഗത കാഴ്ച്ചകൾ സമ്മാനിക്കുന്ന ഒരു സ്ഥലമാണ് സുഖോതായ് ചരിത്ര പാർക്ക്. സിയാം രാജ്യത്തിൻ്റെ ആദ്യ തലസ്ഥാനമെന്ന നിലയിൽ ഇന്നും കാത്തുസൂക്ഷിക്കുന്ന വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങളും ബുദ്ധ പ്രതിമകളും അവിടെയുണ്ട്. സുഖോത്തായിയുടെ ശാന്തമായ അന്തരീക്ഷം തായ്‌ലൻഡിൻ്റെ ചരിത്രാതീതമായ പാരമ്പര്യത്തെ അടുത്തറിയാൻ ഏറെ സഹായിക്കും. മനോഹരമായ മൈതാനങ്ങളിലൂടെ സൈക്കിൾ ചവിട്ടാനുള്ള അവസരവും സുഖോതായ് ചരിത്ര പാർക്കിലുണ്ട്.

ചിയാങ് ദാവോ

ചുണ്ണാമ്പുകല്ല് ഗുഹകൾ, ചൂട് നീരുറവകൾ, പർവത ഭൂപ്രകൃതികൾ എന്നിവയ്ക്ക് പേരുകേട്ട പ്രകൃതി സ്നേഹികളുടെ പറുദീസയാണ് ചിയാങ് ദാവോ. അലങ്കരിച്ച ഗുഹകളും ഗുഹകൾക്കുള്ളിലെ മനോഹരമായ ബുദ്ധ ആരാധനാലയങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. സാഹസികത ആ​ഗ്രഹിക്കുന്നവർക്ക് പർവതങ്ങൾ ട്രക്കിം​ഗ് നടത്താനുള്ള അവസരവുമുണ്ട്.

ഖാനോം

തെക്കൻ തായ്‌ലൻഡിലെ ശാന്തമായ തീരദേശ പട്ടണമാണ് ഖാനോം. അപൂർവ പിങ്ക് ഡോൾഫിനുകൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് ഖാനോം. ശാന്തമായ തീരവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ഉള്ള ഖനോം ബീച്ച് പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ്. ഡോൾഫിനെ കാണാനുള്ള ടൂറുകൾക്ക് അനുയോജ്യമായ അവസരവും ഇവിടെ ലഭിക്കും.

ഫു ക്രാഡുങ് നാഷണൽ പാർക്ക്

വെള്ളച്ചാട്ടങ്ങളും വൈവിധ്യമാർന്ന വന്യജീവികളെയും കാണാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു സ്ഥലമാണ് ലോയി പ്രവിശ്യയിലെ ഫു ക്രാഡുങ് നാഷണൽ പാർക്ക്. കുത്തനെയുള്ള കയറ്റങ്ങളിലൂടെ ട്രെക്കിം​ഗിനും പ്രകൃതിയിലെ മനോഹരകാഴ്ച്ചകൾ ആസ്വദിക്കാനുള്ള അവസരവും ഇവിടം നൽകുന്നു. സൂര്യോദയത്തിലും സൂര്യാസ്തമയ സമയത്തും ഈ മേഖലയിൽ സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. പ്രകൃതി സ്‌നേഹികൾക്ക് അനുയോജ്യമായ സ്ഥലമാണ് ഫു ക്രാഡുങ് നാഷണൽ പാർക്ക്.

Content Highlights: Thailand is also one of the countries where Indians can travel without a visa. Thailand has many tourist attractions, but there are also lesser known places away from the usual tourist spots

dot image
To advertise here,contact us
dot image