മെച്ചപ്പെട്ട ജോലിയും സാമ്പത്തിക സുരക്ഷിതത്വവും തേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു. ഇതിൽ പലരും അമേരിക്ക, ബ്രിട്ടൻ, കാനഡ പോലുള്ള സമ്പന്ന രാജ്യങ്ങളിലേയ്ക്കാണ് പോകുന്നത്. ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റക്കാർക്ക് എളുപ്പം എത്തിപ്പെടാവുന്ന ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (OECD) രാജ്യങ്ങളിലേക്കുള്ള 2022ലെ കുടിയേറ്റ കണക്കുകളിൽ ഇന്ത്യക്കാർ മുന്നിൽ. 2022ൽ 5.6 ലക്ഷം ഇന്ത്യക്കാരാണ് ഒഇസിഡി രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത്. മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം വളർച്ചയാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഒഇസിഡി രാജ്യങ്ങളിലേയ്ക്കുള്ള പുതിയ കുടിയേറ്റത്തിൽ 6.4 ശതമാനവും ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 3.2 ലക്ഷം ചൈനക്കാരാണ് ഇക്കാലയളവിൽ ഒഇസിഡി രാജ്യങ്ങളിലെത്തിയത്. ഒഇസിഡി രാജ്യങ്ങളിലേയ്ക്കുള്ള പുതിയ കുടിയേറ്റത്തിൽ ചൈനയുടെ പങ്കാളിത്തം 3.8 ശതമാനമാണ്.
പാരീസിൽ വ്യാഴാഴ്ച പുറത്തിറക്കിയ ഇൻ്റർനാഷണൽ മൈഗ്രേഷൻ ഔട്ട്‌ലുക്ക് 2024ലാണ് ഇത് സംബന്ധിച്ച വിശദമായ കണക്കുകളുള്ളത്. 2022 ബ്രിട്ടനിലെത്തിയത് 1.12 ലക്ഷം ഇന്ത്യക്കാരാണ്. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 2021ലെ കുടിയേറ്റത്തിൻ്റെ ഇരട്ടിയാണ്. 1.25 ലക്ഷം ഇന്ത്യക്കാരാണ് 2022ൽ യുഎസിലേക്ക് കുടിയേറിയത്. ഇത് മുൻവർഷത്തെക്കാൾ 35 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ കാനഡയിലേയ്ക്കുള്ള കുടിയേറ്റം മുൻ വർഷത്തെക്കാൾ 8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 1.18 ലക്ഷം ഇന്ത്യക്കാരാണ് 2022ൽ കാനഡയിലെത്തിയത്. ഈ രാജ്യങ്ങളിലേയ്ക്ക് ഇന്ത്യക്കാർ പ്രധാനമായും തൊഴിലുമായി ബന്ധപ്പെട്ട സാധ്യതകളിലൂടെയാണ് കുടിയേറുന്നത്, പലപ്പോഴും പ്രധാന അപേക്ഷകരായോ അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്ന നിലയിലോ ആണ് ഈ കുടിയേറ്റങ്ങളിലധികവും.
കൊവിഡുമായി ബന്ധപ്പെട്ട രണ്ട് വർഷത്ത നിയന്ത്രണങ്ങൾക്ക് ശേഷം ചൈനയിൽ നിന്നുള്ള കുടിയേറ്റത്തിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഒഇസിഡി അംഗരാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തിലധികം ചൈനക്കാരാണ് 2022ൽ കുടിയേറിയത്. മുൻവർഷത്തേക്കാൾ 13% വർധനവാണിത്. അമേരിക്കയിലേയ്ക്കുള്ള ചൈനക്കാരുടെ കുടിയേറ്റത്തിലാണ് വൻകുതിച്ചു ചാട്ടം ഉണ്ടായത്. അമേരിക്കയിലേയ്ക്കുള്ള ചൈനീസ് കുടിയേറ്റം 37 ശതമാനമാണ് കുതിച്ചുയർന്നത്. 2022ൽ 68,000 ചൈനക്കാരാണ് പുതിയതായി അമേരിക്കയിൽ എത്തിയത്. ഇതോടെ കുടിയേറ്റ നിരക്ക് പാൻഡെമിക്കിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നിലുള്ളത് റഷ്യയും റൊമാനിയയുമാണ് . 2.7 ലക്ഷം പുതിയ കുടിയേറ്റക്കാരാണ് 2022ൽ ഒഇസിഡി രാജ്യങ്ങളിലേയ്ക്ക് എത്തിയത്. തുർക്കി, ഇസ്രായേൽ, ജർമ്മനി എന്നീ രാജ്യങ്ങളാണ് റഷ്യൻ കുടിയേറ്റക്കാർ ഏറ്റവും കൂടുതലായി തിരഞ്ഞെടുത്ത ഒഇസിഡി രാജ്യങ്ങൾ. റൊമാനിയക്കാരാകട്ടെ പ്രധാനമായും ജർമ്മനി, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലേക്കാണ് പോയത്.
അമേരിക്കയും കാനഡയും ബ്രിട്ടനുമെല്ലാം കുടിയേറ്റവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വരുംവർഷങ്ങളിൽ വിദേശ കുടിയേറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്. അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റ തൊഴിൽ വിസകളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയും അടുത്ത മൂന്ന് വർഷത്തേക്ക് കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ബ്രിട്ടനും സമാനമായ നയസമീപനങ്ങൾ നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്.
2022-ൽ, 1.9 ലക്ഷത്തിലധികം ഇന്ത്യക്കാർ ഏതെങ്കിലും ഒരു ഒഇസിഡി രാജ്യത്തിൻ്റെ പൗരത്വം സ്വീകരിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 40 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് അടയാളപ്പെടുത്തിയത്. കനേഡിയൻ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവാണ് ഇതിന് കാരണം. മൊത്തം 60,000 ഇന്ത്യക്കാരാണ് 2022ൽ കനേഡിയൻ പൗരത്വം സ്വീകരിച്ചത്. 2023-ൽ ഈ കണക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തുന്നത്. 2022-ൽ ഒഇസിഡി രാജ്യങ്ങളിൽ പൗരത്വം നേടിയവരിൽ രണ്ടാമത് സിറിയക്കാരാണ്. 1.34 ലക്ഷം പൗരന്മാരാണ് 2022ൽ പൗരത്വം നേടിയത്. 2021നെ അപേക്ഷിച്ച് 28 ശതമാനം വർധനവായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 1.21 ലക്ഷം മൊറോക്കൻ പൗരന്മാർ സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ പൗരത്വം നേടി. മെക്‌സിക്കോക്കാർ വലിയ തോതിൽ അമേരിക്കൻ പൗരത്വവും നേടി.
Content Highlights: 5-6 lakh indians migrated to rich oecd countries in 2022