ഡൽഹി മെട്രോ റെയിൽ ഉപഭോക്താക്കൾക്കായി പുതിയ ബൈക്ക് ടാക്‌സി സർവീസ് ആംരഭിച്ച് ഡിഎംആർസി. ഡൽഹി മെട്രോ ആപ്പായ ഡൽഹി സാരതി 2.0 വഴിയാണ് ബൈക്ക് ടാക്‌സികൾ ബുക്ക് ചെയ്യാൻ സാധിക്കുക. സ്ത്രീകൾക്കായി പ്രത്യേക ബൈക്ക് ടാക്‌സി സൗകര്യവും പുതിയ ഫീച്ചറിൽ ഉപയോഗിക്കുന്നുണ്ട്.
ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഡിഎംആർസി പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. നവംബർ 11 ന് ഔദ്യോഗികമായി ആരംഭിച്ച പദ്ധതി ഡിഎംആർസി മാനേജിംഗ് ഡയറക്ടർ വികാസ് കുമാർ ആണ് ഉദ്ഘാടനം ചെയ്തത്.
മെട്രോ സേവനങ്ങൾ ബുക്ക് ചെയ്യുന്ന അതേ ആപ്പ് വഴി തന്നെ ബൈക്ക് ടാക്‌സിയും ബുക്ക് ചെയ്യാൻ സാധിക്കും സേവനങ്ങൾക്ക് ഒന്നിലധികം ആപ്പുകൾ ഉപയോഗിച്ച് ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്ന് ബൈക്ക് ടാക്‌സിയുടെ ലോഞ്ചിന് പിന്നാലെ ഡിഎംആർസി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.സ്ത്രീ യാത്രക്കാർക്ക് മാത്രമായി ഷീറൈഡ്‌സ് (SHERYDS ) എന്ന ഓപ്ഷനും എല്ലാ യാത്രക്കാർക്കുമായി റൈഡർ (RYDR) എന്ന ഓപ്ഷനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഷീറൈഡ്‌സ് ഉപയോഗിക്കുന്നതിനായി വനിതാ ബൈക്ക് റൈഡർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ഇലക്ട്രിക് ബൈക്കുകളാണ് ടാക്‌സിയായി ഉപയോഗിക്കുന്നത്, GPS ട്രാക്കിങും ബൈക്കിൽ ഉപയോഗിച്ചിട്ടുണ്ട്. 10 രൂപ മുതലാണ് ബൈക്ക് ടാക്‌സിയുടെ നിരക്ക് ആരംഭിക്കുന്നത്. ആദ്യത്തെ 2 കിലോമീറ്ററിന് 10 രൂപയും അതിന് ശേഷമുള്ള ഓരോ കിലോ മീറ്ററിനും 8 രൂപയുമാണ് ചാർജ്. മെട്രോ സ്റ്റേഷനുകളുടെ 3 മുതൽ 5 കിലോമീറ്റർ ചുറ്റളവിലാണ് ബൈക്ക് ടാക്‌സിയുടെ സർവീസ് നടക്കുക.
സ്ത്രീകൾക്ക് തൊഴിലവസരം ഉണ്ടാക്കാനും, വനിതാ യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗതം ഉറപ്പുവരുത്താനും പൊതുഗതാഗതത്തിന് പരിസ്ഥിതി സൗഹൃദ ബദൽ നിർമിക്കാനുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിഎംആർസി വ്യക്തമാക്കി. ഡൽഹി മെട്രോ ഉപയോഗിക്കുന്ന ആർക്കും ബൈക്ക് ടാക്‌സി സർവീസ് ഉപയോഗിക്കാൻ സാധിക്കും.
ദ്വാരക സെക്ടർ-21, ദ്വാരക സെക്ടർ-10, ദ്വാരക സെക്ടർ-14, ദ്വാരക മോർ, ജനക്പുരി വെസ്റ്റ്, ഉത്തം നഗർ ഈസ്റ്റ്, രജൗരി ഗാർഡൻ, സുഭാഷ് നഗർ, കീർത്തി നഗർ, കരോൾ ബാഗ്, മില്ലേനിയം സിറ്റി സെന്റർ, ഗുരുഗ്രാം ബ്രിഡ്ജ് തുടങ്ങി 12 മെട്രോ സ്റ്റേഷനുകളിലാണ് നിലവിൽ ബൈക്ക് ടാക്സി സേവനം ലഭ്യമാകുന്നത്. രാവിലെ 8 മുതൽ രാത്രി 9 വരെ ആണ് ബൈക്ക് ടാക്സി സേവനം ലഭിക്കുക.
നിലവിൽ 50 ഷീറൈഡ്‌സും 150 റൈഡേർസുമാണ് ബൈക്ക് ടാക്‌സിയായി ഓടുന്നത് ഒരു മാസത്തിനുള്ള മെട്രോയിലെ 100 സ്റ്റേഷനുകളിലേക്ക് ബൈക്ക് ടാക്സി സേവനം വർധിപ്പിക്കാനും മൂന്ന് മാസത്തിനുള്ളിൽ 250 സ്റ്റേഷനുകളിലായി 1000 ബൈക്ക് റൈഡർമാരെ എത്തിക്കാനുമാണ് ഡിഎംആർസി പദ്ധതിയിടുന്നത്.
Content Highlights: Bike taxi service in Delhi metros Special service for women only