ഡിസംബർ ഇങ്ങെത്തി കഴിഞ്ഞു. ക്രിസ്മസ് അവധിക്ക് ട്രിപ്പ് പോകാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ എങ്കിൽ ഈ സ്ഥലങ്ങളെ പറ്റി അറിഞ്ഞിരിക്കണം. കേരളത്തിൽ ആളുകൾ കൂടുതലും യാത്ര ചെയ്യുന്ന ഒരു സമയമാണ് ക്രിസ്മസ് ന്യൂ ഇയർ സമയങ്ങൾ. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പലരും മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. തണുപ്പ് തുടങ്ങിയതോടെ മൂന്നാര്‍ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ടുവരാൻ ഏറ്റവും പറ്റിയ സമയം കൂടിയാണ് ഡിസംബർ മാസം.
ഈ ഡിസംബർ മാസത്തിൽ വ്യത്യസ്തമായ ഒട്ടേറെ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും എത്തിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളൊക്കെ കഴിഞ്ഞ് വർഷാവസാന യാത്രകൾ എങ്ങോട്ട് പ്ലാൻ ചെയ്യണം എന്നാലോചിക്കുന്നവർക്ക് ഒരുത്തരവുമായാണ് പാറശ്ശാല കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വന്നിരിക്കുന്നത്. പമ്പയിലേയ്ക്കുള്ള യാത്രമുതൽ മുതൽ ആലപ്പുഴയിലെ ബോട്ട് യാത്ര വരെ ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കൊല്ലം ഹൗസ് ബോട്ട് യാത്രയോടെ ഡിസംബർ 7-ാം തിയതിയാണ് പാറശ്ശാല കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസംബർ യാത്രകൾ ആരംഭിക്കുന്നത്. കൊല്ലത്ത് ഹൗസ് ബോട്ടിൽ ഒരു ദിവസം ചെലവഴിക്കാനുള്ള അവസരമാണിത്. ഹൗസ് ബോട്ടിൽ അതിമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ കണ്ടുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. 1590 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം കാണാനാഗ്രഹിക്കുന്നവർക്കായി പാറശ്ശാലയിൽ നിന്നും ഏകദിന തീർത്ഥാടന യാത്രയും ഡിസംബറിൽ സംഘടിപ്പിക്കുന്നുണ്ട്. ഒരുപാട് വിശ്വാസങ്ങളും ആചാരങ്ങളമുള്ള അമ്പലപ്പുഴ ക്ഷേത്രം ആലപ്പുഴയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഡിസംബർ 14 ന് പോയി അന്ന് തന്നെ മടങ്ങിയെത്തുന്ന ഈ യാത്രയ്ക്ക് 780 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
ശബരിമല അയ്യപ്പനുമായി ബന്ധമുള്ള ക്ഷേത്രങ്ങൾ കാണാനുള്ള പാക്കേജും പാറശ്ശാലയിൽ നിന്നുണ്ട്. കുളത്തൂപ്പുഴ ശ്രീ ധർമശാസ്താക്ഷേത്രം,ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം, അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രം, പന്തളം വലിയ കോയിക്കൽ ക്ഷേത്രം എന്നിവിടങ്ങൾ കണ്ടുവരുന്ന യാത്രയാണിത്. അയ്യപ്പൻ തൻ്റെ ജീവിതത്തിലെ ഓരോ പ്രധാന കാലവും ചെലവഴിച്ച ഇടങ്ങൾ ആണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. ഡിസംബർ 15 ന് പോയി വരുന്ന യാത്രയ്ക്ക് 920 രൂപയാണ് നിരക്ക്.
ഡിസംബറിലെ യാത്രകൾ കുറച്ച് സാഹസികമാക്കണമെങ്കിൽ അതിനും ഒരു പാക്കേജുണ്ട്. കോന്നി, അടവി, കുംഭാവരട്ടി എന്നീ മൂന്നിടങ്ങൾ കണ്ടുവരുന്ന യാത്രയാണിത്. പത്തനംതിട്ടയിലെ കോന്നി ആനക്കൂട്, അടവിയിൽ കുട്ടവഞ്ചി സവാരി, കുംഭാവരട്ടി വെള്ളച്ചാട്ടം എന്നിവയാണ് കാണാനുള്ളത്. ഡിസംബർ 21 ന് പോകുന്ന ഈ ഏകദിന യാത്രയ്ക്ക് 870 രൂപയാണ് നിരക്ക്.
തിരുവനന്തപുരത്ത് നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടവും മലക്കപ്പാറയിലേക്കുള്ള കാനനയാത്രയും ഉൾപ്പെടുത്തി മറ്റൊരു പാക്കേജും പാറശ്ശാലയിൽ നിന്ന് ഒരുക്കുന്നുണ്ട്. രണ്ടുദിവസം നീണ്ടു നിൽക്കുന്ന, ഡിസംബര്‍ 23 ന് പുറപ്പെടുന്ന അതിരപ്പിള്ളി- മലക്കപ്പാറ പാക്കേജിന് 1760 രൂപയാണ് നിരക്ക്. ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞ് ഒരു യാത്ര പോകാൻ താല്പര്യമുള്ളവർക്കായി മാമലക്കണ്ടം, മൂന്നാർ യാത്രയുമുണ്ട്. മാമലക്കണ്ടം കൂടി സന്ദർശിച്ച് മടക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 26 ന് പോകുന്ന മാമലക്കണ്ടം- മൂന്നാർ യാത്രയ്ക്ക് 2060 രൂപയണ് നിരക്ക്. ഡിസംബർ 22 ന് ആലപ്പുഴ ബോട്ടിങ് ഏകദിന യാത്രക്ക് 1310 രൂപയും ഡിസംബർ 27 ന് ഇലവീഴാപൂഞ്ചിറ യാത്രക്ക് 1000 രൂപയും ഡിസംബർ 30 ന് ഏകദിന കപ്പൽ യാത്രക്ക് 4250 രൂപ എന്നിങ്ങനെയാണ് പാറശ്ശാലയിൽ നിന്ന് ഡിസംബറിലുള്ള പാക്കേജുകൾ.
Content Highlights: KSRTC Budget Tourism Cell has also come up with many different itineraries in this month of December. Parassala KSRTC Budget Tourism Cell has come up with an idea for those who are wondering where to plan their year-end trips after the Christmas celebrations